കണ്ണൂർ: കവർച്ചയ്ക്ക് ന്യൂജെൻ ശൈലിയുമായി മോഷ്ടാക്കള്‍. ഓടിളക്കിയും അടുക്കളവാതില്‍ കുത്തിപ്പൊളിച്ചുമുള്ള പഴയകാല ശൈലികള്‍ മോഷ്ടാക്കള്‍ കൈയൊഴിയുകയാണ്.
സ്കെച്ചും പ്ലാനും തയാറാക്കി ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ കവർച്ച നടത്തുന്നതാണ് പുതിയ രീതി. ഒരു വർഷത്തിനിടെ നടന്ന മോഷണശൈലികള്‍ പരിശോധിച്ചതില്‍നിന്നാണ് മോഷ്ടാക്കള്‍ പ്രഫഷണല്‍ രീതിയിലേക്കു മാറുന്നുവെന്ന വിവരം പോലീസ് തിരിച്ചറിയുന്നത്.
കവർച്ചയ്ക്കു ശേഷം പോലീസ് ആദ്യാവസാനം നടത്തുന്ന പരിശോധനകളും അന്വേഷണങ്ങളും വിശദമായി മനസിലാക്കിയ ശേഷമായിരിക്കും അടുത്ത മോഷണത്തിനുള്ള കരുനീക്കം.
പ്രതിയിലേക്ക് എത്തുന്ന തെളിവുകള്‍, വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയില്‍നിന്ന് പ്രതികളെ കണ്ടെത്തുക പുതിയ മോഷണരീതിയില്‍ പോലീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതാകും. കൂടാതെ ഡോഗ് സ്ക്വാഡ്, സൈബർ സെല്‍ എന്നിവയുടെ അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാർഗങ്ങളും മോഷ്ടാക്കള്‍ അവലംബിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
കവർച്ചയ്ക്കുള്ള തയാറെടുപ്പിനേക്കാള്‍ സൂക്ഷ്മമായാണ് പിടിക്കപ്പെടാതിരിക്കാനുള്ള മാർഗങ്ങള്‍ മോഷ്ടാക്കള്‍ സ്വീകരിക്കുന്നത്. ഇതിനായി വിദഗ്ധ സംഘത്തിന്‍റെ സഹായംതന്നെ കുപ്രസിദ്ധ മോഷ്ടാക്കള്‍ തേടുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് സൂചന.
പുതിയ രീതികള്‍
അടുക്കളവാതിലോ ജനല്‍പാളിയോ മേല്‍ക്കൂരയോ അല്ല നേരിട്ട് വീടിന്‍റെ മുൻവാതില്‍ കുത്തിത്തുറന്ന് അകത്തു കയറുന്ന പുതിയ രീതിയാണ് ‘ഓപ്പണ്‍ ത്രൂ ഹാർട്ട്’. ഇതില്‍ വീടിന്‍റെ മറ്റു ഭാഗങ്ങള്‍ തകർക്കുകയോ കേടുവരുത്തുകയോ ചെയ്യില്ല. കയറുന്ന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങും. ആളില്ലാത്ത വീടുകളിലാണ് ഈ രീതി പ്രയോഗിക്കുന്നത്.
മോഷ്ടാക്കള്‍ അടുക്കളവാതിലിലൂടെയാണ് അകത്തു കയറുന്നതെന്നാണ് ആളുകളുടെ പൊതുധാരണ. അതിനാല്‍ മുൻ വാതിലിനെക്കാള്‍ സുരക്ഷ ചിലപ്പോള്‍ അടുക്കള വാതിലിനുണ്ടാകും. കൂടാതെ ശബ്ദം കേള്‍ക്കാൻ പാത്രങ്ങളോ മറ്റ് ശബ്ദമുണ്ടാക്കുന്ന സാധനങ്ങളോ ഇവിടെ ക്രമീകരിക്കാറുമുണ്ട്.
അധിക സുരക്ഷയുടെ ഭാഗമായി ഇരുമ്ബു ദണ്ഡും പിടിപ്പിക്കാറുണ്ട്. ഇതിനാലാണ് മുൻവാതില്‍ മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനും കാത്തിരിപ്പിനും ശേഷം സുരക്ഷിതമെന്ന് ഉറപ്പാക്കിയാണ് ഈ രീതി പ്രയോഗിക്കുക.
ഉത്തര മലബാറില്‍ ഈ രീതി അടുത്തിടെയായി ഏറിവരുകയാണ്. നേരം പുലർന്നിട്ടും ലൈറ്റ് തെളിഞ്ഞുകിടക്കുന്ന വീടുകള്‍, പാല്‍, പത്രം തുടങ്ങിയവ എടുക്കാതിരിക്കുന്ന വീടുകള്‍, മുറ്റത്ത് ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന വീടുകള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് മോഷ്ടാക്കളുടെ ആദ്യപണി. തുടർന്നു വ്യത്യസ്ത സമയങ്ങളില്‍ ഈ റൂട്ടിലൂടെ സഞ്ചരിച്ച് വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തും. പിന്നീട് രാത്രിയിലെത്തി കവർച്ച നടത്തും.
വീട്ടുകാർ കൂട്ടത്തോടെ എവിടെയെങ്കിലും യാത്ര പോകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആ വീട് നിരീക്ഷണത്തിലാക്കും. വെള്ളം തളിക്കുക, കയ്യില്‍ പൊടി വിതറുക, ഗ്ലൗസ് ഉപയോഗിക്കുക തുടങ്ങി വിരലടയാളങ്ങള്‍ പോലീസിനു ലഭിക്കാതിരിക്കാനുള്ള രീതികളും മോഷ്ടാക്കള്‍ പിന്തുടരുന്നുണ്ട്. ഡോഗ് സ്ക്വാഡിന്‍റെ അന്വേഷണം തടസപ്പെടുത്താൻ മണ്ണെണ്ണ, പെർഫ്യൂം, മുളകുപൊടി, മറ്റ് കെമിക്കലുകള്‍ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
സിസിടിവി കാമറയില്‍ നിന്നു രക്ഷപ്പെടാൻ മുഖം മറയ്ക്കും. തുടർന്നു സിസിടിവി കാമറ നശിപ്പിക്കുകയോ, തുണിയിട്ട് മൂടുകയോ, തിരിച്ചുവയ്ക്കുകയോ ചെയ്യും. മോഷണ ദിവസം ഇവർ ഫോണ്‍ ഉപയോഗിക്കാറില്ല.
പ്രഫഷണല്‍ മോഷ്ടാക്കള്‍ സാധാരണ കവർച്ച നടത്തുന്നത് ഒറ്റയ്ക്കാണ്. ഒന്നിലധികം പേരുണ്ടെങ്കില്‍ ഒറ്റുകൊടുക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. മോഷണത്തിനുശേഷം കിട്ടിയത് എത്രയും വേഗം ചെലവഴിക്കുകയാണ് പതിവ്. കൂടാതെ, കവർച്ച ചെയ്ത സാധനങ്ങള്‍ നേരിട്ട് വില്ക്കാതെ മറ്റുള്ളവരെ ഏല്പിക്കുന്നതാണ് മറ്റൊരു രീതി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m