ദൈവം, പിശാച്, ജനനം, മരണം, പാപം, വിശുദ്ധി, സ്വര്‍ഗ്ഗം, നരകം എന്നിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ആത്മീയവും തത്വചിന്താപരവുമായ അഭിപ്രായങ്ങള്‍ ലോകമതങ്ങളെല്ലാം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ മതദർശനങ്ങളെയെല്ലാം സൂക്ഷ്മവിശകലനം നടത്തിയാല്‍ പ്രത്യേക രീതികളിലുള്ള ഒരു രാഷ്ട്രസങ്കല്‍പ്പവും പ്രബല മതങ്ങളുടെയെല്ലാം പ്രബോധനങ്ങളില്‍ ഉൾക്കൊണ്ടിരിക്കുന്നു എന്നു കാണാം. ക്രിസ്റ്റ്യാനിറ്റിയും ഹിന്ദുത്വവും ഇസ്ലാമും ഈ മതരാഷ്ട്ര ചിന്തയില്‍ അധിഷ്ഠിതമായിട്ടാണ് നിലകൊള്ളുന്നത്. ഓരോ മതവും മുന്നോട്ടുവയ്ക്കുന്ന ദൈവദര്‍ശനവും ആത്മീയതയും തത്വചിന്തകളുംപോലെ ഇവയുടെ രാഷ്ട്രസങ്കല്‍പ്പവും ഈ മതങ്ങളിലെല്ലാം പ്രധാനഘടകമായി നിലകൊള്ളുന്നു. മതപ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ മതരാഷ്ട്രവാദത്തിന് പ്രഥമസ്ഥാനമുണ്ട്.
ക്രൈസ്തവര്‍ വിശ്വസിക്കുന്ന “ദൈവരാജ്യവും” ഹിന്ദുവിശ്വാസികളുടെ “രാമരാജ്യവും” ഇസ്ലാമതം മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദവുമെല്ലാം പ്രസ്തുത മതങ്ങളുടെ രാഷ്ട്രദര്‍ശനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ദൈവരാജ്യവും രാമരാജ്യവും ആഗോള ഇസ്ലാമിക ഖലീഫേറ്റും ശരിയത്ത് നിയമങ്ങളുമെല്ലാം ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നുമെങ്കിലും ഈ മൂന്നു മതരാഷ്ട്ര സങ്കല്‍പ്പങ്ങളും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ക്രൈസ്തവികത മുന്നോട്ടുവയ്ക്കുന്ന ദൈവരാജ്യസങ്കല്‍പ്പം പരിപൂര്‍ണ്ണമായി ആത്മീയതലത്തിലാണു നിലകൊള്ളുന്നതെങ്കിൽ ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന രാമരാജ്യസങ്കല്‍പ്പം ഒരു രാഷ്ട്രഭരണ വ്യവസ്ഥയാണ് നിർദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്ലാമിന്‍റെ മതരാഷ്ട്രസങ്കല്‍പ്പം ലോകരാഷ്ട്ര ഭരണക്രമത്തിന് ഒരു ബദല്‍രേഖയും ഭൗതികലോകക്രമത്തിനു മേല്‍ അധീശത്വവും വിഭാവനം ചെയ്യുന്നു എന്നും കാണാം.
പ്രബലമതങ്ങളായ ക്രിസ്റ്റ്യാനിറ്റിയും ഹിന്ദുത്വവും ഇസ്ലാമും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവ്യവസ്ഥിതി എന്താണെന്ന ഒരന്വേഷണമാണ് ഈ ലേഖനത്തിന് ആധാരമായിരിക്കുന്നത്.
🟥ഹൈന്ദവികതയും രാമരാജ്യവും
RSS-ന്‍റെ മുഖപത്രമായ “ഓര്‍ഗനൈസറില്‍” എഴുതിയ ഒരു ലേഖനത്തില്‍ ഹൈന്ദവ രാമരാജ്യസങ്കല്‍പ്പത്തെ സംബന്ധിച്ചു ചുരുക്കമായി വിവരിക്കുന്നുണ്ട്. രാമരാജ്യം എന്നത് നല്ല ഭരണരീതിയുടെ ഒരു ഉദാത്ത മാതൃകയായിട്ടാണ് ഈ ലേഖനത്തില്‍ വരച്ചുകാണിക്കുന്നത്. രാമരാജ്യത്തിലെ ജനങ്ങളില്‍ പട്ടിണിയോ ദുഃഖമോ വിവേചനമോ ഉണ്ടാകില്ല. സത്യത്തിലും അഹിംസയിലും മറ്റ് ധാര്‍മ്മിക സദ്ഗുണങ്ങളിലും അധിഷ്ഠിതമായിരിക്കും രാമരാജ്യം. സമ്പത്ത് തനിക്കുവേണ്ടി കുന്നുകൂട്ടാതെ പ്രജകളുടെ ക്ഷേമത്തിനും അവരുടെ സമ്പദ്സമൃദ്ധിക്കും ഐശ്വര്യത്തിനുമായി അവരെ എല്ലാനിലയിലും സഹായിക്കുന്നവനായിരിക്കും രാമരാജ്യത്തിലെ ഭരണാധികാരി. സോഷ്യലിസവും കാപ്പിറ്റലിസവും മുന്നോട്ടുവയ്ക്കുന്ന ഭരണവ്യവസ്ഥിതികളെ അതിലംഘിക്കുന്നതും പൂര്‍ണ്ണമായി അഴിമതിരഹിതവുമായിരിക്കും രാമരാജ്യം ഭരണം.
