സമാധാനാഹ്വാനം പുതുക്കിയും കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും ഫ്രാൻസിസ് മാർപാപ്പാ

മധ്യ-പൂർവ്വ യൂറോപ്പിൽ കടുത്ത മഴയുൾപ്പെടെ കാലാവസ്ഥാപ്രതിസന്ധികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചും, ലോകസമാധാനത്തിനായുള്ള ആഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ.

യുദ്ധമെന്ന പരാജയത്തിനെതിരെ ചിന്തിക്കാനുള്ള ഹൃദയം ദൈവം ഏവർക്കും നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശ്വാസികൾക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനത്തിൽ ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, യുദ്ധങ്ങൾ അവസാനിപ്പിക്കാനും, യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം നടത്തിയത്.

യുദ്ധമെന്നത് എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ, മ്യാന്മാർ എന്നീ പ്രദേശങ്ങളിലെ സംഘർഷങ്ങൾ പ്രത്യേകമായി പരാമർശിച്ച പാപ്പാ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങൾക്കെതിരെയും സംസാരിച്ചു.

പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്റെ അവസാനഭാഗത്ത്, മധ്യ-പൂർവ്വ യൂറോപ്പിൽ കടുത്ത മഴയും മറ്റു കാലാവസ്ഥാപ്രതിസന്ധികളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഓസ്ട്രിയ, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ജനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കടുത്ത മഴയെത്തുടർന്നുണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പാ പറഞ്ഞു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ പ്രാർത്ഥനകളും ആത്മീയസാന്നിദ്ധ്യവും വാഗ്ദാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group