കാനഡയിലേക്കുള്ള അപ്പോസ്തലിക യാത്രയുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു

കാനഡയിലേക്കുള്ള പാപ്പായുടെ അപ്പോസ്തലിക യാത്രയുടെ കാര്യപരിപാടികൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ജൂലൈ മാസം 24 മുതൽ 29 വരെയാണ് അപ്പസ്തോലിക സന്ദർശനം.

റോമിലെ ഫ്യുമിച്ചീനോ അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ജൂലൈ 24 ഞായറാഴ്ച പുറപ്പെടുന്ന പാപ്പായെ എഡ്മണ്ടൻ അന്തർദേശീയ വിമാനത്താവളത്തിൽ അന്നു തന്നെ ഔദ്യോഗികമായി സ്വീകരിക്കും.പാപ്പായുടെ ആദ്യ പൊതു പരിപാടി ആരംഭിക്കുന്നത് ജൂലൈ 25 തിങ്കളാഴ്ച തദ്ദേശിയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ്. FIRST NATIONS, MÉTIS AND INUIT എന്നീ തദ്ദേശീയ സമൂഹത്തെ എഡ്മണ്ടനിൽ നിന്ന് ഏതാണ്ട് 70 കിലോമീറ്റർ അകലെയുള്ള മെസ്ക്വാചീസിൽ വച്ചായിരിക്കും സന്ദർശിക്കുക. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പാ ഉച്ചകഴിഞ്ഞ് തദ്ദേശിയരെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും.ചൊവ്വാഴ്ച 26ന് എഡ്മണ്ടനിലെ കോമൺ വെൽത്ത് സ്റ്റേഡിയത്തിൽ ദിവ്യബലിയർപ്പിക്കും. അതിനു ശേഷം നഗരത്തിനു വെളിയിലുള്ള ലാക്എസ്റ്റിഎന്നിൽ ഒരു തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും പങ്കെടുക്കും. പടിഞ്ഞാറൻ കാനഡയിലെ സന്ദർശനം തീർത്ത ശേഷം ബുധനാഴ്ച ജൂലൈ 27 ന് ക്യുബെക് പട്ടണത്തിലേക്ക് തിരിക്കും. കാനഡയിലെ ഗവർണ്ണർ ജനറൽ ഫ്രാൻസിസ് പാപ്പായെ ഒദ്യോഗികമായി സ്വീകരിക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടർന്ന് സിവിൽ അധികാരികളും, തദ്ദേശിയ ജനതയുടെ പ്രതിനിധികളും നയതന്ത്ര വിഭാഗത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.
ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വി.ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം നോട്രെഡാം കത്തീഡ്രലിൽ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും.ജൂലൈ 27 വെള്ളിയാഴ്ച ഈശോ സഭാംഗങ്ങളുമായി ക്യുബെക്കിലെ അതിരൂപതാ മന്ദിരത്തിൽ ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അതിനു ശേഷം അവിടെ വച്ച് തന്നെ തദ്ദേശീയ ജനതകളുടെ പ്രതിനിധി സംഘത്തെയും കാണും.
അതിനു ശേഷം വിമാന മാർഗ്ഗം ന്യുനവിറ്റ് പ്രവിശ്യയുടെ തലസ്ഥാനമായ ഇഖാളുവിറ്റ്ലേക്ക് യാത്രയാകും. ഇവിടെ വച്ച് മുൻ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ഇഖാളുവിറ്റ് പ്രൈമറി സ്കൂളിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇവിടെ തന്നെ വച്ച് യുവാക്കളും മുതിർന്നവരുമായി ഒരുമിച്ച് നടത്തുന്ന കൂടിക്കാഴ്ചയായിരിക്കും ഫ്രാൻസിസ് പാപ്പായുടെ കാനഡയിലെ അവസാന പൊതുപരിപാടി. ഇഖാളുവിറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് യാത്ര തിരിക്കുന്ന പരിശുദ്ധ പിതാവ് ശനിയാഴ്ച രാവിലെ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ തിരിച്ചെത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group