രാമരാജ്യത്തിലെ പ്രധാനതത്വം പ്രജകള്‍ എല്ലാവര്‍ക്കും തുല്യമായ ധര്‍മ്മവും നീതിയും ലഭ്യമായിരിക്കണം എന്ന നിര്‍ബന്ധമാണ്. പ്രജകളെ കഷ്ടപ്പെടുത്തുന്നതിനേക്കാള്‍ വലിയ അധര്‍മ്മം വേറൊന്നില്ല. മനുഷ്യനിലെ ദൈവികതയും ദൈവികതയിലെ മാനുഷികതയും സംയുക്തമായി നിലകൊള്ളുന്ന ഒരു ആത്മീയ ലോകദര്‍ശനമാണ് രാമരാജ്യത്തിന്‍റെ അടിസ്ഥാനതത്വം. (Good Governance and Ramarajya,organiser.org 25/12/2023)
🟥 ഗാന്ധിജിയും രാമരാജ്യവും
ഹിന്ദുമതത്തിന്‍റെ രാമരാജ്യ സങ്കല്‍പ്പത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ഈ ദര്‍ശനത്തിന് ആധുനിക ലോകത്തില്‍ ഭാഷ്യംചമച്ച മഹാത്മാഗാന്ധിയെ നമുക്കു വിസ്മരിക്കാന്‍ കഴിയില്ല. ബാല്യം മുതലേ ഹിന്ദുമത ദര്‍ശനങ്ങളില്‍ ഏറെ പരിചയം സിദ്ധിച്ചതോടൊപ്പം മറ്റു മത, ഈശ്വരദര്‍ശനങ്ങളെയും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ സ്വന്തമായി രൂപപ്പെടുത്തിയ ഒരു മത, ഈശ്വരദര്‍ശനമായിരുന്നു ഗാന്ധിജിയെ നയിച്ചത്.
ഗാന്ധിയുടെ രാമരാജ്യ ദര്‍ശനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കും മുമ്പ് ഗാന്ധിയുടെ ദൈവാവബോധം എന്തായിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തെ ഒരു വ്യക്തിയായി ഗാന്ധി കരുതിയിരുന്നില്ല. താന്‍ വിശ്വസിച്ചിരുന്ന സത്യങ്ങളുടെയെല്ലാം ആകെത്തുകയെയാണ് ദൈവം അഥവാ രാമന്‍ എന്ന് അദ്ദേഹം വിളിച്ചിരുന്നത്. ദൈവം എന്നത് ഒരു ആശയം മാത്രമാണെന്നും ദൈവികനിയമങ്ങളെ ദൈവത്തില്‍നിന്നു വേര്‍തിരിച്ചു കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കരുതി. അതിനാല്‍ സത്യാന്വേഷണം ദൈവാന്വേഷണമാണെന്ന് അദ്ദേഹം വിശ്വസിച്ചു. (ഹരിജന്‍ മാസിക, 23/3/1940) ദൈവത്തെ സത്യമെന്നും സത്യത്തെ ദൈവമെന്നും മാറിമാറി വിളിക്കുന്നതും ഗാന്ധിയുടെ എഴുത്തുകളില്‍ വായിക്കാന്‍ കഴിയും. “സത്യംകൊണ്ട് തന്‍റെ ജീവിതത്തില്‍ നടത്തിയ പരീക്ഷണങ്ങളുടെ” ആകെത്തുകയായിരുന്നു ഗാന്ധിയന്‍ ജീവിതദര്‍ശനം.
