ചൈന സന്ദർശിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ

ചൈനീസ് കത്തോലിക്കർക്ക് പ്രത്യാശയുടെ സന്ദേശം പകർന്ന് ഫ്രാൻസിസ് മാർപാപ്പ. ജെസ്യൂട്ട് സമൂഹത്തിന്റെ ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടർ ഫാദർ പെഡ്രോ ചിയയുമായി വത്തിക്കാനിൽ നടത്തിയ അഭിമുഖത്തിൽ, ചൈനയിലേയ്ക്ക് ഒരു അപ്പസ്തോലിക സന്ദർശനം നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ വെളിപ്പെടുത്തി. ഓഗസ്റ്റ് ഒമ്പതിന് പുറത്തിറക്കിയ അഭിമുഖത്തിൽ ചൈനയിലെ ഷാങ്ഹായിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ ബസിലിക്കയും രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദർശിക്കാൻ പാപ്പ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

” ചൈനീസ് ജനത തീർച്ചയായും വിശ്വസ്തരായ ഒരു ജനതയാണ്. അവർ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തരായി തുടരുന്നു. ചൈനീസ് ജനത ഒരു മഹത്തായ പൈതൃകം പിന്തുടരുന്നവരാണ്. ഈ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത് കൈമാറുകയും ചെയ്യുക.” മാർപാപ്പ കൂട്ടിച്ചേർത്തു.

“ആത്മീയ വ്യായാമങ്ങളിലൂടെയും വിവേചനത്തിലൂടെയും ദൈവത്തിലേക്കുള്ള വഴി കാണിക്കുക. അനുരഞ്ജനത്തിന്റെയും നീതിയുടെയും ദൗത്യത്തിൽ പാവങ്ങളോടൊപ്പം നടക്കുക. ഒപ്പം പ്രതീക്ഷകൾ നിറഞ്ഞ ഭാവി സൃഷ്ടിക്കുന്നതിൽ യുവജനങ്ങളെ അനുഗമിക്കുകയും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുകയും ചെയ്യുക.“ ജെസ്യൂട്ട് സന്യാസ സമൂഹത്തിൽപ്പെട്ട മാർപാപ്പ ചൈനയിലെ ഈശോസഭയിലെ വൈദികരോട് പറഞ്ഞു.

അഭിമുഖത്തിനൊടുവിൽ ഫ്രാൻസിസ് പാപ്പ ചൈനീസ് ജനതയെ അനുഗ്രഹിക്കുകയും ഷാങ്ഹായിലെ മാതാവിന്റെ മാധ്യസ്ഥത്തിനായി പ്രാർഥിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ സഹായ മാതാവിന്റെ തിരുനാളായ മെയ് 24-ന് നടത്തിയ ഈ അഭിമുഖം ഓഗസ്റ്റ് ഒമ്പതിനാണ് റിലീസ് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m