കുടുംബങ്ങളിൽ പെസഹാ ഭക്ഷണത്തിന് മുമ്പുള്ള പ്രാർത്ഥന

വർഷംതോറും പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളിൽ നടത്തുന്ന അപ്പം മുറിക്കൽ അഥവാ പെസഹാ ഭക്ഷണം, കുർബാനയാകുന്ന വലിയ അപ്പം മുറിക്കലിന്റെ ഓർമ്മപുതുക്കലാണ് .
പ്രാർത്ഥനാപൂർവ്വം നമുക്ക് ഈ വിശ്വാസ ആചരണം നമ്മുടെ വീടുകളിൽ നടത്താം.

(കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പ്രാർത്ഥനാപൂർവ്വം നിൽക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് പെസഹാ അപ്പം മുറിക്കൽ കർമ്മത്തിന്റെ കാമ്മികൻ).

കുടുംബനാഥൻ: പിതാവിന്റെയും
പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ

എല്ലാവരും: ആമ്മേൻ

കുടുംബനാഥൻ: സ്വർഗ്ഗസ്ഥനായ

ഞങ്ങളുടെ പിതാവേ… (എല്ലാവരും ഒരുമിച്ച് പ്രാർത്ഥന പൂർത്തിയാക്കുന്നു)

കുടുംബനാഥൻ: പ്രപഞ്ചത്തിൻ്റെ നാഥനും

രാജാവുമായ ദൈവമേ, അങ്ങ് ഞങ്ങളെ വിശുദ്ധ ജനമായി തിരഞ്ഞെടുത്തതിനെ പ്രതി ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. അങ്ങു കൽപിച്ചതു പോലെ അങ്ങയുടെ പെസഹാ ഭക്ഷണത്തിന്റെ ഓർമ്മ ആചരിക്കുവാൻ ഞങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നു. ഈ തിരുക്കർമ്മം ഭക്തിയോടെ നിർവ്വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

പഴയനിയമ വായന പുറപ്പാട്: 12: 8-11

അവർ അതിന്റെറെ മാംസം തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം. ചുട്ടല്ലാതെ പച്ചയായോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും – തലയും കാലും ഉൾഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം. പ്രഭാതമാകുമ്പോൾ അതിൽ യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാൽ തീയിൽ ദഹിപ്പിക്കണം. ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്. അര മുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈയ്യിലേന്തി തിടുക്കത്തിൽ ഭക്ഷിക്കണം. കാരണം അത് കർത്താവിന്റെ പെസഹായാണ്.

സുവിശേഷ വായന: മത്തായി 26: 26-30

അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്ക് കൊടുത്തുകൊണ്ടു പറഞ്ഞു:
നിങ്ങളെല്ലാവരും ഇതിൽ നിന്നു പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്. ഞാൻ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തിൽ നിന്നു ഞാൻ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവർ ഒലിവുമലയിലേക്കു പോയി.

പ്രാർത്ഥന

കുടുംബനാഥൻ: കർത്താവായ ദൈവമേ, പിതൃവാത്സല്യത്തോടെ അങ്ങ് സർവ്വസൃഷ്ടജാലങ്ങളെയും പരിപോഷിപ്പിക്കുകയും അങ്ങേ മക്കളെ നിരന്തരം വിശുദ്ധ കുർബാനയാൽ പരിരക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അങ്ങേ അനന്തമായ ദാനങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു. പെസഹാവ്യാഴ രാത്രിയിൽ ശിഷ്യന്മാർക്കൊപ്പം സെഹിയോൻ മാളികയിൽ ഒരുമിച്ചുകൂടി, അപ്പം മുറിച്ച് ഭക്ഷിക്കുന്നതിനു മുമ്പ് ശിഷ്യന്മാരുടെ പാദം കഴുകി, അവർക്ക് പുതിയ ഒരു പാതയിലൂടെ പാപമില്ലാതെ സഞ്ചരിക്കാൻ കൃപ നൽകിയ കർത്താവേ, അങ്ങേ കാരുണ്യത്താൽ ഞങ്ങൾ ഭക്ഷിക്കാൻ പോകുന്ന ഈ പെസഹാഭക്ഷണത്തെ ആശീർവദിക്കണമേ.

ഈ പെസഹാ ആചരിക്കാൻ ഞങ്ങൾക്ക്
ആയുസും ആരോഗ്യവും നൽകിയ
കർത്താവേ, അങ്ങേക്ക് നന്ദി പറയുന്നു.

ഈ പെസഹാഭക്ഷണം ഒരുക്കിയവരെയും
പാചകം ചെയ്തവരെയും
അനുഗ്രഹിക്കണമേ. വെറുപ്പില്ലാതെ,
യോഗ്യതയോടെ,
പരസ്പരസ്നേഹത്തോടെ ഞങ്ങൾ ഈ
പെസഹാ ഭക്ഷിക്കട്ടെ. തിരുവചനത്താൽ
വീര്യമാർജ്ജിച്ച് വിശ്വാസത്താൽ കൂടുതൽ
ശക്തരാകുവാനും അങ്ങേ രാജ്യത്തിനായി
തീക്ഷ്ണതയോടെ പ്രവർത്തിക്കാനും
ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ എന്നേക്കും, ആമ്മേൻ

(കുടുംബനാഥൻ അപ്പം മുറിച്ച് പാലിൽ മുക്കി മുതിർന്നവർ മുതൽ പ്രായക്രമം അനുസരിച്ചു എല്ലാവർക്കും കൊടുക്കുന്നു).

കുടുംബനാഥൻ: ഞങ്ങളുടെ പിതാവായ

ദൈവമേ, ഞങ്ങളുടെ കുടുംബത്തിൽ വസിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. നസറത്തിലെ തിരുക്കുടുംബം പോലെ ഞങ്ങളുടെ കുടുംബവും അങ്ങേക്കു പ്രീതികരമായി ജീവിക്കട്ടെ. ഈ ലോകത്തിൽ അങ്ങേക്കു ശുശ്രൂഷ ചെയ്യുന്ന ഞങ്ങളെ എല്ലാവരേയും സ്വർഗ്ഗീയ ഓർശ്ശത്തെ നിത്യസൗഭാഗ്യത്തിന് അർഹരാക്കേണമേ.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

(എല്ലാവരും പരസ്പരം ഈശോക്കു സ്തുതി ചൊല്ലുന്നു)

ഈശോമിശാഹായ്ക്ക് സ്തുതിയായിരിക്കട്ടെ!

കടപ്പാട് : ഫാ. സൈജു തുരുത്തിയിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m