കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്.
റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാല്‍ റിപ്പോർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സജിമോൻ പാറയിലിൻ്റെ ഹർജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റിപ്പോർട്ട് ഹർജികാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയില്‍ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തു പോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങള്‍ വിവരാവകാശ കമ്മീഷൻ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നല്‍കിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിഷയം എന്ന് ചൂണ്ടിക്കാട്ടി റിപോർട്ട് പുറത്തുവിടില്ലെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. നടി ആക്രമിക്കപ്പെട്ടത്തിന് പിന്നാലെയായിരുന്നു സ്ത്രീകള്‍ സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകള്‍ നിർണായക വിവരങ്ങള്‍ അടക്കം കമ്മീഷന് കൈമാറിയിരുന്നു. റിപോർട്ട് സർക്കാരിന് കൈമാറി നാലര വർഷത്തിന് ശേഷമാണ് പുറത്തുവിടാനുള്ള സാഹചര്യം ഒരുങ്ങിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group