കേന്ദ്രസ്ഥാനത്തുള്ള അതിരൂപതയെ ചിതറിച്ചു കളയുന്ന കുതന്ത്രങ്ങൾ

2021 ജൂലൈ 3ന് ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന ചൊല്ലാനുള്ള മാർപാപ്പയുടെ നിർദ്ദേശം വന്നപ്പോൾ അതിനെതിരെ ഒരു രൂപതയിലും വിശ്വാസികൾ പ്രതിഷേധിച്ചില്ല എന്നതാണ് വസ്തുത. കാരണം, വിശുദ്ധ കുർബാന വേണം എന്നല്ലാതെ അതെങ്ങനെ വേണം എന്നതൊന്നും വിശ്വാസികളുടെ പ്രശ്നമല്ലായിരുന്നു. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികരുടെ പിടിവാശി ജയിക്കാനായി വിശ്വാസികളെ പല തട്ടുകളിലാക്കി വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അവസ്ഥയിലേക്ക് നയിച്ച് സ്വന്തം അതിരൂപതയെ സാർവത്രികസഭയിലും പൊതുസമൂഹത്തിലും അപമാനപാത്രമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വൈദികർക്കും അവരുടെ പിണിയാളുകളായി പ്രവർത്തിക്കുന്ന സമരസംഘടനകളുടെ നേതാക്കന്മാർക്കും ഒഴിഞ്ഞുമാറാനാകുമോ?

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുറച്ചു വൈദികർ മാത്രമാണ് പ്രതിഷേധവുമായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലേക്ക് ആദ്യം വന്നത്. പിന്നീട്, ജനാഭിമുഖ കുർബാന മാത്രമേ അംഗീകരിക്കൂ എന്ന് ഇറ്റാലിയൻ ഭാഷയിൽ പോലും ബാനറുകളും പ്ലാക്കാർഡുകളും പിടിച്ചും സ്ത്രീകളെയും കൊച്ചുകുഞ്ഞുങ്ങളെയും കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിച്ചും തെരുവിലിറക്കി. അതിരൂപതയിലെ ഓരോ ഇടവകയിലും അസംതൃപ്തരുടെ വിമത സമിതികളുണ്ടാക്കി സഭാനേതൃത്വത്തിനെതിരെ വെറുപ്പും വിദ്വേഷവും പരത്തി. കൊന്തയും കുരിശിന്റെ വഴിയും നിരോധിക്കും എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചു സാധാരണ വിശ്വാസികളെ സഭാനേതൃത്വത്തിനെതിരാക്കി.

ഏറ്റവും ക്രൂരമായത്, പ്രതിഷേധങ്ങളുടെ മറവിൽ കത്തോലിക്കർക്ക് പരിചിതമല്ലാത്ത അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സഭയോടൊപ്പം നിൽക്കുന്ന ദൈവഭയമുള്ള വൈദികരേയും വിശ്വാസികളേയും ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നിശ്ശബ്ദരാക്കിയെന്നതാണ്. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു? ഏതാനും വൈദികരുടെ പിടിവാശി ജയിക്കാൻ. പ്രാദേശികവാദത്തിലൂന്നിയ ദുരഭിമാനത്തിനുവേണ്ടി അവർ ചവിട്ടിമെതിച്ചത് സൂര്യശോഭയോടെ സീറോമലബാർസഭക്കു നേതൃത്വം നൽകേണ്ട സ്വന്തം അതിരൂപതയെ ആയിരുന്നു. ചില തിരിച്ചറിവുകളും മാനസാന്തരവും വളരെ വൈകിയേ വരികയുള്ളു. അപ്പോഴേക്കും കൂട്ടിയാൽ കൂടാത്തവിധം നഷ്ടം ഭീകരമായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group