ഭൂമിയിടപാട്: എറണാകുളം അങ്കമാലി അതിരൂപതയുടെ ലാഭം എത്ര?

“കഥയറിയാതെ ആട്ടം കാണുന്ന പാവക്കുട്ടികൾ” എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിനു ലഭിച്ച കമന്റുകളിൽ ഫെയിക് അക്കൗണ്ടുള്ള ഒരു മാന്യദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. അതിലെ പ്രസക്തമായ ഒരു ചോദ്യമിതാണ്:

“സഭയുടെ കോടികൾ നഷ്ടം വരുത്തി വെച്ചതിന് ആരാണ് യഥാർത്ഥ കുറ്റക്കാർ? കർദിനാൾ കുറ്റക്കാരൻ അല്ലെങ്കിൽ ഇനിയും ആ ഗൂഢസംഘത്തെ കുറിച്ച് എന്തിന് പറയാതിരിക്കുന്നു? ഇനി കുറ്റക്കാർ വത്തിക്കാനോ, മാർപാപ്പ നിയോഗിച്ച കമ്മീഷനോ, കോടതികളോ, അതോ എറണാകുളം രൂപതയോ?

ഉത്തരം: സഭക്ക് ഭൂമിയിടപാടിൽ ഒരു നഷ്ടവും ഉണ്ടായില്ലെന്നും, ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ചില തെളിവുകളിലൂടെ വിശദമാക്കാം.

7-11-2017 -ൽ ചേർന്ന അതിരൂപതയുടെ ഫിനാൻസ് കൗൺസിൽ യോഗത്തിലും, 9-11-2017 -ൽ ചേർന്ന ആലോചന സമിതിയുടെ യോഗത്തിലും ഭൂമി വിൽപ്പനയുടെ പുരോഗതി ചർച്ച ചെയ്തതായി ഈ യോഗങ്ങളുടെ മിനുട്സ് ബുക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ബെന്നി മാരാംപറമ്പിൽ കമ്മീഷൻ റിപ്പോർട്ട്‌, പേജ് 77 & 103). ഭൂമി വിൽപ്പനയിൽ 18 -കോടി രൂപ ലഭിക്കുവാനുണ്ടന്നും, അതിന്റെ ഉറപ്പിലേക്കായി കോട്ടപ്പുറത്തു 25 ഏക്കർ വസ്തുവും, ദേവികുളത്തു 17 ഏക്കർ വസ്തുവും അതിരൂപതയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകിയിട്ടുണ്ടന്നും ഈ യോഗങ്ങളിൽ പ്രോക്യൂറേറ്റർ ഫാ. ജോഷി പുതുവാ അറിയിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ലഭിക്കുവാനുള്ള പണം നൽകുമ്പോൾ ഈ ഈടുകൾ തിരികെ നൽകണം എന്നതായിരുന്നു വ്യവസ്ഥ എന്നും മിനുട്സിൽ ഉണ്ട്.

കോട്ടപ്പടിയിലെ ഈട് ഭൂമി മാത്രം മുപ്പത്തി രണ്ടു (32) കോടി രൂപയ്ക്കു തിരികെ വാങ്ങിക്കൊള്ളാമെന്ന് ഈ വസ്തുവിന്റെ ഉടമസ്ഥൻ അതിരൂപതയുമായി നടത്തിയ ചർച്ചയിൽ അറിയിക്കുകയുണ്ടായി. (തെളിവ് കമൻ്റു ബോക്സിൽ). ദേവികുളത്തെ ഈട് ഭൂമി മൂന്ന് കോടി അമ്പത്തേഴു ലക്ഷം രൂപയ്ക്കു തിരികെ വാങ്ങാമെന്നു അതിന്റെ ഉടമയും അറിയിച്ചു. ഈ തീരുമാനത്തിന്റെ മിനുട്സ് പോലീസ് റിപ്പോർട്ടിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിൽപ്പനയിൽ അതിരൂപതക്കു നഷ്ടമൊന്നും സംഭവിച്ചില്ലെന്നും, ഈടായി ലഭിച്ച വസ്തുവിന്റെ മാർക്കറ്റ് വില കണക്കിലെ ടുത്താൽ ലാഭം മാത്രമേ ഉള്ളു എന്നും പോലീസ് കോടതിയിൽ അറിയിച്ചത്.

