തിരുവനന്തപുരം: വർത്തമാന കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറയെ സജ്ജരാക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ സംഘടിപ്പിക്കപ്പെടുന്ന നൈപുണ്യ വികസന കരിയര്‍ ആസൂത്രണ സെന്ററുകളുടെ ആദ്യത്തെ ഗ്രൂപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി (Minister R. Bindu). ഇത്തരത്തില്‍ യുവതലമുറയെ പ്രാപ്തമാക്കുവാന്‍ പാഠ്യപദ്ധതി പരിഷ്‌ക്കാരം അടക്കം കേരളത്തില്‍ നടപ്പാക്കിവരുകയാണ്. പുതിയ പാഠ്യപദ്ധതി യുവാക്കളെ ശാക്തീകരിക്കുക മാത്രമല്ല, ആധുനിക സമ്ബത്ത് വ്യവസ്ഥയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വിദഗ്ധരും കഴിവുറ്റവരുമായി പരുവപ്പെടുത്തുകയും ഇന്നവേഷനും ഗവേഷണത്തിനും അവരെ പ്രോഹത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ മാതൃകാ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കേരള സര്‍ക്കാര്‍ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി നാസ്‌കോമും മറ്റ് ആഗോള കമ്ബനികളുമായും ഐടി വ്യവസായ സ്ഥാപനങ്ങളുമായും സർക്കാർ പങ്കാളികളുമായും ശക്തമായ പ്രവർത്തന പങ്കാളിത്തമുള്ള ഐ.സി.ടി.എ.കെ.-യെ കേരള സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. നൈപുണ്യ പരിശീലനം, മൂല്യനിർണ്ണയം, സർട്ടിഫിക്കേഷൻ, ഇൻ്റേണ്‍ഷിപ്പുകള്‍, ഐടി സ്ഥാപന പരിശീലനം, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്നതിനായി കേരളത്തിലെ ആർട്സ് ആൻഡ് സയൻസ്, എഞ്ചിനീയറിംഗ് ഉള്‍പ്പെടെ 111 കോളേജുകളുമായി ഐ.സി.ടി.എ.കെ. ധാരണയില്‍ എത്തിയിട്ടുണ്ട്.
വിദ്യാഭ്യാസവും തൊഴില്‍ രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിന് നൈപുണ്യ വികസന കരിയര്‍ ആസൂത്രണ സെന്ററുകളുടെ പ്രാധാന്യത്തെ കുറിച്ച് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ സി.ഇ.ഒ ശ്രീ. മുരളീധരന്‍ മന്നിങ്കല്‍ അഭിപ്രായപ്പെട്ടു. ഐ.സി.ടി അക്കാദമിയുടെ റീജണല്‍ മാനേജര്‍ ഡോ. ദീപ വി.ടി., ഡോ. രാജന്‍ വര്‍ഗീസ് (മെമ്ബര്‍ സെക്രട്ടറി, ഹയര്‍ എജൂക്കേഷന്‍ കൗണ്‍സില്‍), ഡോ. സുധീന്ദ്രന്‍ കെ. (റിസര്‍ച്ച് ഓഫീസര്‍, ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍), സിന്‍ജിത്ത് എസ്. (റീജണല്‍ മാനേജര്‍, ഐ.സി.ടി. അക്കാദമി ഓഫ് കേരള) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group