ഗോരഖ്പൂർ രൂപതക്ക് പുതിയ ഇടയൻ

ഗോരഖ്പൂർ ആസ്ഥാനമായുള്ള സീറോ മലബാർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സി.എസ്.റ്റി സന്യാസസമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനം തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 2023 ആഗസ്റ്റ് 26-ാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തുടർന്നു മേജർ ആർച്ചുബിഷപ്പും ഗോരഖ്പൂർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ തോമസ് തുരുത്തിമറ്റവും ചേർന്നു നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനുശേഷം സി.എസ്.റ്റി. സന്യാസസമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽ ചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യ വ്രതം ചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി. വൈദിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യ സ്വീകരണത്തിനു ശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവകവികാരി, സ്കൂൾമാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽ നിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലന ശുശ്രൂഷ ചെയ്തു. 2015 മുതൽ 2018 വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രൊവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചു വരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഇടുക്കി രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ജേഷ്ഠ സഹോദരനാണ് നിയുക്ത മെത്രാൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group