ഫാത്തിമയിൽ ലോകമെങ്ങുമുള്ള യുവതീ-യുവാക്കൾക്കൊപ്പം ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പ.
ഇന്നലെ രാവിലെ ലിസ്ബൺ നഗരത്തിലെ ഫിഗോ മാഥുരോ എയർബേസിൽനിന്ന് ഹെലികോപ്റ്ററിൽ 70 കിലോമീറ്റർ അകലെയുള്ള ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിലെത്തിയ മാർപാപ്പ പിന്നീട് പോപ്പ് മൊബീലിൽ ദേവാലയ ചത്വരം തിങ്ങിനിറഞ്ഞ യുവജനങ്ങളെ ആശീർവദിച്ചു.
രണ്ടു ലക്ഷത്തോളം വരുന്ന തീർത്ഥാടകർ “വിവാ പാപ്പ’’ വിളികളോടെയാണ് മാർപാപ്പയെ എതിരേറ്റത് . തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ ദർശനമുണ്ടായ തീർത്ഥാടന കേന്ദ്രത്തിൽ രോഗികളും അംഗവിഹീനരും തടവുകാരുമായ ഏതാനും യുവാക്കൾക്കൊപ്പം മാർപാപ്പ ജപമാലയിൽ പങ്കെടുത്തത്.
ഇതേസമയം, പുറത്തു തടിച്ചുകൂടിയ ലോകമെങ്ങും നിന്നുള്ള യുവതീ-യുവാക്കൾ പ്രാർത്ഥനകൾ ഏറ്റുചൊല്ലി.
“ഈ ചെറിയ ദേവാലയം വാതിലുകൾ ഇല്ലാത്ത സഭയുടെ മനോഹരമായ പ്രതീകമാണ്. വാതിലുകൾ ഇല്ലാത്തതിനാൽ ഏവർക്കും ഇതിൽ പ്രവേശിക്കാം.’’-ജപമാലയ്ക്കു മുന്നോടിയായി നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. “നാം ജപമാല പ്രാർത്ഥിച്ച് ഈശോയുമായും പരിശുദ്ധ കന്യകാമാതാവുമായും നമ്മെ കൂടുതൽ അടുപ്പിക്കണം. സന്തോഷകരമായ ദിവ്യരഹസ്യങ്ങളെക്കുറിച്ച് നാം ധ്യാനിച്ചു. സന്തോഷം നിറഞ്ഞ വീടാണു സഭയെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു’’-മാർപാപ്പ പറഞ്ഞു. ജപമാലയ്ക്കു ശേഷം ലത്തീൻ ഭാഷയിൽ “രാജകന്യകേ’’ ഗാനം വിശ്വാസികളൊന്നടങ്കം ആലപിച്ചു.
തുടർന്ന് ലിസ്ബണിൽ തിരിച്ചെത്തിയ മാർ പാപ്പ ഈശോസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാത്രി 8.45 ന് യുവജന നിബിഡമായ തെഹോ പാർക്കിൽ ഭക്തിസാന്ദ്രമായ ജാഗരണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആറു ലക്ഷത്തോളം വരുന്ന യുവജനങ്ങൾ ഇന്നലെ നടന്ന നിശാജാഗരണത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group