പത്തനംതിട്ടക്കാര്‍ക്കായി ജോലി നല്‍കാന്‍ ജോബ് സ്റ്റേഷന്‍; എല്ലാവര്‍ക്കും തൊഴില്‍ ലക്ഷ്യം: വീണ ജോര്‍ജ്

അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ ഉള്ള തീവ്രയത്‌ന പരിപാടിയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആറന്മുള മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ല്‍ മുന്നോട്ടു വച്ച ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ ജില്ലയില്‍ 5000 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്നതിന് വിവിധ തൊഴില്‍ദാതക്കളെ കൂട്ടിച്ചേര്‍ത്തു ക്രിയാത്മകമായ ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്‍ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ആണ്. തൊഴില്‍ എന്ന ലക്ഷ്യം നേടാന്‍ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധര്‍, കെ.ബി ശശിധരന്‍പിള്ള, സി.എസ് ബിനോയ്, വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജോബ് സ്റ്റേഷനില്‍ അപേക്ഷ നല്‍കുന്ന പരമാവധി ആളുകള്‍ക്ക് ആറുമാസത്തിനകം ജോലി നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴില്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കില്‍ ഹബ്ബ് നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളില്‍ നോളജ് സെന്റര്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തി നല്‍കണം. ജനപ്രതിനിധികള്‍ ജോബ് സെന്ററുകളുടെ അംബാസിഡര്‍മാരാകണം.

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷന്‍. തൊഴില്‍ദാതാക്കള്‍ക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താന്‍ ജോബ് സ്റ്റേഷനിലൂടെ സാധിക്കും. ജോബ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതു കൊണ്ട് മാത്രം തൊഴിലന്വേഷകരുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നില്ല. അപേക്ഷകര്‍ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒഴിവുകള്‍ വരുമ്പോള്‍ അവയില്‍ അപേക്ഷ നല്‍കുകയും വേണം. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ വിഷയാവതരണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m