July 05: വിശുദ്ധ അന്തോണി സക്കറിയ

ലൊംബാർഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങൾ തന്റെ ജീവിതത്തിൽ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തിൽ തന്നെ അവൻ സകലരുടേയും സവിശേഷ ശ്രദ്ധക്ക്‌ പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധൻ. തന്റെ വസതിയിൽ വെച്ച് തന്നെ മാനവിക വിഷയത്തിൽ പഠനം പൂർത്തിയാക്കിയ അന്തോണി പാവിയായിൽ നിന്നും തത്വശാസ്ത്രവും, പാദുവായിൽ നിന്നും വൈദ്യശാസ്ത്രവും പഠിച്ചു. ബുദ്ധിയിലും, ജീവിത വിശുദ്ധിയിലും തന്റെ സമകാലികരെ അന്തോണി അനായാസം പിന്നിലാക്കി.വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അന്തോണി റോമിലേക്ക് തിരികെ വന്നു. അവിടെയെത്തിയ അന്തോണി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ശരീരങ്ങളെ സുഖപ്പെടുത്തുവാനല്ല മറിച്ച് ആത്മാക്കളെ സുഖപ്പെടുത്തുവാനാണ് എന്ന സത്യം മനസ്സിലാക്കി. ഒട്ടും തന്നെ സമയം പാഴാക്കാതെ അന്തോണി വിശുദ്ധ ലിഖിതങ്ങൾ പഠിക്കുവാൻ ആരംഭിച്ചു. ഇതിനിടയിലും വിശുദ്ധൻ രോഗികളെ സന്ദർശിക്കുവാനും, കുട്ടികൾക്ക്‌ ക്രിസ്തീയ പ്രമാണങ്ങൾ പറഞ്ഞുകൊടുക്കുവാനും സമയം കണ്ടെത്തി.കൂടാതെ യുവജനങ്ങളോടു ദൈവഭക്തിയിൽ ജീവിക്കുവാനും, പ്രായമായവരോട് തങ്ങളുടെ ജീവിതം നവീകരണത്തിനു വിധേയമാക്കുവാനും അന്തോണി ഉപദേശിച്ചു. പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷമുള്ള തന്റെ പ്രഥമ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനിടക്ക്, സ്വർഗ്ഗീയ പ്രകാശത്തിന്റെ ജ്വാലയിൽ മാലാഖമാരുടെ നടുക്ക്‌ നിൽക്കുന്ന വിശുദ്ധനെ അവിടെ കൂടിയിരുന്ന ജനങ്ങൾ കണ്ടതായി പറയപ്പെടുന്നു.ആത്മാക്കളുടെ മോക്ഷത്തിനും, ജനങ്ങളുടെ ജീവിത നവീകരണത്തിലുമാണ് വിശുദ്ധൻ പ്രധാനമായും ശ്രദ്ധിച്ചത്. പിതൃസഹജമായ കാരുണ്യത്തോടു കൂടി വിശുദ്ധൻ അപരിചിതരേയും, പാവങ്ങളെയും, കഷ്ടതയനുഭവിക്കുന്നവരേയും സ്വീകരിക്കുകയും, ദൈവീക വചനങ്ങൾ കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും മാതൃസഹജമായ സ്നേഹത്താൽ അവരെ സഹായിക്കുകയും ചെയ്തു. തന്മൂലം വിശുദ്ധന്റെ ഭവനത്തെ ദുരിതമനുഭവിക്കുന്നവരുടെ അഭയസ്ഥാനമെന്നാണ് വിളിക്കപ്പെട്ടിരുന്നത്. കൂടാതെ വിശുദ്ധനെ ‘മാലാഖ’ എന്നും തങ്ങളുടെ രാജ്യത്തിന്റെ ‘പിതാവ്‌’ എന്നാണ് പ്രദേശവാസികൾ വിളിച്ചിരുന്നത്.ദൈവത്തിന്റെ മുന്തിരിതോപ്പിൽ ജോലി ചെയ്യുവാൻ തനിക്ക്‌ പറ്റിയ സഹപ്രവർത്തകർ ഉണ്ടായിരുന്നാൽ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കാൻ വേണ്ടി ഇതിൽ കൂടുതൽ ചെയ്യുവാൻ തനിക്ക്‌ കഴിയും എന്ന ബോധ്യത്താൽ വിശുദ്ധൻ തന്റെ ആശയങ്ങൾ രണ്ട്‌ ദൈവീക മനുഷ്യരോട് പങ്ക് വെച്ചു. ബാർത്തൊലോമിയോ ഫെറാരിയും, ജെയിംസ്‌ മോറിഗിയായുമായിരുന്നു ആ പുണ്യവാൻമാർ. അവർ ഒരുമിച്ചു മിലാനിൽ ക്ലർക്സ് റെഗുലർ സൊസൈറ്റി എന്ന പൗരോഹിത്യ സഭക്ക്‌ ആരംഭം കുറിച്ചു. വിജാതീയരുടെ അപ്പസ്തോലനായിരുന്ന വിശുദ്ധ പൗലോശ്ലീഹായോടുള്ള വിശുദ്ധന്റെ അഗാധമായ സ്നേഹം കാരണം അദ്ദേഹത്തെ വിശുദ്ധ പൗലോസ് എന്നായിരുന്നു അവർ വിളിച്ചിരുന്നത്.