മെക്സിക്കൻ താരത്തിന്റെ ജപമാല യത്നത്തിന് ഒരു വയസ്സ്

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ നടനും, നിര്‍മ്മാതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാറാഡോ വേരാസ്റ്റെഗുയി സമൂഹമാധ്യമങ്ങളിലൂടെ ദിവസേന നടത്തിയിരുന്ന തത്സമയ ജപമാല അര്‍പ്പണത്തിന് ഒരുവര്‍ഷം. ”കൊറോണ വൈറസിന്റെ അന്ത്യത്തിനും, പകര്‍ച്ചവ്യാധി കാരണം ദാരിദ്യത്തില്‍ കഴിയുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജപമാല അര്‍പ്പണത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 22- നാണ് ആചരിച്ചത്. ”മറിയത്തോടൊപ്പമുള്ള ഒരു വര്‍ഷ”ത്തിന്റെ സ്മരണക്കായി തങ്ങളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളുടെ ഫോട്ടോകള്‍ ”റിന്‍കോണ്‍ഗ്വാഡലൂപാനോ” എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ പങ്കുവയ്ക്കുവാന്‍ വെരാസ്റ്റേഗുയി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും, സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തട്ടകമായി സമൂഹമാധ്യമങ്ങളേയാണ് അടിയുറച്ച കത്തോലിക്കനും, ‘വിവാ മെക്സിക്കോ’ പ്രസ്ഥാനത്തിന്റെ സ്ഥാപകനും, മനുഷ്യാവകാശ സംരക്ഷകനുമായ വെരാസ്റ്റേഗുയി തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തത്സമയ ജപമാല അര്‍പ്പണത്തിന് താരം ആരംഭം കുറിക്കുകയായിരുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 22ന് രാവിലെ 9 മണിക്കും, ഉച്ചക്ക് 1 മണിക്കും, വൈകിട്ട് 5 മണിക്കും, രാത്രി 9 മണിക്കും (മെക്സിക്കന്‍ സമയം) സമൂഹമാധ്യമങ്ങളിലൂടെ ജപമാല അര്‍പ്പണം ഉണ്ടായിരുന്നു. നിരവധി പേരാണ് ഇതില്‍ പങ്കെടുത്തത്.മെറ്റലോണിയ ഫിലിംസിന്റെ സഹസ്ഥാപകനും, ‘ബെല്ല’, ‘ലിറ്റില്‍ ബോയ്‌’ എന്നീ സിനിമകളുടെ നിര്‍മ്മാതാവുമായ വെരാസ്റ്റേഗുയിയുടെ തത്സമയ ജപമാല പ്രാര്‍ത്ഥനാ പരിപാടിക്ക് സമാനതകളില്ലാത്ത വിജയമാണ് ലഭിച്ചത്. ജപമാല അര്‍പ്പണത്തില്‍ പങ്കാളിയാവാനുള്ള സമൂഹമാധ്യമത്തിലൂടെയുള്ള വെരാസ്റ്റേഗുയിയുടെ ആദ്യക്ഷണത്തിനു തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് ഏതാണ്ട് 10 കോടി ജപമാലകള്‍ അര്‍പ്പിച്ചു കഴിഞ്ഞതായാണ് വെരാസ്റ്റേഗുയിയുടെ സമൂഹമാധ്യമ ശ്രംഖലകളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. അടിയുറച്ച മരിയ ഭക്തനായ താരം പ്രോലൈഫ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തി കൂടിയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group