മുല്ലപ്പെരിയാര്‍ ഡാം പൊട്ടിത്തകര്‍ന്നാല്‍ 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ മരിക്കും; മുഖ്യന് ഉള്‍പ്പടെ കേരളത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും മൗനം…

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താകും കേരളം നേരിടാന്‍ പോകുന്ന മഹാദുരന്തം. അഞ്ചു വര്‍ഷത്തെ നിര്‍മാണകാലഘട്ടം കൂടി നോക്കിയാല്‍ ലോകത്തിലെയും ഇന്ത്യയിലെയുംതന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. പൊട്ടിത്തകര്‍ന്നാല്‍ കേരളത്തിലെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ അതിദാരുണമായി മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കെ കാരണഭൂതന്‍ ഉള്‍പ്പെടെ കേരളത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും മൗനമാണ്.

അടുത്ത മാസത്തോടെ മഴ ശക്തമായി ഇടുക്കി അണക്കെട്ട് ഏറെക്കുറെ പൂര്‍ണമായി നിറയുമെന്ന സാഹചര്യമാണ്. ഒരാഴ്ച പെരുമഴ തുടര്‍ന്നാല്‍ വന്‍പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതേ സമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടും നിറയുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് ഒരു മുന്‍കരുതലും സ്വീകരിക്കാനുള്ള സാഹചര്യമോ സമയമോ ഉണ്ടാകില്ല. മാത്രവുമല്ല മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ പെരിയാര്‍ വള്ളക്കടവു മുതല്‍ ഉപ്പുതറ വരെയുള്ള 40 കിലോമീറ്റര്‍ പ്രദേശത്തെ പെരിയാര്‍ തീരം അപ്പാടെ തീരും. ആയിരക്കണക്കിനു ജനങ്ങളുടെ ജീവനും തീരത്തെ മുഴുവന്‍ കെട്ടിടങ്ങളും അപ്പാടെ തൂത്തെറിയപ്പെടുന്ന ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും കേരളത്തിന് നേരിടേണ്ടിവരിക.

ഒരു മുന്നറിയിപ്പിനോ രക്ഷാപ്രവര്‍ത്തനത്തിനോ പോലും സമയം ലഭിക്കാത്ത വിധം കേരളം വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യമായിരിക്കുമുണ്ടാവുക. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ പൂര്‍ണമായി നിറഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തകര്‍ച്ചയുണ്ടാകുന്നതെങ്കില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. കേരളം എന്നല്ല ഇന്ത്യയും ലോകരാജ്യങ്ങളും സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തത്തിലേക്കായിരിക്കും സംസ്ഥാനം നീങ്ങുക.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിത്തകരുന്ന സാഹചര്യമുണ്ടാവുകയും ഇടുക്കി ഡാം നിറഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തെ നേരിടാന്‍ കേരളത്തിന് യാതൊരു സംവിധാനവുമില്ല. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഒരേ സമയം പൂര്‍ണമായി തുറന്നുവച്ചാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം താങ്ങാനുള്ള ശേഷം കുളമാവ് അണക്കെട്ടിനില്ലെന്നതാണ് വസ്തുത. കുളമാവ് അണക്കെട്ട് കല്ലില്‍ പണിത ഡാമായതിനാല്‍ ഒട്ടും തന്നെ ബലവത്തല്ല എന്നതാണ് പ്രധാന പരിമിതി. ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ സുരക്ഷിതമാണെങ്കിലും ഇതേ പദ്ധതിയില്‍തന്നെയുള്ള കുളമാവ് വഴി പുറത്തേക്കൊഴുകുന്ന പ്രളയം താഴെയുള്ള നാല് അണക്കെട്ടുകള്‍ കൂടി തകര്‍ത്തേ മുന്നോട്ടു പായുകയുള്ളു എന്നതാണ് ഭയാനകം.

ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ ഉള്‍പ്പെടെ നാലു ഡാമുകള്‍ കൂടി തകരുന്ന സാഹചര്യം കേരളത്തിന് ചിന്തിക്കാന്‍ കൂടിയാവുകയില്ല. ഇടുക്കി, എറണാകുളം ജില്ലകളിലായിരിക്കും ഈ മഹാദുരന്തം ഏറ്റവുമധികം നാശം വിതയ്ക്കുക. കോട്ടയം, ആലപ്പുഴ ജില്ലകളിലും ദുരന്തം വന്‍നാശം വിതയ്ക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. എറണാകുളം ജില്ല പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുമെന്നതാണ് ഏറ്റവും ഭീതികരം. നെടുമ്ബാശേരി വിമാനത്താവളവും ആലുവയിലെ ഫാക്ടറികളും അമ്ബലമുകള്‍ ഓയില്‍ റിഫൈനറിയും ഉള്‍പ്പെടെ കേരളത്തിലെ എല്ലാ സംരഭങ്ങളും തകര്‍ന്നു തരിപ്പണമാകും. അണക്കെട്ടു തകര്‍ന്നാലുണ്ടാവുക മലവെള്ളപ്പാച്ചില്‍ മാത്രമല്ല ഇത്രയും വലിയ ആഘാതത്തിന്റെ ഭാഗമായി ഭൂകമ്ബവും മലയിടിച്ചിലും കൂടി സംഭവിക്കുമെന്നതാണ് ഭീതികരം.

ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഏലപ്പാറ, വാഗമണ്‍ മലകള്‍ തകര്‍ത്ത് പ്രളയം കോട്ടയം ജില്ലയെ കൂടി തരിപ്പണമാക്കാനുള്ള സാധ്യതയും ഏറെയാണ്. പെരിയാറിനു പുറമെ മീനച്ചില്‍, മണിമല നദികളിലും പ്രളയമുണ്ടായാല്‍ അതും ചിന്തിക്കാവാത്ത സാഹചര്യമായിരിക്കും സൃഷ്ടിക്കുക. കുട്ടനാട് പൂര്‍ണമായി മുങ്ങിപ്പോകുമെന്നതാണ് മറ്റൊരു സാഹചര്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അന്‍പതോ എണ്‍പതോ വര്‍ഷം മാത്രമാണെന്നാണ് അതിന്റെ നിര്‍മാതാവായ ബ്രിട്ടീഷ് എന്‍ജിനീയര്‍ പെന്നി ക്വിക്ക് അവകാശപ്പെട്ടത്. ഇന്ന് പെന്നി ക്വിക്ക് ജീവിച്ചിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റണമെന്ന് അദ്ദേഹംതന്നെ തമിഴ് നാടിനോട് ആവശ്യപ്പെടുമായിരുന്നു. തമിഴ് നാട്ടിലെ കമ്ബം, തേനി, ഗൂഡല്ലൂര്‍, രാമനാഥപുരം, മധുര ഉള്‍പ്പെടുന്ന നാലു ജില്ലകളിലെ വരള്‍ച്ചക്ക് പരിഹാരമായാണ് ബ്രിട്ടീഷുകാര്‍ കേരളത്തിലെ മുല്ലപ്പെരിയാറ്റില്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.

സിമന്റിന്റെ അംശംപോലും ചേരാതെ സുര്‍ക്കിയിലും ചുണ്ണാമ്ബിലും പണിത അണക്കെട്ടിന് 125 വര്‍ഷത്തെ ആയുസു ലഭിച്ചു എന്നതുതന്നെ ഇക്കാലത്ത് അതിശയമാണ്. മുല്ലപ്പെരിയാര്‍ അണിക്കെട്ട് പണിയുന്ന കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായിരുന്നു അത്. അതിദുര്‍ബലമായ അണക്കെട്ട് പൊളിച്ച്‌ പുതിയ പണിയണം എന്ന ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ആര്‍ജവത്വം പിണറായി വിജയന് എന്നുണ്ടാകും എന്നതാണ് കേരളം ആകാംഷയോടെ ചോദിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് കാലു കുത്തണമെങ്കില്‍ പോലും തമിഴ് നാട് കനിയണം എന്ന ഗതികേടിന് എന്നുണ്ടാകും പരിഹാരം എന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്ന ചോദ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m