പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവം: പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം കണ്ടെത്തിയ കേസില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്.

ആസൂത്രണം നടത്തിയയാളെ കണ്ടെത്തിയെങ്കിലും ആള്‍മാറാട്ടം നടത്തിയയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നേമം സ്വദേശി അമല്‍ജിത്തിന് വേണ്ടിയാണ് ആള്‍മാറാട്ടം നടന്നത്. പി.എസ്.സിയുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

ഇന്നലെ പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തില്‍ അമല്‍ജിത്ത് എ എന്ന പേരിലാണ് ഒരാള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.

പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികളുടെ വിരല്‍ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാള്‍ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇരുവരും ഒളിവിലാണ്. അമല്‍ജിത്തിനെ പിടികൂടിയാല്‍ മാത്രമേ ആള്‍മാറാട്ടം നടത്തിയയാളെ കണ്ടെത്താനാവൂ എന്നും പൊലീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group