ഭൂമിയിടപാടിൽ പതിനെട്ടു കോടി രൂപക്ക് പകരം മുപ്പത്തഞ്ചു കോടി അമ്പത്തേഴു ലക്ഷം രൂപ അതിരൂപതയ്ക്കു ലഭിച്ചു എന്നർത്ഥം. അതായത് 17.57 കോടിയുടെ ലാഭമാണ് ഈ ഇടപാടിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു ലഭിച്ചത്! ഈ വസ്തുക്കളുടെ ഇന്നത്തെ മാർക്കറ്റ് വാല്യൂ കണക്കാക്കായാൽ അത് ഇതിലും കൂടും.

ഭൂലോകത്തുള്ള സകല സമ്പത്തും കൂട്ടി ചേർത്ത് വച്ചാലും ഈ വിമത പുരോഹിതർ അതിരൂപതക്കും സീറോ മലബാർ സഭക്കും വരുത്തിവച്ച നഷ്ടത്തിന് യാതൊന്നും പകരമാവില്ല.

എന്നാൽ ഈ തീരുമാനം അനുസരിച്ചു ഈടു ഭൂമികൾ വിൽക്കുവാൻ അന്നത്തെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് ശ്രമിച്ചപ്പോൾ വൈദീക സമിതി അതിന് അനുവദിച്ചില്ല. “അതിരൂപത അനുഭവിച്ച വേദന” (ആരുടെ വേദന?) യുടെ ഓർമ്മക്കായി ഈട് വസ്തുക്കൾ നിലനിൽക്കട്ടെ എന്ന് അവർ തൊടുന്യായം പറഞ്ഞു. ആ വസ്തുക്കൾ കരം അടച്ചു അതിരൂപതയുടെ അസ്ഥിയിലേക്ക് കൂട്ടി.

അതിന് ശേഷം, ഈ വസ്തുക്കൾ അതിരൂപത വാങ്ങിയതാണെന്നും, ലഭിക്കുവാനുള്ള പതിനെട്ടു കോടി രൂപ വാങ്ങിച്ചെടുക്കുവാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിമതർ അടുത്ത നാടകം ആരംഭിച്ചു. അപ്പോഴാണ്, ഈട് വസ്തുക്കൾ വിൽപ്പന നടത്തി ലഭിക്കുവാനുള്ള പണം വീണ്ടെടുക്കുക (restitute) എന്ന് വത്തിക്കാൻ നിർദേശം നൽകിയത്. ഇതൊന്നും അറിയാതെയാണ് പാലായിലെ സീറോ മലബാർ എപ്പിസ്‌കോപ്പൽ സിനഡിൽ ഏഴു മരപ്പാവകൾ ഒരുമിച്ച് ബഹിഷ്കരണ നാടകം കളിച്ചത്.

അതിരൂപതക്ക് ലഭിക്കുവാനുള്ള തുക ഈടായി ലഭിച്ച വസ്തുക്കൾ വിറ്റ് restitute ചെയ്യുവാൻ വത്തിക്കാൻ അന്നത്തെ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്തിനോട് നിർദേശിച്ചിരുന്നു. എന്നാൽ വൈദീക സമിതി അതിന് അനുവദിച്ചില്ല. പകരം എറണാകുളത്ത് കാക്കനാട് ഭാരത് മാതാ കോളേജിന് സമീപമുള്ള അതിരൂപതയുടെ പത്ത് ഏക്കർ സ്ഥലം ചിറ്റിലപ്പള്ളിക്ക് വിറ്റു.

വിമതരെ പാലൂട്ടുന്ന അതിരൂപതക്ക് ഏറ്റുവാങ്ങുവാൻ നഷ്ടങ്ങളുടെ കണക്കുകൾ ഇനിയും ഉണ്ട്; തൽക്കാലം നിർത്തുന്നു.

കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m