പൗരോഹിത്യ ബ്രഹ്‌മചര്യത്തില്‍ വിട്ടുവീഴ്ചകള്‍ പാടില്ല : വത്തിക്കാന്‍ ഡികാസ്ട്രി പ്രീഫെക്ട്

വത്തിക്കാൻ സിറ്റി: പൗരോഹിത്യ ബ്രഹ്‌മചര്യം സഭക്ക് ലഭിച്ചിട്ടുള്ള ക്രിസ്തുവിന്റെ സമ്മാനമാണെന്നും അതിൽ വിട്ടുവീഴ്ച പാടില്ലെന്നും ബിഷപ്പുമാര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ക് ഔല്ലെറ്റ്.

പൗരോഹിത്യത്തെക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രം’ എന്ന സിമ്പോസിയത്തെക്കുറിച്ച് ടി ജി കോം 24 എന്ന ഇറ്റാലിയന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. പൗരോഹിത്യ ബ്രഹ്‌മചര്യത്തില്‍ വിട്ടുവീഴ്ചകള്‍ തേടുന്നത് ശുഭസൂചകമല്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

വിശ്വാസത്തിന്റെ വലിയ സാക്ഷ്യവും കര്‍ത്താവിന്റെ ശ്രേഷ്ഠ ദാനവുമാണ് പൗരോഹിത്യ ബ്രഹ്‌മചര്യം എന്ന് ഓര്‍മിപ്പിച്ച കര്‍ദിനാള്‍ മാര്‍ക് ഔല്ലെറ്റ് , പൗരോഹിത്യ ബ്രഹ്‌മചര്യത്തെ കുറ്റപ്പെടുത്തുകയല്ല മറിച്ച് പ്രോത്സാഹിപ്പിക്കുകയും വിലമതിക്കുകയുമാണ് വേണ്ടതെന്നും പറഞ്ഞു. ബ്രഹ്‌മചര്യം എന്നത് ഒരു പുരോഹിതന് ലഭിച്ച ദൈവവിളിയുടെ സാക്ഷ്യമാണ്. അത് ക്രിസ്തുവിന്റെ ജീവിതത്തിന്റെ പിന്തുടര്‍ച്ചയാണ്. ഈ സവിശേഷമായ ദൈവവിളിയില്‍ നിലനിന്നു പോകാന്‍ ദൈവകൃപയാല്‍ മാത്രമേ സാധ്യമാവുകയുള്ളു എന്നും പൗരോഹിത്യ ബ്രഹ്‌മചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ കര്‍ദിനാള്‍ വ്യക്തമാക്കി. പൗരോഹിത്യ ബ്രഹ്‌മചര്യത്തിനെതിരായ വ്യതിയാന ചിന്തകളും വൈദിക ബ്രഹ്‌മചര്യത്തില്‍ വിട്ടുവീഴ്ചകള്‍ നിര്‍ദേശിക്കുന്ന പുരോഗമന വാദങ്ങളും ശുഭസൂചകമല്ലെന്ന് കര്‍ദ്ദിനാള്‍ വിലയിരുത്തി. അത്തരം ആധുനിക ചിന്താഗതികള്‍ സ്‌നേഹരാഹിത്യത്തില്‍ നിന്നും , വിശ്വാസരാഹിത്യത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്നും അതിനാല്‍ തന്നെ ഉപേക്ഷിക്കപ്പെടേണ്ടവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇക്കാര്യത്തില്‍ സഭ പിളര്‍പ്പിന്റെ വക്കിലല്ലേ എന്ന ചോദ്യത്തിന് ദൈവം നമ്മെ പിളര്‍പ്പിൽ നിന്നും രക്ഷിക്കും എന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group