അർമേനിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പാ

2018 മുതൽ അർമേനിയയുടെ പതിനാറാമത് പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന നിക്കോൾ പാഷിനിയനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. നവംബർ മാസം പതിനെട്ടാം തീയതി തിങ്കളാഴ്ച്ച രാവിലെ 8. 55 നാണ് കൂടിക്കാഴ്ച നടത്തിയത്. ഏകദേശം അരമണിക്കൂർ അപ്പസ്തോലിക കൊട്ടാരത്തിലെ ഗ്രന്ഥശാലയിൽ ഇരുവരും സംഭാഷണത്തിൽ ഏർപ്പെട്ടു.
സംഭാഷണത്തിനൊടുവിൽ പരമ്പരാഗതമായി സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. അർമേനിയൻ അപ്പസ്‌തോലിക സഭയും കത്തോലിക്കാ സഭയും വിശുദ്ധനായി വണങ്ങുന്ന, ദൈവശാസ്ത്രജ്ഞനും, താപസ്സശ്രേഷ്ഠനുമായ നരേക്കിലെ വിശുദ്ധ ഗ്രിഗറി രചിച്ച ‘വിലാപങ്ങളുടെ പുസ്തകം’ എന്ന ഗ്രന്ഥമാണ് പ്രധാനമന്ത്രി പാപ്പായ്ക്കു സമ്മാനിച്ചത്. ഗ്രന്ഥത്തിന്റെ ചട്ട, അർമേനിയൻ സ്വർണ്ണപ്പണിക്കാരുടെ സൃഷ്ടിയാണെന്നതും പ്രത്യേകതയാണ്.
“ആർദ്രതയും സ്നേഹവും” എന്ന പേരിൽ, ഒരു വശത്ത് സമാധാനത്തിൻ്റെയും മാനവികതയോടും പ്രകൃതിയോടും ഉള്ള ആദരവിൻ്റെ പ്രതീകവും, മറുവശത്ത് മലിനീകരണം മൂലം ഭീഷണി നേരിടുന്ന ലോകത്തിൻ്റെ പ്രതിച്ഛായയും ഉള്ള ഒരു ശിൽപം പാപ്പായും സമ്മാനിച്ചു. സൃഷ്ടിയുടെ സ്നേഹത്തിൻ്റെയും, സംരക്ഷണത്തിൻ്റെയും സന്ദേശമാണ് ശില്പകലയിൽ വെളിവാക്കുന്നത്. ഒപ്പം 2024ലെ സമാധാനത്തിനായുള്ള സന്ദേശവും പാപ്പായുടെ രേഖകളും നിക്കോൾ പാഷിനിയനു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m