വിശുദ്ധന്റെ സഭയെ ക്ലമന്റ് ഏഴാമൻ അംഗീകരിക്കുകയും, പോൾ മൂന്നാമൻ അതിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്റെ സഭ നിരവധി പ്രദേശങ്ങളിൽ വ്യാപിച്ചു. എയിഞ്ചലിക്ക് സിസ്റ്റേഴ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്നു വിശുദ്ധൻ. പക്ഷേ ഒരിക്കൽ പോലും തന്റെ സഭയുടെ മേലധികാരിയാകുവാൻ വിശുദ്ധൻ ആഗ്രഹിച്ചിരുന്നില്ല, അത്രമാത്രം എളിമനിറഞ്ഞവനായിരുന്നു വിശുദ്ധൻ. തന്റെ സഭകൾക്ക് നേരെയുള്ള കഠിനമായ എതിർപ്പുകളെ പോലും വിശുദ്ധൻ വളരെ ക്ഷമാപൂർവ്വം നേരിട്ടു. ആത്മീയ ജീവിതം നയിക്കുന്നവരോട് ദൈവത്തെ സ്നേഹിക്കുവാനും, പുരോഹിതൻമാരോട് അപ്പസ്തോലൻമാരുടെ ജീവിതത്തെ പിന്തുടരുവാനും ഉപദേശിക്കുന്നതിൽ വിശുദ്ധൻ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല.കൂടാതെ വിവാഹിതരായ ആളുകൾക്ക് വേണ്ടി നിരവധി സാഹോദര്യ-കൂട്ടായ്മകളും വിശുദ്ധൻ സംഘടിപ്പിച്ചു. പലപ്പോഴും വിശുദ്ധൻ തന്റെ സന്യാസിമാർക്കൊപ്പം തെരുവുകളിലും, പൊതു സ്ഥലങ്ങളിലും കുരിശും വഹിച്ചുകൊണ്ട് പ്രദിക്ഷിണങ്ങൾ നടത്തി. വിശുദ്ധന്റെ ഭക്തിപൂർവ്വമായ പ്രാർത്ഥനകളും, ഉപദേശവും വഴി നിരവധി ദുഷ്ടരായ മനുഷ്യർ വരെ മോക്ഷത്തിന്റെ പാതയിലേക്ക്‌ വന്നു. ക്രൂശിതനായ യേശുവിനോടുള്ള സ്നേഹത്താൽ കുരിശിന്റെ വഴിയുടെ രഹസ്യം ജനങ്ങളുടെ മനസ്സിൽ ഓർമ്മിപ്പിക്കുവാനായി വിശുദ്ധൻ എല്ലാ വെള്ളിയാഴ്ചകളിലും സന്ധ്യാപ്രാർത്ഥന സമയത്ത് ഒരു മണി മുഴക്കാറുണ്ടായിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്.യേശുവിന്റെ ദിവ്യനാമം എപ്പോഴും വിശുദ്ധന്റെ ചുണ്ടുകളിൽ ഉണ്ടായിരുന്നു. പരിശുദ്ധ കുർബ്ബാനയോട് അന്തോണിയ്ക്കു ഒരു പ്രത്യേക ഭക്തി തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ വിശുദ്ധൻ ദിവസേന ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവ് വിശ്വാസികൾക്കിടയിൽ പുനരുജ്ജീവിപ്പിച്ചു.പൊതുവായ നാൽപ്പത് മണിക്കൂർ ആരാധന വിശുദ്ധനാണ് തുടങ്ങിവെച്ചതെന്നു പറയപ്പെടുന്നു. പ്രവചന വരവും, മറ്റുള്ളവരുടെ ചിന്തകളെ മനസ്സിലാക്കാനുള്ള കഴിവും, കൂടാതെ മനുഷ്യവംശത്തിന്റെ ശത്രുവിന്റെ മേലുള്ള ശക്തി തുടങ്ങിയ നിരവധി വരദാനങ്ങളാൽ അനുഗൃഹീതനായിരുന്നു വിശുദ്ധൻ. നിരന്തരമായ കഠിന പ്രയത്നങ്ങൾക്ക് ശേഷം ഗുവാസ്റ്റാല്ലായിൽ വെച്ച്‌ വിശുദ്ധൻ രോഗബാധിതനായി. തുടർന്ന് വിശുദ്ധനെ ക്രെമോണയിലേക്ക്‌ കൊണ്ട് പോയി. അവിടെ വെച്ച്‌ ദുഖാർത്തരായ തന്റെ പുരോഹിതൻമാരുടെ നടുവിൽ ഭക്തയായ തന്റെ മാതാവിന്റെ ആശ്ലേഷത്തിൽ കിടന്നുകൊണ്ട് വിശുദ്ധൻ അന്ത്യശ്വാസം വലിച്ചു. തന്റെ മാതാവിന്റെ മരണവും വിശുദ്ധൻ മുൻകൂട്ടി പ്രവചിച്ചതായി പറയപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group