ലിവിങ് ടുഗതർ നിയമപരമായ വിവാഹമല്ല; ഗാർഹികപീഡനം ബാധകമാകില്ല – ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാല്‍ പങ്കാളിയില്‍നിന്ന് സ്ത്രീ നേരിട്ട പീഡനങ്ങളെ ഗാർഹികപീഡനമായി കാണാനാവില്ലെന്ന് ഹൈക്കോടതി.

ഭർത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ഭാര്യ പീഡനത്തിനിരയാകുമ്ബോഴാണ് ഗാർഹികപീഡന നിയമപ്രകാരമുള്ള കുറ്റം ബാധകമാകുക. അതിന് നിയമപരമായ വിവാഹം അനിവാര്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

പങ്കാളിയുടെ പരാതിയില്‍ ഗാർഹികപീഡനത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തതിനെതിരേ എറണാകുളം ഉദയംപേരൂർ സ്വദേശി ഫയല്‍ചെയ്ത ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. നിയമപരമായ വിവാഹബന്ധം അല്ലാത്തതിനാല്‍ കേസിലെ തുടർനടപടികള്‍ കോടതി റദ്ദാക്കി.

2023 മാർച്ച്‌ 13 മുതല്‍ ഒാഗസ്റ്റ് 20 വരെയാണ് ഹർജിക്കാരനും പരാതിക്കാരിയും ലിവിങ് ടുഗതർ ബന്ധത്തില്‍ കഴിഞ്ഞത്. ഈ കാലയളവില്‍ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമറിപ്പോർട്ടും ഫയല്‍ചെയ്തു. തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളി ഹൈക്കോടതിയിലെത്തിയത്.

നിയമപരമായ വിവാഹം ഇല്ലെങ്കില്‍ ഭർത്താവെന്ന് പറയാനാകില്ലെന്ന് കോടതി പറഞ്ഞു. ഭർത്താവ് അല്ലെങ്കില്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 498-എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m