ആശുപത്രി കിടക്കയിൽ വച്ച് മാമ്മോദീസ സ്വീകരിച്ച തന്റെ മകന്റെ ജീവനു വേണ്ടി പോരാടുന്ന ഒരമ്മ..

    മസ്തിഷ്ക ക്ഷതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന 12 വയസുകാരന്റെ ജീവനുവേണ്ടി നിയമ പോരാട്ടം നടത്തുകയാണ് ഹോല്ലി ഡാൻസ് എന്ന അമ്മ.
    യുകെയിലാണ് സംഭവം.രാജ്യത്തെ നിയമമനുസരിച്ച് കോമായിൽ കഴിയുന്ന ഒരാൾക്ക് ജീവൻ നിലനിർത്താനാവശ്യമായ മെഡിക്കൽ സപ്പോർട്ട് പിൻവലിക്കാവുന്നതാണ്. എന്നാൽ ഈ കുടുംബം അതിനെതിരെ പോരാടുകയാണ്; കാരണം അത് കത്തോലിക്കാ വിശ്വാസത്തിനെതിരാണ്. ദൈവഹിതം മാത്രമേ നിറവേറ്റു എന്ന ഉറച്ച ബോധ്യവും ക്രിസ്തുവിലുള്ള വിശ്വാസവുമാണ് ഈ കുടുംബത്തിന്റെയും അമ്മയുടെയും ശക്തി.

    ആർക്കി ബാറ്റേഴ്സ്ബിയുടെ കുടുംബം ലണ്ടനിൽ ആണ് താമസം. ഏപ്രിൽ ഏഴിനാണ് ആർക്കിയെ കോണിപ്പടിയിൽ നിശ്ചലനായി അമ്മ ഹോല്ലി ഡാൻസ് കണ്ടെത്തുന്നത്.ഹോല്ലി മകനെയും എടുത്ത് വേഗം തന്നെ ആശുപത്രിയിലേക്ക് ഓടി. പരിശോധനക്കു ശേഷം ഡോക്ടർമാർ, ആർക്കിയ്ക്ക് മസ്തിഷ്കത്തിന് ഗുരുതരമായ ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ ആർക്കി തിരികെ ജീവിതത്തിലേക്ക് വരുമെന്ന് തന്നെയാണ് അവന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത് .
    പക്ഷേ രാജ്യത്തിന്റെനിയമമനുസരിച്ച്, ഒരാൾക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആ വ്യക്തിയെ ദയാവധത്തിനു വിധേയനാക്കാൻ
    കോടതിക്ക് ഉത്തരവിടാം.

    ഹോല്ലിക്ക് തന്റെ മകന്റെ മരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ ഹോല്ലി പ്രതീക്ഷിച്ചിരുന്നതു പോലെ തന്നെ
    ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിൽ ജസ്റ്റിസ് അർബുന്നോട്ട്, ആർക്കിയുടെ ചികിത്സ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവിനോടുള്ള ഹോല്ലിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഞാൻ അവന്റെ അമ്മയാണ്. അവന്റെ ജീവൻ സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവനിൽ ഇപ്പോഴും ജീവൻ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് ചികിത്സ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ മകന് കുറച്ചു കൂടി സമയം നൽകണം. മസ്തിഷ്ക ക്ഷതങ്ങളിൽ നിന്ന് ആളുകൾ തിരിച്ചെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

    കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ഹോല്ലിയും കുടുംബവും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. മാത്രമല്ല, അന്നു തന്നെ ആശുപത്രിക്കിടക്കയിലിരുന്നുകൊണ്ട് ആർക്കിയും മാമ്മോദീസ സ്വീകരിച്ചു. പത്ത് വയസു മുതൽ ആർക്കിക്ക് കത്തോലിക്കാ വിശ്വാസത്തോട് ഒരു അടുപ്പമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസിൽ കത്തോലിക്കാ സഭയിൽ അംഗമാകാനുള്ള ആഗ്രഹവും അവൻ പ്രകടിപ്പിച്ചിരുന്നു. അവർ താമസിച്ചിരുന്ന സ്ഥലത്ത് കൂടുതലുമുണ്ടായിരുന്നത് കത്തോലിക്കരാണ്. അവർ പരിശുദ്ധ കുർബാനക്കു പോകുന്നത് പലപ്പോഴും ആർക്കി നോക്കി നിൽക്കുമായിരുന്നെന്ന് ഹോല്ലി പറയുന്നു.

    കഴിഞ്ഞ ക്രിസ്തുമസ് മുതൽ ആർക്കി, തനിക്ക് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ ചേരാൻ സാധിക്കുമോ എന്ന് അമ്മയോട് ചോദിക്കുമായിരുന്നു. എന്നാൽ അമ്മ ഹോല്ലി അന്ന് അത് അത്ര ഗൗനിച്ചിരുന്നില്ല. എന്നാൽ ആശുപത്രിക്കിടക്കയിൽ വച്ച് ആർക്കിയുടെ ആഗ്രഹം അമ്മ സഫലമാക്കി കൊടുത്തു. ഈസ്റ്ററിന്റെ പിറ്റേ ദിവസം ആർക്കിയുടെ സഹോദരങ്ങളായ ലോറനും ടോമും കൂടി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

    ആർക്കിയുടെ ജീവനെതിരെയുള്ള കോടതി വിധിയോട് പൊരുതാനാണ് അമ്മ ഹോല്ലിയുടെ തീരുമാനം. ആർക്കിയുടെ ജീവനു വേണ്ടി ഇപ്പോൾ ലോകമെമ്പാടുമുള്ള അനേകരുടെ പ്രാർത്ഥനയുമുണ്ട്. അതുകൊണ്ടുതന്നെ മകൻ തിരിച്ചു വരുമെന്ന് ഈ കുടുംബം പ്രതീക്ഷിക്കുന്നു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group