മെല്‍ബണ്‍ രൂപതയുടെ അധികാരപരിധി വിപുലപ്പെടുത്തിയതിൽ സംതൃപ്തി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ അധികാരപരിധിയിൽ ന്യൂസിലന്‍ഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് അധികാരപരിധി ഫ്രാന്‍സിസ് മാര്‍പാപ്പ വിപുലീകരിച്ചു. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രിയാണ് കഴിഞ്ഞ മാര്‍ച്ച് 29 ന് ഇതു സംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവു പ്രകാരം മെല്‍ബണ്‍ സെന്റ് തോമസ് രൂപതയുടെ അധികാരപരിധിയില്‍ ഇനി മുതല്‍ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമെ ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെടും. പുതിയ ഉത്തരവനുസരിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ സീറോ-മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനാകും മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപുലീകരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംതൃപ്തി പ്രകടിപ്പിച്ചു. ഓസ്ട്രേലിയയില്‍ മാത്രമൊതുങ്ങി നിന്നിരുന്ന അധികാര പരിധി ഓഷ്യാനിയ മുഴുവനിലേക്കും വ്യാപിപ്പിച്ചത് മെല്‍ബണ്‍ രൂപതയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ഔദ്യോഗിക ചടങ്ങുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നു രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group