മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ പ്രതിഷേധാര്‍ഹം : ചങ്ങനാശ്ശേരി അതിരൂപത

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്‍കുന്നത് സംബന്ധിച്ച് മാര്‍ തോമസ് തറയില്‍ പിതാവിനെതിരെ ഷൈജു ആന്‍റണിയുടെ ശബ്ദരേഖക്ക് മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത.

പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന്
ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്‍കുന്നത് സംബന്ധിച്ച് സീറോ മലബാര്‍ സിനഡില്‍ നടന്നതായി പറയുന്ന ചര്‍ച്ചകളെ കുറിച്ച് പ്രചരിക്കുന്ന ഷൈജു ആന്‍റണിയുടെ ശബ്ദരേഖക്ക് പ്രസ്താവനയിലൂടെ ശക്തമായ ഭാഷയിലാണ് രൂപത മറുപടി നൽകിയിരിക്കുന്നത്.

മാര്‍ തോമസ് തറയില്‍ പിതാവ് എറണാകുളത്തെ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് സിനഡില്‍ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചു എന്നു വ്യാജമായി പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരെ വിദ്വേഷം വളര്‍ത്താനുള്ള പരിശ്രമമായാണ് ശബ്ദരേഖയെ കണക്കാക്കുന്നതെന്ന് രൂപത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം തിരുപട്ടം നല്‍കാന്‍ ഏറ്റവും സഹായകരമായ നിലപാടാണ് സിനഡ് സ്വീകരിച്ചത്. എന്നിട്ടും ഏതാനും ചില മെത്രാന്മാരെ ശത്രുപക്ഷത്ത് നിര്‍ത്തി അവര്‍ക്കെതിരെ വികാരം ആളിക്കത്തിച്ച് വെറുപ്പിന്‍റെ വ്യാപാരികളാകുകയാണ് ഒരു വിഭാഗമെന്നും രൂപത ആരോപ്പിക്കുന്നു. അസത്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ വിശ്വാസികളെ സമരത്തിനിറക്കാന്‍ സാധിക്കൂ എന്ന ചിന്തയിലാവാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സഭയില്‍ വിദ്വേഷം വളര്‍ത്തുവാനും അന്തശ്ചിദ്രം ഉളവാക്കാനും ഉള്ള നീക്കമായേ ഇതിനെ കാണാന്‍ സാധിക്കൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സീറോമലബാര്‍ സിനഡില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയ ഒരാള്‍ എന്ന വിധത്തിലാണ് ഷൈജു ആന്‍റണി സംസാരിച്ചിരിക്കുന്നത്. അഭിവന്ദ്യ തോമസ് തറയില്‍ പിതാവിനെപ്പറ്റി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നവെന്നും ആക്ഷേപങ്ങള്‍ വ്യക്തിഹത്യനിറഞ്ഞതും അപകീര്‍ത്തിപരവും വിഭാഗീയതയും സ്പര്‍ദ്ധയും സൃഷ്ടിക്കുന്നതും നിയമവിരുദ്ധവുമാണെന്നും രൂപത ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group