ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 24

ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ മുള്‍മുടി

ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് സംക്ഷേപമായി ധ്യാനിച്ചതിന്‍റെ ശേഷം ഇന്നേ ദിവസം തന്‍റെ ദിവ്യഹൃദയത്തിലെ രണ്ടാമത്തെ ആഭരണമായ മുള്‍മുടിയേക്കുറിച്ച്അല്പനേരം ധ്യാനിക്കാം. ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന മുള്‍മുടി, തന്‍റെ പാടുപീഡകളെയും വ്യാകുലാധിക്യത്തെയും സൂചിപ്പിക്കുന്നു. അവിടുത്തെ മുള്‍മുടി തന്‍റെ പീഡാനുഭവത്തിന്‍റെ കാലങ്ങളിലും തന്‍റെ തിരുത്തലയില്‍ യൂദജനം മുള്‍മുടി വച്ചു തന്നെ രാജാവെന്ന് വിളിച്ച് അപമാനിച്ച സമയങ്ങളിലും മാത്രമല്ല ധരിച്ചിരുന്നത്. പരിശുദ്ധ കന്യകയുടെ ഉദരത്തില്‍ ഉത്ഭവിച്ച ക്ഷണം മുതല്‍ കുരിശുമരണം വരെയും, എപ്പോഴും വിശുദ്ധ കുര്‍ബാനയിലും പാപമെന്ന മുള്ളുകള്‍ സദാ ഈശോയെ വ്യാകുലപ്പെടുത്തിവരുന്നു.

ഓ! മിശിഹായുടെ തിരുഹൃദയ പീഡയേ! അറുതിയില്ലാത്ത സ്നേഹമേ! അങ്ങയെ മനുഷ്യര്‍ ശരിയായി അറിഞ്ഞിരുന്നുവെങ്കില്‍ എങ്ങനെ സ്നേഹിക്കാതിരിക്കും. ജീവിതകാലത്തില്‍ അങ്ങേ ദൈവിക മഹിമയേയും വല്ലഭത്വത്തെയും രാജകീയാധികാരത്തെയും മറച്ചുകളയുകയും സദാ വിശുദ്ധ കുര്‍ബാനയില്‍ എപ്പോഴും മറയ്ക്കയും ചെയ്യുന്നുവല്ലോ. എങ്കിലും അങ്ങേ വല്ലഭത്വത്തോടും അധികാരത്തോടും എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും. കര്‍ത്താവേ! അങ്ങുമാത്രം സര്‍വ്വലോകത്തിന്‍റെയും ഏക രാജാവായിരിക്കുന്നുവെന്നു ഞാന്‍ അനുസരിച്ചു പറയുന്നു.

മിശിഹായേ, സ്നേഹിക്കുന്ന ആത്മാവേ, സര്‍വ്വവല്ലഭ രാജാവായ ഈശോ തന്‍റെ മുറിവിനെ മറച്ചു നിന്‍റെ സ്നേഹത്തെപ്രതി വ്യാകുലതകളാലും അപമാനങ്ങളാലും നിറഞ്ഞ ഒരു രാജാവായി ചമഞ്ഞ് ഈ മുള്‍മുടി ധരിച്ചുവെന്നു ഓര്‍ക്കുക. അവിടുത്തെ ഹൃദയത്തില്‍ ധരിച്ചിരിക്കുന മുള്‍മുടി നിന്‍റെ പാപങ്ങളാലും മനസ്സാക്ഷിക്കു വിരോധമായ പ്രവൃത്തികളാലും, ദുഷ്ടവിചാരങ്ങള്‍ ആലോചനാദികളാലും ഉണ്ടാക്കപ്പെട്ട് നിന്‍റെ കരങ്ങളാല്‍ തന്നെ ധരിപ്പിച്ചുവെന്നു സംശയലേശം കൂടാതെ നിന്‍റെ ബോധത്തില്‍ ധരിച്ചുകൊള്ളുക. നിന്‍റെമേലുള്ള സ്നേഹാധിക്യത്താല്‍ എരിയുന്നവനും നിനക്കുവേണ്ടി ഇത്രയധികമായ പീഡകള്‍ സഹിക്കുന്നവനുമായ നിന്‍റെ രക്ഷകന്‍റെ ഹൃദയത്തെ ആശ്വസിപ്പിപ്പാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിന്നില്‍ ഉണ്ടായിരിക്കുന്ന അശുദ്ധാഗ്രഹങ്ങള്‍, ആലോചന ആദിയായ തിന്മകളെ നീക്കി നിന്‍റെ ശക്തിയൊക്കെയോടും കൂടെ ഈ ദിവ്യപരമപിതാവിനെ സ്നേഹിക്കുന്നതിനു ശ്രമിച്ചു കൊള്‍ക.

ജപം

സകല‍ നിക്ഷേപങ്ങളുടെയും ഭണ്ഡാഗാരമായ ഈശോയെ! അങ്ങേ ദിവ്യഹൃദയം മുള്‍മുടി ധരിച്ചതായി ഞാന്‍ കാണുകയാല്‍ തളര്‍ന്നു ബോധാരഹിതനാകാതിരിക്കുന്നതെങ്ങനെ? എന്‍റെ ആയുസ്സും ശരണവും ആശ്വാസവുമായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ അങ്ങേ ദിവ്യഹൃദയത്തെ എത്രമാതം ദുഃഖിപ്പിക്കുന്നു. ഹാ! എന്‍റെ ഹൃദയത്തിന്‍റെ സന്തോഷമായ ഈശോയെ! ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെ ഹൃദയകണ്ണുനീരാല്‍ എന്നിലുള്ള പാപാശുദ്ധതകളെ കഴുകി അങ്ങേ സന്നിധിയില്‍ കൃപ ലഭിപ്പാന്‍ എനിക്ക് ഇടവരുത്തിയരുളണമേ. ആമ്മേന്‍

 

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

മുള്‍മുടി ധരിപ്പിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ! എന്‍റെ പാപങ്ങളിന്മേല്‍ മനസ്താപപ്പെടുന്നതിന് കൃപ ചെയ്തരുളണമേ.

സല്‍ക്രിയ

നിന്‍റെ തഴക്കദോഷങ്ങള്‍ ഏതെന്നറിഞ്ഞ് അവയില്‍ നിന്നു ഒഴിയുവാന്‍ ഈശോയുടെ ദിവ്യഹൃദയാനുഗ്രഹത്തെ യാചിച്ചു കൊള്‍ക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m