ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പറിനായി തിരയരുത്: മുന്നറിയിപ്പുമായി പൊലീസ്

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പറിനായി ഗൂഗിളില്‍ തിരയരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്.

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച്‌ പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്.

കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്ബര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ കസ്റ്റമര്‍ സെന്റര്‍ നമ്ബര്‍ കണ്ടെത്താനാണ് പൊലീസ് നിര്‍ദേശത്തിലുള്ളത്.

ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണെന്നും പൊലീസ് പറയുന്നു. ഗൂഗിളില്‍ നിന്ന് ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് ലഭിച്ച ‘കസ്റ്റമര്‍ കെയര്‍ നമ്ബറി’ല്‍ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടമായത്. ‘കസ്റ്റമര്‍ കെയറി’ല്‍നിന്ന് നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡ് നമ്ബറും നല്‍കിയതോടെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.

ഗൂഗിളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോദിച്ചാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m