ഹെയ്തിയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനൊടുവിൽ പോലീസ് അതിക്രമം

പോർട്ട്-ഓ-പ്രിൻസ്: രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു നേരെ പോലീസ് അതിക്രമം. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങളിലേക്കും, ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിലേക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയെന്ന ലക്ഷ്യവുമായി പെറ്റിയോൺ വില്ലയിലെ സെന്റ് പീറ്റർ ദേവാലയത്തിൽ നടന്ന ബലിയര്‍പ്പണത്തിന് ഒടുവിലാണ് അതിക്രമം ഉണ്ടായതെന്ന് ‘മിയാമി ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മണിക്കൂർ നീണ്ടുനിന്ന വിശുദ്ധ ബലി സമാപിച്ച ഉടനെ മെത്രാന്മാർ പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് കണ്ണീർവാതക പ്രയോഗമടക്കമുള്ള അതിക്രമം നടത്തിയത്.’മാസ് ഫോർ ദി ഫ്രീഡം ഓഫ് ഹെയ്തി’ എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത പ്രമുഖ പ്രതിപക്ഷ നേതാക്കളിലൊരാളായ ആന്ധ്രേ മൈക്കിൾ പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഒന്നിനെയും, ആളുകളുടെ ജീവനെ പോലും ബഹുമാനിക്കുന്നില്ലയെന്നും കണ്ണീർ വാതക പ്രയോഗം നടത്തിയതിന് പോലീസ് പലവിധങ്ങളായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും ഹെയ്തി മെത്രാൻ സമിതിയുടെ വക്താവ് ഫാ. ലൂഡീഗർ മാസില്ലേ വെളിപ്പെടുത്തി. പ്രതിഷേധ പ്രകടനങ്ങൾ നടത്താതെ ജനങ്ങൾ പിരിഞ്ഞു പോകാൻ വേണ്ടിയാണ് കണ്ണീർ വാതക പ്രയോഗം നടത്തിയതെന്നാണ് സഭാ അധികൃതരോട് പോലീസ് നടത്തിയ ഒരു വിശദീകരണം.രാജ്യത്തെ ജനങ്ങളോട് അനുഭാവം പ്രകടിപ്പിക്കാൻ വേണ്ടി നടത്തിയ വിശുദ്ധ കുർബാന അക്രമത്തിൽ കലാശിക്കുമെന്ന് സഭ കരുതിയില്ലെന്നും ഫാ. ലൂഡീഗർ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെയുംവികസനത്തിന്റെയും പാതയിലേക്ക് രാജ്യം തിരികെ മടങ്ങി പോകുന്നതിനു വേണ്ടി എല്ലാവരും സംയമനം പാലിക്കണമെന്നാണ് സഭ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിനാൽ ഹെയ്തിയിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചു വൈദികരെയും, രണ്ടു സന്യാസ്തരെയും, മൂന്നു അല്മായരെയും കഴിഞ്ഞ ആഴ്ച അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group