വിദ്യാഭ്യാസ സമ്പ്രദായം പുതിയ വഴിത്തിരിവിലേക്ക് : ഫ്രാൻസിസ് പാപ്പ

ആഗോള വിദ്യാഭാസ ഉടമ്പടി സംഗമത്തിൽ ഫ്രാൻസിസ് പാപ്പാ പങ്കുവെച്ച ചിന്തകൾ ശ്രദ്ധേയമാകുന്നു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൽ യൂണിവേഴ്സിറ്റിയുടെ വേദിയിൽ ഒക്ടോബർ പതിനഞ്ചാം തിയ്യതി. വ്യാഴാഴ്ച ചേർന്ന വിദ്യാഭാസ പ്രവർത്തകരുടെ പ്രതിനിധി സംഘത്തെയും മറ്റു രാജ്യങ്ങളിലുള്ളവരെയും ഒരു വീഡിയോ കോൺഫെറൻസിലൂടെ സംയോജിച്ചുകൊണ്ടാണ് പാപ്പാ അഭിസംബോധന ചെയ്തത്. വത്തിക്കാനിൽ സംഘടിപ്പിച്ച ആഗോള കത്തോലിക്കാ വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമത്തിൽ, 2020  ഫെബ്രുവരി മാസത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ആഗോള വിദ്യാഭ്യാസ ഉടമ്പടി. മാറിയ സാമൂഹിക സാഹചര്യവും കോറോണയും വിദ്യാഭ്യാസ സമ്പ്രദായത്തെ സാരമായി ബാധിക്കുന്നതിനെപ്പറ്റിയും നവവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആവശ്യകതയെപ്പറ്റിയും ഒക്ടോബർ പതിനഞ്ചാം  തിയ്യതി നടന്ന സമ്മേളനത്തിൽ ഗഹനമായ പഠനം നടത്തിയിരുന്നു.

ആഗോളതലത്തിൽ എല്ലാ മേഖലകളെയും കൊറോണയെന്ന മഹാമാരി നിക്ഷേധാത്മകമായി  ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് താളപ്പിഴകൾ സംഭവിച്ചു കഴിഞ്ഞു. നിരവധി വിദ്യാർഥികൾക്ക് പലരാജ്യങ്ങളിൽ നിന്നും വിദ്യാഭ്യാസമുപേക്ഷിച്ച് പോവേണ്ടതായി വന്നിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ വിദ്യാഭ്യാസ മേഖലയെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാങ്കേതിക മേഖലയിൽ ഓരോ രാജ്യത്തും സമൂഹങ്ങളിലുമുള്ള അന്തരങ്ങളും അസമത്വങ്ങളും ഒരു ബാലികേറാ മലയായി അവശേഷിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് സംഭവിച്ച ഒരു മഹാദുരന്തമാണ് രാജ്യത്തെ വിദ്യാഭ്യാസ ഏജൻസികളുടെ അഭിപ്രായത്തിൽ ഈ മഹാമാരി, അതിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് ഏകദേശം 25  കോടിയോളം കുട്ടികളാണ് മഹാമാരിയുട കാലത്ത് വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളപ്പെട്ടത് എന്നാണ്.

നൂതനമായ വിദ്യാഭ്യാസ സംരംഭം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആഗോള വിദ്യാഭ്യാസ സംഗമത്തിൽ മാർപ്പാപ്പ തന്റെ വീഡിയോ കോൺഫെറൻസ് സന്ദേശത്തിൽ അറിയിച്ചു. കൊറോണ വൈറസ്ബാധ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും മുരടിപ്പിച്ചുവെന്നും, ആരോഗ്യത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും മേഖലകളെ തച്ചുടക്കാൻ കാരണമായെന്നും കൂട്ടിച്ചേർത്ത മാർപാപ്പ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളും ഉൾകൊണ്ട് നവമായൊരു വിദ്യാഭ്യാസ- സാംസ്കാരിക മാതൃക സൃഷ്ടിക്കണമെന്നും അഭിപ്രായപ്പെട്ടു.  മാർപാപ്പയുടെ വീഡിയോ കോൺഫെറൻസ് സന്ദേശം ലോകശ്രദ്ധ പിടിച്ചുപറ്റിയതായി വത്തിക്കാൻ മാധ്യമങ്ങൾ പ്രസ്ഥാപിക്കുന്നുണ്ട്.