അന്താരാഷ്ട്ര ബഹിരാകാശ നിലയം തകര്‍ക്കാനും ഇലോണ്‍ മസ്ക്; സ്പേസ് എക്സ് ഏറ്റെടുത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യം

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കാനും ശതകോടീശ്വരൻ ഇലോണ്‍ മസ്ക്. കാലവധി പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നശിപ്പിക്കാനുള്ള കരാർ സ്പേസ് എക്സ് സ്വന്തമാക്കി.

ദൗത്യത്തിനായി 843 ദശലക്ഷം ഡോളർ വരെ സ്പേസ് എക്സിന് നല്‍കുമെന്ന് ജൂണ്‍ 26-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ നാസ വ്യക്തമാക്കി.

പ്രായമേറുന്നതിനാല്‍ രാജ്യാന്തര നിലയം 2031 ല്‍ തിരിച്ചിറക്കുമെന്ന് കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998 ല്‍ റഷ്യയുടെ പ്രോട്ടോണ്‍ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിച്ചത്. 430 ടണ്ണോളം ഭാരം വരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടുകയാണ് ലക്ഷ്യം. അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ അഗ്നിക്കിരയാകുന്ന നിലയത്തിന്റെ അവശിഷ്ടങ്ങള്‍ കൃത്യമായി പസിഫിക് സമുദ്രത്തില്‍ തള്ളുകയാണ് ശ്രമകരമായ ദൗത്യം. ഇതിനായി കരുത്തുള്ള വാഹനം കമ്ബനി നിർമിക്കും.

അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നശിപ്പിക്കേണ്ടത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്ബോള്‍ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തില്‍ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു വാസയോഗ്യമായ കൃത്രിമ ഉപഗ്രഹമാണ് അന്തർദേശീയ ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും പിന്നെ പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേത്യത്വം കൊടുക്കുന്നത്. പ്രതിദിനം 15.7 ഭ്രമണങ്ങള്‍ പൂർത്തിയാക്കുന്ന ഇത് 330 കിലോമീറ്ററിനും 410 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിക്കുന്നത്.

ഭൂഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്.റഷ്യയുടെ പ്രോട്ടോണ്‍,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്. വർഷങ്ങളെടുത്ത് വിവിധ മോഡ്യൂളുകളായി കൂട്ടിച്ചേർത്ത് നിർമിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഏകദേശം 430000 കിലോഗ്രാം ഭാരവുമുണ്ട്. ബഹിരാകാശത്ത് മനുഷ്യരുണ്ടാക്കിയ ഏറ്റവും വലിയ നിർമിതിയാണിത്.

1998-ല്‍ വിക്ഷേപിച്ച നിലയത്തില്‍ 2000 മുതല്‍ സ്ഥിരമായ മനുഷ്യ സാന്നിധ്യമുണ്ട്. യഥാർത്ഥത്തില്‍ 15 വർഷം വരെ പ്രവർത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 2028 ല്‍ ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാനാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തീരുമാനം. 2030 വരെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്നും അതുവരെ പ്രവർത്തനം തുടരാനുമാണ് നാസയുടെ പദ്ധതി.

ഓരോ ഘട്ടങ്ങളായാവും ബഹിരാകാശ നിലയം അന്തരീക്ഷത്തില്‍ തകരുക. സൗരോർജ പാനലുകളും, റേഡിയേറ്ററുകളും ആദ്യം തന്നെ വേർപെടും. രണ്ടാം ഘട്ടത്തില്‍ നിലയത്തിന്റെ നട്ടെല്ലെന്നറിയപ്പെടുന്ന ട്രസില്‍ നിന്നും വിവിധ മോഡ്യൂളുകള്‍ വേർപെടും. ക്രമേണ ഇവയുടെ പ്രധാനഭാഗങ്ങള്‍ കത്തിയമരും. വലിയ ഭാഗങ്ങള്‍ നശിക്കാതെ സമുദ്രത്തില്‍ പതിക്കും. ഈ അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് വന്ന് വീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്. കരയില്‍ നിന്ന് 2700 കീലോമീറ്റർ ദൂരുപരിധിയിലുള്ള ഈ സമുദ്രഭാഗം ബഹിരാകാശ ശ്മശാനം എന്നാണ് അറിയപ്പെടുന്നത്. പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളും മറ്റ് മനുഷ്യ നിർമിത ബഹിരാകാശ അവശിഷ്ടങ്ങളും വന്ന് പതിക്കാറുള്ളത് ഇവിടെയാണ്. മാത്രവുമല്ല ഈ മേഖലയില്‍ ചരക്കുനീക്കം ഉള്‍പ്പടെയുള്ള മനുഷ്യന്റെ ഇടപെടല്‍ ഒട്ടുമില്ലാത്ത ഇടമാണ്.

പ്രവർത്തനം അവസാനിപ്പിക്കുന്ന ബഹിരാകാശ നിലയത്തെ ഉപേക്ഷിക്കാൻ പല വഴികള്‍ നാസ പരിഗണിച്ചിരുന്നു. എന്നാല്‍ നിലയത്തെ സുരക്ഷിതമായി ഭൗമാന്തരീക്ഷത്തിലെത്തിച്ച്‌ തകർത്തുകളയാനാണ് തീരുമാനിച്ചത്.ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ക്കും ഭാവി ദൗത്യങ്ങള്‍ക്കും ഭീഷണി ആകാതിരിക്കാൻ ആ മാർഗമാണ് ഉചിതം. ഇപ്പോള്‍ ഉപയോഗത്തിലുള്ള പല ഉപഗ്രഹങ്ങളും നിശ്ചിത കാലം കഴിഞ്ഞാല്‍ ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച്‌ തകർത്തുകളയാനുള്ള സംവിധാനങ്ങളോടു കൂടിയതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group