വിശുദ്ധ പാട്രിക്കിന്റെ പ്രാർത്ഥന

അന്ധകാര ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു ‘മാര്‍ച്ചട്ട’യായി നമുക്കും ഈ പ്രാര്‍ത്ഥന ഉപയോഗിക്കാം.

ഏറ്റവും പരിശുദ്ധമായ ത്രിയേകദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ശക്തിയേറിയ യോഗ്യതകള്‍ക്കും എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവായ ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിനും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു.

ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും അവിടുത്തെ മാമ്മോദീസായുടെയും ശക്തിക്കും അവിടുത്തെ കുരിശുമരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റയും സ്വര്‍ഗാരോഹണത്തിന്റെയും വിധിയാളനായുള്ള അവിടുത്തെ രണ്ടാം വരവിന്റെയും ശക്തിക്കും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു.

സെറാഫുകളുടെ സ്‌നേഹത്തിന്റെ ശക്തിയ്ക്കും മാലാഖമാരുടെ അനുസരണത്തിനും നിത്യസമ്മാനം ലഭിക്കുന്നതിനായുള്ള ഉത്ഥാനത്തിന്റെ പ്രത്യാശയ്ക്കും പൂര്‍വ്വപിതാക്കന്‍മാരുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രവാചകന്‍മാരുടെ പ്രവചനങ്ങള്‍ക്കും അപ്പസ്‌തോലന്‍മാരുടെ പ്രബോധനങ്ങള്‍ക്കും വേദസാക്ഷികളുടെ വിശ്വാസത്തിനും കന്യകകളുടെ ശുദ്ധതയ്ക്കും വിശുദ്ധരുടെ പുണ്യപ്രവൃത്തികള്‍ക്കും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു.

പിശാചിന്റെ കെണികള്‍ക്ക് എതിരായും പാപത്തിന്റെ പ്രലോഭനങ്ങള്‍ക്ക് എതിരായും പ്രകൃതിയുടെ ആസക്തികള്‍ക്ക് എതിരായും അടുത്തോ അകലെയോ ഒറ്റയ്‌ക്കോ കൂട്ടമായോ എനിക്കെതിരെ തിന്മ നിരൂപിക്കുന്ന എല്ലാവര്‍ക്കുമെതിരായും, എന്നെ വഴിനടത്തുന്നതിനായി ദൈവത്തിന്റെ ശക്തിക്കും എന്നെ താങ്ങിനിറുത്തുന്നതിനായി ദൈവത്തിന്റെ ബലത്തിനും എന്നെ പഠിപ്പിക്കുന്നതിനായി ദൈവത്തിന്റെ ജ്ഞാനത്തിനും എന്നെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്തിന്റെ കണ്ണുകള്‍ക്കും എന്നെ ശ്രവിക്കുന്നതിനായി ദൈവത്തിന്റെ കാതുകള്‍ക്കും എനിക്ക് സംസാരിക്കുന്നതിനായി ദൈവത്തിന്റെ വചനത്തിനും എന്നെ സംരക്ഷിക്കുന്നതിനുനായി ദൈവത്തിന്റെ കരങ്ങള്‍ക്കും എന്റെ പാത ഒരുക്കുന്നതിനായി ദൈവത്തിന്റെ മാര്‍ഗത്തിനും എനിക്ക് സുരക്ഷിതത്വം നല്‍കുന്നതിനായി ദൈവത്തിന്റെ പരിചയ്ക്കും എനിക്ക് പ്രതിരോധം തീര്‍ക്കുന്നതിനായി ദൈവത്തിന്റെ സൈന്യത്തിനും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു.

എന്റെ ആത്മാവിനും ശരീരത്തിനുമെതിരായി യുദ്ധം ചെയ്യുന്ന ശത്രുവിന്റെ എല്ലാ ഉഗ്രശക്തികള്‍ക്ക് എതിരായും വ്യാജപ്രവാചകന്‍മാരുടെ എല്ലാ വശീകരണങ്ങള്‍ക്ക് എതിരായും അവിശ്വാസികളുടെ സകല ദുര്‍നിയമങ്ങള്‍ക്ക് എതിരായും അബദ്ധവിശ്വാസങ്ങളുടെ എല്ലാ വ്യാജ പ്രബോധനങ്ങള്‍ക്ക് എതിരായും വിഗ്രഹാരാധനയുടെ എല്ലാ കബളിപ്പിക്കലിനും എതിരായും ദുര്‍മന്ത്രവാദികളുടെയും ക്ഷുദ്രപ്രയോഗക്കാരുടെയും എല്ലാ ആഭിചാരത്തിനും എതിരായും മനുഷ്യാത്മാവിനെ ബന്ധനാവസ്ഥയിലാക്കുന്ന എല്ലാ അറിവുകള്‍ക്ക് എതിരായും ഈ പുണ്യങ്ങള്‍ തേടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
സമൃദ്ധമായ അനുഗ്രഹങ്ങള്‍ സ്വന്തമാക്കാന്‍ തക്കവിധം വിഷബാധയില്‍നിന്നും പൊള്ളലില്‍നിന്നും മുങ്ങിമരണത്തില്‍നിന്നും മുറിവുകളില്‍നിന്നും ക്രിസ്തുവേ, എന്നെ നീ ഈ ദിവസം കാത്തുപരിപാലിക്കണമേ.

ക്രിസ്തു എന്റെ കൂടെയായിരിക്കട്ടെ. എനിക്കു മുമ്പേയും, എനിക്ക് പുറകെയും എന്റെ ഉളളിലും എനിക്ക് കീഴിലും എന്റെ മുകളിലും ക്രിസ്തു ഉണ്ടായിരിക്കട്ടെ.

എന്റെ വലത്തും എന്റെ ഇടത്തും എന്നെക്കുറിച്ച് ചിന്തിക്കുന്ന എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും എന്നെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരുടെയും നാവിലും എന്നെക്കാണുന്ന എല്ലാ കണ്ണുകളിലും എന്നെ ശ്രവിക്കുന്ന എല്ലാ കാതുകളിലും ക്രിസ്തു ഉണ്ടായിരിക്കട്ടെ.

ഏറ്റവും പരിശുദ്ധമായ ത്രിയേകദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ശക്തിയേറിയ യോഗ്യതകള്‍ക്കും എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവായ ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തിനും ഞാന്‍ ഇന്ന് എന്നെ ഭരമേല്‍പ്പിക്കുന്നു.

രക്ഷ കര്‍ത്താവിന്റേതാണ്,
രക്ഷ ക്രിസ്തുവില്‍ നിന്നാണ്,

ഓ കര്‍ത്താവേ, അവിടുത്തെ രക്ഷ എന്നേക്കും ങ്ങളോടൊത്തുണ്ടായിരിക്കട്ടെ. ആമേന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group