സംഘടിത കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ആഴമേറിയ മുറിവുകളുണ്ടാക്കുന്നു : ഫ്രാൻസിസ് പാപ്പാ

സംഘടിതകുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരെ ശബ്ദമുയർത്തി ഫ്രാൻസിസ് പാപ്പാ. അന്തസ്സോടെ ജീവിക്കാനുള്ള സാധാരണ മനുഷ്യരുടെ പരിശ്രമങ്ങൾ ക്കെതിരെയുള്ള പ്രവർത്തനമാണിതെന്നും, മാനവികതയിൽ വലിയ മുറിവാണ് ഇതുളവാക്കുന്നതെന്നും മാർപാപ്പാ പറഞ്ഞു.

സംഘടിതകുറ്റകൃത്യങ്ങളിലേർപ്പെടുന്നവരും മാഫിയ പ്രവർത്തകരുമായ ആളുകളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ പൊതുസമൂഹനന്മയ്ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ച കോൺഫറൻസിൽ പങ്കെടുത്തവർക്കയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ ഈ പ്രതികരണം ഉള്ളത്.

പട്ടിണി, അക്രമങ്ങൾ, അടിച്ചമർത്തൽ, അനീതി, തുടങ്ങിയവയുടെ മുന്നിൽപ്പോലും, അധ്വാനിച്ച്, തങ്ങളുടെ മക്കളെ അന്തസ്സോടെ വളർത്താനുള്ള സാധാരണ മനുഷ്യരുടെ പരിശ്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണ് മാഫിയ പോലെയുള്ള സംഘങ്ങൾ നടത്തുന്നതെന്ന് പാപ്പാ എഴുതി.

സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ മാനവികതയ്‌ക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിക്കേണ്ടതാണെന്നും, ഇതിനെതിരെ ആഗോളതലത്തിൽ സംഘടിതമായ പ്രവർത്തനങ്ങൾ വേണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ് മാഫിയ എന്ന് പാപ്പാ എഴുതി.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വസ്തുവകകൾ കണ്ടെടുക്കാനായുള്ള പ്രവർത്തങ്ങൾക്ക് ആഹ്വാനം ചെയ്ത പാപ്പാ, എന്നാൽ അവ കണ്ടെടുക്കുക മാത്രമല്ല, പൊതുനന്മയ്ക്കായി അവ ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട ദുർബലരായ മനുഷ്യരെയാണ് പലപ്പോഴും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആക്രമിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m