ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കാം : മാർ ജോർജ് ആലഞ്ചേരി

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിനു സ്‌തുതി ഉണ്ടാകട്ടെ!….

മേജർ ആർച്ച് ബിഷപ് സ്‌ഥാനത്തുനിന്നു ഞാൻ വിടപറയുമ്പോൾ സഭ മുഴുവനോടും ഏതാനും ചിന്തകളും മനോവികാരങ്ങളും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സാഹചര്യത്തിൽ ഏറെ അർത്ഥപൂർണമാണ്: “ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ ദൈവമാണു വളർത്തിയത്” (1 കോറി. 3:6),

മെത്രാൻ സിനഡിന്റെ തെരഞ്ഞെടുപ്പിലൂടെ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപായി നിയോഗിക്കപ്പെട്ട എന്നെ 12 വർഷവും ആറു മാസവും പ്രസ്‌തുത ശുശ്രൂഷ ചെയ്യാൻ ദൈവം അനുവദിച്ചു.

കൂടാതെ, തക്കല രൂപതയിൽ മെത്രാനായി സേവനം ചെയ്‌ത 13 വർഷങ്ങളുടെ ഓർമ എന്റെ മനസ്സിൽ സജീവമായി നിലനില്ക്കുന്നു; എൻ്റെ മേല്‌പട്ടശുശ്രൂഷ വലിയ സന്തോഷത്തോടും സംതൃപ്തിയോടും കൂടിയാണ് ഞാൻ നിർവഹിച്ചത്. മെത്രാൻ എന്ന നിലയിലും മേജർ ആർച്ചുബിഷപ് എന്നനിലയിലും എൻ്റെ ശുശ്രൂഷാകാലഘട്ടത്തിലുടനീളം ഏറ്റവും ആത്മാർഥമായ പരിശ്രമം വിവിധ ശുശ്രൂഷാമേഖലകളിൽ സീറോമലബാർ സഭയെ പരിപാലിക്കുക, അഥവാ വി. പൗലോസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ‘നനയ്ക്കുക’, എന്നതായിരുന്നു. സുവിശേഷവത്ക്കരണം, പ്രേഷിതസംരംഭങ്ങൾ, ആരാധനക്രമ നവീകര ണത്തിനായി ആരാധനാക്രമ പുസ്‌തകങ്ങളുടെ പുതുക്കൽ, പുരോഹിതാർത്ഥികളുടെ പരിശീലനം, അത്മായ സംഘടനകളുടെ പുനഃശക്തീകരണം, സമർപ്പിതരെ സഭയോടു കൂടുതൽ ചേർത്തുനിറുത്തൽ, ഭാരതത്തിനകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങൾ, സഭൈക്യപ്രസ്ഥാനം സഭയുടെ പാരമ്പര്യത്തെ പകർന്നുകൊടുക്കുന്നതിനും ചരിത്രഗവേഷണത്തിനും വേണ്ടിയുള്ള ഹെരിറ്റേജ് ആൻഡ് റിസർച് സെൻ്റർ, മാധ്യമപ്രേഷിതത്വം എന്നീ മേഖലകളിലാണ് എന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞിട്ടുള്ളത്.

ഇതിനുപുറമേ, പാവങ്ങളോടും ചൂഷിതരോടും പാർശ്വവത്‌കരിക്കപ്പെട്ടവരോടുമുള്ള നമ്മുടെ കരുതൽ പ്രതിഫലിപ്പിക്കുന്ന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

ഇത്തരം പരിശ്രമങ്ങൾ നടത്തിയെന്നുവരികിലും ഈ മേഖലകളിൽ ഇനിയും ധാരാളം ജോലികൾ ചെയ്യേണ്ടതുണ്ട്. പൊതുസമൂഹത്തിൻ്റെയും സഭയുടെയും നന്മയ്ക്കുവേണ്ടിയുള്ള നമ്മുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ വെല്ലുവിളികളിലും പ്രയാസങ്ങളിലും ദൈവം നമ്മെ നയിക്കുകയും അവയെ അതിജീവി ക്കാനുള്ള ശക്തിനല്‌കുകയും ചെയ്യും.

നമ്മുടെ സഭയിൽ എനിക്ക് ഏല്പ്പിക്കപ്പെട്ട ശുശ്രൂഷാനിർവഹണത്തിൽ പൂർണഹ്യദയത്തോടെ സഹകരിച്ച സിനഡിനോടും വൈദികരോടും സമർപ്പിതരായ വ്യക്തികളോടും അല്മായനേതാക്കളോടും എല്ലാ സഹോദരീ സഹോദരന്മാരോടും യുവജനങ്ങളോടും നന്ദി പ്രകാശിപ്പിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. എൻ്റെ സേവനകാലഘട്ടത്തിൽ തങ്ങളുടെ കഴിവുകളും വിഭവങ്ങളും വളരെ ഉദാരമായി പങ്കുവെച്ച എല്ലാവരോടും ഞാ൯ നന്ദി പറയുന്നു.

മേജർ ആർച്ചു ബിഷപ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും എൻ്റെ ദൗത്യനിർവഹണത്തിൽ വന്നുപോയ കുറവുകളിലും പോരായ്‌മകളിലും ഞാൻ ഖേദിക്കുന്നു. സഭയുടെ നേതൃത്വത്തിൽ നിന്നു മാറുമ്പോഴും നമ്മുടെ സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്‌മ, സംഘാതാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശയും എനിക്കുണ്ട്. നമ്മുടെ സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവമഹത്വം പ്രകാശിതമാകുന്നതിനുവേണ്ടി സഭാംഗങ്ങൾ എല്ലാവരും സംശുദ്ധമായ ലക്ഷ്യങ്ങളോടും നിർമലമായ മനസ്സാക്ഷിയോടും കൂടി ഒന്നിച്ചു വരികയും ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. ഉത്തമ ക്രൈസ്‌തവരെന്ന നിലയിൽ മതസൗഹാർദവും മതേതരമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു നല്ല പൗരന്മാരായിരിക്കാനും നമുക്കു കഴിയട്ടെ. തുടർന്നും നിങ്ങൾ എനി ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. നിങ്ങൾക്കു വേണ്ടി ഞാനും പ്രാത്ഥിക്കുന്നതാണ്.

ദൈവനാമം മഹത്വപ്പെടട്ടെ! ദൈവം നിങ്ങളേവരെയും അനുഗഹിക്കട്ടെ!

ഏവർക്കും പുതുവത്സരാശംസകൾ!

സ്നേഹപൂർവം,
കർദിനാൾ മാർ ജോർജ് ആലഞ്ചേരി…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group