June 30: റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍..

റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി ജീവനുള്ള തീപന്തങ്ങളാക്കി മാറ്റുകയുമുണ്ടായി. 64 മുതല്‍ 314 വരേയുള്ള കാലയളവില്‍ ക്രിസ്ത്യാനി എന്നാല്‍ ‘അടിച്ചമര്‍ത്തലിന്റെ ഇര’ എന്നതിന്റെ പര്യായമായിരുന്നു.

യേശുവിന്റെ മരണത്തിന് ശേഷം പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോമില്‍ ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. A.D 57-58-ല്‍ തന്റെ പ്രസിദ്ധമായ കത്തെഴുതുമ്പോള്‍ വിശുദ്ധ പൗലോസ് അവരെ സന്ദര്‍ശിച്ചിട്ടു പോലുമില്ലായിരുന്നു. ഒരുപക്ഷേ ജൂതന്‍മാരും ജൂത ക്രിസ്ത്യാനികളും തമ്മില്‍ ഉടലെടുത്ത വിവാദങ്ങള്‍ കാരണം ക്ലോഡിയസ് ചക്രവര്‍ത്തി അവരെ A.D. 49-50 കാലയളവില്‍ റോമില്‍ നിന്നും പുറത്താക്കി. ഈ പുറത്താക്കലിന് കാരണം ചില ക്രിസ്ത്യാനികളാണെന്ന്‍ സ്യൂട്ടോണിയൂസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ A.D 54-ല്‍ ക്ലോഡിയസ് മരണപ്പെട്ടതോടെ അവരില്‍ പലരും തിരികെയെത്തിയിട്ടുണ്ടാവാം. വിശുദ്ധ പൗലോസ് തന്റെ എഴുത്തില്‍ ജൂതരും, വിജാതീയരുമടങ്ങുന്ന അംഗങ്ങളുള്ള ഒരു സഭയേയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

A.D 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം ഒരു ഭയാനകമായ അഗ്നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്നായിരുന്നു പൊതുവേയുള്ള പല്ലവി. എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്നിക്കിരയായെന്ന്‍ ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണികാരണവും, സെനറ്റിനാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി A.D 68-ല്‍ തന്റെ 31-മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group