ജനങ്ങളോട് ഭരണകൂടം പുലര്‍ത്തുന്നത് ഗൗരവതരമായ അനാസ്ഥ: മാനന്തവാടി രൂപതാദ്ധ്യക്ഷന്‍

ഭരണകൂടം പുലര്‍ത്തുന്നത് ഗൗരവതരമായ അനാസ്ഥയാണെന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാലുവിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. വന്യമൃഗാക്രമണം നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഓരോ ദിവസത്തെയും വര്‍ത്തമാന പത്രങ്ങള്‍ പുലിയും കടുവയും കാട്ടുപന്നിയും ജനവാസമേഖലകളെ അസ്വസ്ഥതപ്പെടുത്തുന്നതിന്റെ വാര്‍ത്തകള്‍ കൊണ്ടു നിറയുന്നു. മനുഷ്യര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാനോ വീടിന് പുറത്തിറങ്ങി നടക്കാനോ സാധിക്കുന്നില്ല. വയനാട് പോലെയുള്ള മലയോര മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങേണ്ടി വരുന്ന മനുഷ്യര്‍ക്ക് കൂടെ ആരെങ്കിലുമില്ലാതെ കാല്‍നടയാത്ര ചെയ്യുകയെന്നത് അചിന്ത്യമായിത്തീരുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.

റബര്‍ ടാപ്പിംഗിനും വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനുമെല്ലാമായി വെളിച്ചം വീഴും മുമ്പേ അദ്ധ്വാനിക്കാനായി പുറത്തിറങ്ങുന്ന മനുഷ്യര്‍ ജീവന്‍ കൈയിലെടുത്തു പിടിച്ചാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. കുട്ടികളെ തനിയെ സ്കൂളുകളിലേക്ക് അയക്കാന്‍ ഇന്ന് പലര്‍ക്കും ഭയമാണ്. പറമ്പിലുണ്ടാകുന്ന സാധാരണ അനക്കങ്ങള്‍ പോലും കര്‍ഷകരായ ഈ പാവപ്പെട്ട മനുഷ്യരിൽ ഭയം ഉളവാക്കുന്നു. ഈ അവസ്ഥക്ക് ശാശ്വതമായ പരിഹാരം കാണേണ്ട ഭരണകൂടം വേണ്ടി വന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കി എത്രയും വേഗം പരിഹാര മാർഗ്ഗങ്ങൾ നടപ്പാക്കേണ്ടതുണ്ട്. -ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group