ബൈഡന്റെ കത്തോലിക്ക വിശ്വാസം തെറ്റിദ്ധരിപ്പിക്കുന്നത്: കന്‍സാസ് മെത്രാപ്പോലീത്ത….

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം പരസ്യമായി പിന്തുണക്കുന്നതോടൊപ്പം താനൊരു അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണെന്ന് കൂടി അവകാശപ്പെടുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വൈരുദ്ധ്യം നിറഞ്ഞ ക്രൈസ്തവ വിശ്വാസം ഗൗരവമേറിയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ചെയര്‍മാനും കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്‍. ബൈഡന്റെ പ്രവര്‍ത്തികള്‍ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്നും, ഈ തെറ്റിദ്ധാരണയില്‍ നിന്നും തന്റെ ജനങ്ങളെ സംരക്ഷിക്കുവാനാണ് തന്റെ ആഗ്രഹമെന്നും
”ദി അറ്റ്ലാന്റിക്കി”ന് നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ജീവന്റെ വിശുദ്ധിയില്‍ വിശ്വസിക്കാതിരുന്നിട്ടും, കത്തോലിക്കാ വിശ്വാസത്തിന്റെ പ്രകടനവും, ദൈവത്തില്‍ നിന്നും വെളിപ്പെട്ടതെന്ന് തിരുസഭ വിശ്വസിക്കുകയും, പഠിപ്പിക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ സ്വീകരണം നടത്തുന്ന ബൈഡന്റെ പെരുമാറ്റം ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ബൈഡന്റെ പെരുമാറ്റം സഭയുടെ വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് എതിരാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, പ്രസിഡന്റിന്റെ ഹൃദയത്തെ വിധിക്കുവാന്‍ തങ്ങള്‍ക്ക് കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ തിന്മയായിട്ട് തന്നെ പരിഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ”ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ഭ്രൂണഹത്യ”യെന്ന് രണ്ടു വര്‍ഷം മുമ്പ് അമേരിക്കന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യവും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര അനുകൂലികളായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതില്‍ നിന്നും പുരോഹിതരെ വിലക്കുമോ? എന്ന ചോദ്യത്തിന്, ആത്മീയ നന്മക്കായി പ്രവര്‍ത്തിക്കേണ്ട ചുമതല അജപാലകരെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടെന്നും, അവര്‍ ധാര്‍മ്മികമായ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് തങ്ങളുടെ ചുമതലയെന്നുമായിരുന്നു മെത്രാപ്പോലീത്തയുടെ മറുപടി.

ഇതിന് മുമ്പും മെത്രാപ്പോലീത്ത ബൈഡന്റെ കത്തോലിക്ക വിശ്വാസത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 13ന് കത്തോലിക്കാ വേള്‍ഡ് റിപ്പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ ”ആവശ്യമുള്ളപ്പോള്‍ പ്രസിഡന്റിനെ തിരുത്തേണ്ട ഉത്തരവാദിത്വം മെത്രാന്‍മാര്‍ക്കുണ്ടെന്ന്‍”മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രത്തിനും, ഗര്‍ഭഛിദ്രം പ്രചരിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനും പിന്തുണച്ചിരുന്ന ബൈഡന്‍, അധികാരത്തിലേറിയപ്പോള്‍ വിവിധ അബോര്‍ഷന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ്കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്റെ അഭിമുഖം ശ്രദ്ധേയമാകുന്നത്.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group