രാമരാജ്യ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രനിര്‍മ്മിതിയാണ് ഗാന്ധിജി സ്വപ്നം കണ്ടിരുന്നത്. “ലോകമറിയുന്ന ഏറ്റവും വലിയ ജനാധിപത്യവാദി ദൈവമാണ്” എന്നതായിരുന്നു ഗാന്ധിജിയുടെ മതരാഷ്ട്ര ദര്‍ശനങ്ങളുടെ അടിസ്ഥാനം. (God is the greatest democrat the world knows, 5/3/1925). സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായി രൂപപ്പെടേണ്ട ഈ രാഷ്ട്രനിര്‍മ്മിതിക്കു ഗാന്ധി മുന്നോട്ടുവച്ച മാതൃകയായിരുന്നു രാമരാജ്യം എന്നത്.
സത്യത്തിന്‍റെയും നീതിയുടെയും മറ്റെല്ലാ ധര്‍മ്മിക നിയമങ്ങളുടെയും സംസ്ഥാപനവും ഭരണക്രമവുമായിരുന്നു ഗാന്ധിയുടെ രാമരാജ്യം. തന്‍റെ രാമരാജ്യ സങ്കല്‍പ്പം ”ഹിന്ദുരാജ്” അല്ലെന്ന് “യംഗ് ഇന്ത്യ”യില്‍ അദ്ദേഹം (19/9/29, പേജ് 305) എഴുതി. മതേതരത്വത്തിനും മതാധിഷ്ഠിത രാഷ്ട്ര വ്യവസ്ഥിതികള്‍ക്കും ഗാന്ധിജി എതിരായിരുന്നു. രാഷ്ട്രം സംശയലേശമെന്യെ മതേതരമായിരിക്കണം എന്നത് തന്‍റെ അന്തിമാഭിലാഷം പോലെ “ഹരിജന്‍ മാസിക”യില്‍ അദ്ദേഹം തന്‍റെ രക്തസാക്ഷിത്വത്തിന് ഏതാനും നാള്‍ മുമ്പ് എഴുതി. (24/8/1947). ചുരുക്കത്തിൽ, സത്യത്തിനും നീതിക്കും അതീതമായി മറ്റൊരു മതവുമില്ല എന്നതായിരുന്നു ഗാന്ധിയന്‍ മതരാഷ്ട്ര ദര്‍ശനം (Selection from Gandhi, Nirmal Kumar Bose, 2015) ഗാന്ധിയന്‍ രാമരാജ്യസങ്കല്‍പ്പം എന്ന വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ബംഗാളിൻ്റെ Philosophical Papers, Vol XI, Soumitra Chakraborty, (University of North Bengal, March 2015) എന്ന പ്രബന്ധത്തല്‍ ഗാന്ധിയന്‍ രാമരാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
🟥 ഇസ്ലാമും മതരാഷ്ട്ര സങ്കല്‍പ്പവും
അന്ത്യദിനവും വിധികല്‍പ്പനകളും സ്വര്‍ഗ്ഗസുഖങ്ങള്‍ കാണിച്ച് പ്രോത്സാഹിപ്പിക്കുകയും നരകാഗ്നി കാണിച്ച് ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് വിശ്വാസികളുടെ ഭൗമിക ജീവിതം ക്രമപ്പെടുത്തുന്ന ഒരു മതദര്‍ശനമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. ലോകത്തിലെ ജനങ്ങളെ ഏകദൈവ വിശ്വാസികള്‍, ബഹുദൈവ വിശ്വാസികള്‍ എന്ന് വേര്‍തിരിച്ചുകൊണ്ട്, ലോകത്തെ മുഴുവന്‍ ഏകദൈവവിശ്വാസത്തിലേക്കു നയിക്കുവാനും അതിലൂടെ ഇസ്ലാമിന്‍റെ ദൈവമായ അള്ളാഹുവും പ്രവാചകനായ മുഹമ്മദും നല്‍കിയിരിക്കുന്ന മത, രാജ്യ നിയമങ്ങളായ ശരിയത്ത് നിയമങ്ങള്‍ക്ക് അടിസ്ഥാനപ്പെട്ടുള്ള ഭരണക്രമം ലോകത്തെല്ലായിടത്തും സ്ഥാപിതമാകണം എന്നതും ഇസ്ലാമിന്‍റെ മതരാഷ്ട്ര വാദത്തിന്‍റെ അടിസ്ഥാനമായി നിലകൊള്ളുന്നു.
ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളെയും ജയിക്കുവാന്‍ വേണ്ടി സന്മാര്‍ഗ്ഗ സന്ദേശങ്ങളും സത്യമതവുമായിട്ട് അല്ലാഹുവാണ് തന്‍റന്‍റെ ദൂതനായ മുഹമ്മദിനെ അയച്ചിരിക്കുന്നത് എന്ന് ഖുറാന്‍ വിവരിക്കുന്നു. അല്ലാഹു നിഷ്കര്‍ഷിച്ചിരിക്കുന്ന മതജീവിതം ലോകത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. ബഹുദൈവ വിശ്വാസികളായവര്‍ക്ക് അനിഷ്ഠകരമായാലും ശരി, ഈ മതദര്‍ശനം ലോകത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കണം. ഇതിലൂടെ പൂര്‍ണ്ണമായും മതകേന്ദ്രീകൃതവും മതനിയമങ്ങളാല്‍ നയിക്കപ്പെടുന്നതുമായ ഒരു ഭരണവ്യവസ്ഥിതിയാണ് ഖുറാനും അതിലൂടെ ഇസ്ലാമതവും മുന്നോട്ടു വയ്ക്കുന്നത്. “അവനാണ് സന്മാര്‍ഗ്ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവ വിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി” (തൗബഃ, അധ്യായം 9, വാക്യം 33, വിശുദ്ധ ഖുര്‍ ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ, ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍).
“ഏതു വിധത്തിലുള്ള നീതിസംഹിത രാഷ്ട്രങ്ങളില്‍ നിലവില്‍ വന്നാലും മാനവിക പ്രതിസന്ധികള്‍ നിലനില്‍ക്കും. നിയമങ്ങളെയും അനുശാസനങ്ങളെയും മറികടന്നുകൊണ്ട് പാരതന്ത്ര്യവും ഔപചാരികവും അനൗപചാരികവുമായ അടിമത്തവും പട്ടിണിയും നിലനില്‍ക്കും. ഇന്ന് മുതലാളിത്ത ലോകത്തും സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഒരുപോലെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. ആദര്‍ശപ്രചോദിതരായ മനുഷ്യരുടെ കൂട്ടായ്മകൊണ്ടു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ ശക്തിയുക്തം പഠിപ്പിക്കുന്നു” ഖുറാന്‍റെ സമ്പൂര്‍ണ്ണ മലയാള പരിഭാഷയുടെ ആമുഖത്തില്‍ (പേജ് 21) പ്രസാധകര്‍ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്. ഈ ആദര്‍ശപ്രചോദിതരുടെ കൂട്ടായമകളുടെ സൃഷ്ടിയിലൂടെ മാത്രമേ മനുഷ്യസമൂഹം യഥാര്‍ത്ഥ വിമോചനത്തിലും അഭിവൃദ്ധിയിലും എത്തിച്ചേരുകയുള്ളൂ എന്നാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന മതരാഷ്ട്രവാദത്തിൻ്റെ അടിസ്ഥാനം. ഇസ്ലാമിക മതരാഷ്ട്രവാദം എന്നത് മതനിയമങ്ങളില്‍ അടിയുറച്ചുനിന്നകൊണ്ടുള്ള തികച്ചും ഭൗതികമായ ഒരു ലോകക്രമമാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
🟥 ദൈവരാജ്യവും
ക്രൈസ്തവ വിശ്വാസവും
ഹൈന്ദവ രാമരാജ്യസങ്കല്‍പ്പം പോലെ എന്തെങ്കിലും രാഷ്ട്രഭരണ രീതികള്‍ നിര്‍ദ്ദേശിക്കുകയോ ഇസ്ലാമിക മതരാഷ്ട്രവാദം പോലെ ഒരു ഭൗതിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയോ ചെയ്യുന്നതല്ല ക്രൈസ്തവ ദൈവരാജ്യ ദര്‍ശനം. ക്രിസ്തു തന്‍റെ ആഗമനോദ്യേശ്യം വ്യക്തമാക്കുന്നതു നോക്കുക: ”ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാനാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് ” (ലൂക്ക് 4:43). ഈ വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ സുവിശേഷത്തെയും ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങളെയും ക്രൈസ്തവസാമ്രാജ്യം ലക്ഷ്യമിട്ടുകൊണ്ടാണ് എന്നു കരുതുന്നവര്‍ ഏറെയുണ്ട്. ക്രൈസ്തവരാജ്യത്തിന്‍റെ നിര്‍മ്മിതിയാണ് സുവിശേഷീകരണത്തിന്‍റെ അടിസ്ഥാനമെന്നു കരുതി ക്രൈസ്തവ സഭയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളും മതസംഘടനകളും വ്യക്തികളുമുണ്ട്. എന്നാല്‍ യേശുക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യദര്‍ശനം സമ്പൂര്‍ണ്ണമായും ആത്മീയമായിരുന്നു. അത് തികച്ചും വ്യക്തികേന്ദ്രീകൃതമാണ്, രാഷ്ട്രസംബന്ധിയായി യാതൊന്നും ക്രിസ്തുവിന്‍റെ ദൈവരാജ്യ പ്രബോധനങ്ങളില്‍ കാണാന്‍ കഴിയില്ല. “എന്‍റെ രാജ്യം ഐഹികമല്ല” (യോഹന്നാന്‍ 18:36) എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് മതരാഷ്ട്രവാദത്തെ ക്രിസ്തു നിരാകരിക്കുന്നത് കാണാം.
