ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ സ്ത്രീകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ് മാർപാപ്പാ

സാമൂഹിക, സഭാ രംഗങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കില്ലാതിരുന്ന സാഹചര്യത്തിൽപ്പോലും ലോകത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകിയെന്ന് ഫ്രാൻസിസ് പാപ്പാ.

പത്ത് വിശുദ്ധകളുടെ സാക്ഷ്യത്തെക്കുറിച്ചുകൂടി പ്രതിപാദിച്ചുകൊണ്ട്, “സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ” എന്ന പേരിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കവേയാണ് മദർ തെരേസ, ബകിത തുടങ്ങി പത്ത് വിശുദ്ധകളെ പേരെടുത്ത് പറഞ്ഞ് പാപ്പാ അനുസ്മരിച്ചത്. സ്ത്രീകളുടെ ആഗോള ദിനവുമായി ബന്ധപ്പെട്ട് പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയാണ് ഈ സമ്മേളനം വിളിച്ചു കൂട്ടിയത്.

തങ്ങളുടേതായ രീതിയിൽ, കാരുണ്യത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, പ്രാർത്ഥനയുടെയും ഉൾപ്പെടെയുള്ള തലങ്ങളിൽ, എപ്രകാരം ഈ ലോകത്ത് ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് ചിന്തിക്കാമെന്ന സ്ത്രീത്വത്തിന്റേത് മാത്രമായ ശൈലിയിൽ സാക്ഷ്യം നൽകിയവരാണ് ഈ വിശുദ്ധകൾ എന്ന് പാപ്പാ പറഞ്ഞു.

തങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും, ക്രൈസ്തവസാക്ഷ്യം കൊണ്ട് ശക്തിപ്പെടുത്തുകയും പരിവർത്തനപ്പെടുത്തുകയും ചെയ്ത നിരവധി, അറിയപ്പെടാത്തതും, മറന്നുപോയതുമായ സ്ത്രീകൾ ഉണ്ടെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്‌മരിച്ചു. സഭ സ്ത്രീയാണെന്ന് പറഞ്ഞ പാപ്പാ, അവൾ മകളും, വധുവും അമ്മയുമാണെന്നും, സഭയ്ക്ക് ഇന്ന് ഇത്തരം ആളുകളെ ആവശ്യമുണ്ടെന്നും പറഞ്ഞു. ദൈവജനങ്ങൾക്കിടയിൽ സ്ത്രീകൾ കൂടുതൽ വിലമതിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

ഈ അന്താരാഷ്ട്ര സമ്മേളനത്തിന് “സ്ത്രീകൾ മാനവികതയുടെ ശിൽപികൾ” എന്ന തലക്കെട്ട് അനുയോജ്യമാണെന്ന് പറഞ്ഞ പാപ്പാ, സ്ത്രീകളുടെ വിളിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. ജീവന്റെയും, പൊതുനന്മയുടെയും സമാധാനത്തിന്റെയും സേവനത്തിലൂടെ സൃഷ്ടാവിന്റെ സഹകാരിണികളാകാൻ വിളിക്കപ്പെട്ടവരാണ് സ്ത്രീകൾ.

സ്ത്രീകൾക്ക്, ഇന്നത്തെ ലോകത്തിന് ആർദ്രതയോടെയുള്ള പെരുമാറ്റത്തിന്റെ ശൈലി പകർന്നുകൊടുക്കാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരുണ്യത്തിന്റെയും, സേവനതല്പരതയുടെയും ശൈലിയിലൂടെ സ്നേഹിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group