തുടർച്ചയായി ഞായറാഴ്ചകളിൽ സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നത് ആസൂത്രിതമാണെന്നും ഇതു കടുത്ത പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച.
അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്കാലങ്ങളിലേതില് നിന്നു വ്യത്യസ്തമായി വിവിധ കാരണങ്ങൾ പറഞ്ഞു ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരികയാണ്. ഇത്തരം തീരുമാനങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നിനോ മൂന്നിനോ പുനഃക്രമീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജന. സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്കുട്ടി ഒഴുക, രാജേഷ് ജോൺ, ടെസ്സി ബിജു, ട്രീസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
സിഎല്‍സി
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവൃത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാകില്ലെന്നും ഒക്ടോബര്‍ രണ്ടിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും സിഎല്‍സി സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, സിജു തോമസ്, റീത്ത ദാസ്, ഡില്‍ജോ തരകന്, ഷീല ജോയ്, അനില്‍ പാലത്തിങ്കല്‍, ബിബിന്‍ പോള്‍, യുവി അല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ചകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവൃത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്ന് സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.
ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി സ്കൂളുകളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ഒക്ടോബര്‍ രണ്ട് ഞായറാഴ്ച ലഹരി വിരുദ്ധ കാമ്പയിന് നടത്തുവാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എടുത്ത തീരുമാനത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച ചങ്ങനാശേരി അതിരൂപത കുടുംബക്കൂട്ടായ്മ ദീപിക ഫ്രണ്ട്സ് ക്ലബ് നേതൃകണ്‍വന്‍ഷന്‍ പ്രതിഷേധിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിരൂപതാ വികാരിജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍ വിഷയാവതരണം നടത്തി. ഡിഎഫ്സി ആലപ്പുഴ ഫൊറോനാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അവതാരകനായിരുന്നു.
ടീച്ചേഴ്സ് ഗില്‍ഡ്
കൊച്ചി: ഞായറാഴ്ച സ്കൂളുകള്‍ക്കു പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളില്‍ പങ്കെടുക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍, ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group