സഭാഭരണ ചുമതലയേല്‍പ്പിക്കുമ്പോള്‍ പൗലോസ് സ്ലീഹാ തന്‍റെ ശിഷ്യനായ തിമോഥിയോസിനെ ഓര്‍മ്മിപ്പിക്കുന്നു ഒരു കാര്യമുണ്ട്; “പീലാത്തോസിന്‍റെ മുന്നില്‍ നിന്നുകൊണ്ട് എന്‍റെ രാജ്യം ഐഹികമല്ല എന്നുപറഞ്ഞ കര്‍ത്താവീശോ മശിഹായെ വിസ്മരിക്കരുത്” എന്നായിരുന്നു ആ കാര്യം. ഐഹിക ലോകക്രമത്തിനുള്ള നവീന വ്യവസ്ഥകളല്ല സഭ മുന്നോട്ടു വയ്ക്കുന്ന ദൈവരാജ്യദര്‍ശനം. രാജ്യാധിപത്യവും ഭരണസംവിധാനങ്ങളും അതിശക്തമായിരുന്ന കാലഘട്ടത്തില്‍ റോമിലെ സഭയ്ക്ക് കത്തെഴുതുമ്പോഴും പൗലോസ് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നതു കാണാം. “ദൈവരാജ്യമെന്നത് ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്” (റോമ 14:17)
ലോകക്രമം ഏതാണെങ്കിലും അവിടെയെല്ലാം നീതിയും സമാധാനവും കാംക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ഒരുവനെ ശക്തമാക്കുന്ന ആത്മീയദര്‍ശനമാണ് ക്രൈസ്തവസഭ മുന്നോട്ടു വയ്ക്കുന്ന ദൈവരാജ്യത്തിലുള്ളത്. ഐഹികലോകക്രമം എന്തായിരുന്നാലും അതിലെ ഭരണാധികാരി ആരായിരുന്നാലും അവയ്ക്കെല്ലാം വിധേയപ്പെട്ടുകൊണ്ട് നിത്യജീവന്‍ ലക്ഷ്യമാക്കി ജീവിക്കാനുള്ള ആഹ്വാനം മാത്രമാണ് ക്രൈസ്തവദൈവരാജ്യം മുന്നോട്ടുവയ്ക്കുന്നത്.
കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവായിരുന്നു ലാക്റ്റാന്‍റിയസ് എന്ന ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് (എഡി 250-350). വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന് റോമന്‍ രാജകുടുംബാംഗങ്ങളെയും സാമ്രാജ്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും രാജ്യധർമ്മം പരിശീലിപ്പിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരിലും രാജകുടുംബാംഗങ്ങളിലും മതരാഷ്ട്രബോധം സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രത്തിനെതിരേ അവരെ സജ്ജരാക്കി പടനയിച്ചു അധികാരം പിടിച്ചടക്കി ദൈവരാജ്യം സ്ഥാപിക്കുക എന്നൊരു വിദൂരസ്വപ്നംപോലും ലാക്റ്റാന്‍റിയസ് പ്രകടിപ്പിച്ചില്ല. ഓരോ മനുഷ്യനും ദൈവസൃഷ്ടിയാണെന്നും വ്യക്തിയുടെ ജീവിതത്തില്‍ ദൈവരാജ്യദര്‍ശനങ്ങളായ നീതിയും സമാധാനവും ആത്മീയസന്തോഷവും രൂപപ്പെടുത്തുക എന്നൊരു ദര്‍ശനമാണ് ക്രൈസ്തവസഭയുടെ ദൈവരാജ്യദര്‍ശനത്തിലുള്ളത്. ഇതില്‍ രാഷ്ട്രങ്ങളോ ഭരണാധികാരികളോ രാഷ്ട്രഭരണ സമ്പ്രദായങ്ങളോ ഒരു ഘടകമേയല്ല. നിലവിലുള്ളതിനെയെല്ലാം നവീകരിച്ചുകൊണ്ട് ഓരോ മനുഷ്യന്‍റെയും സമ്പൂര്‍ണ്ണമായ നന്മയാണ് ക്രൈസ്തവസഭ മുന്നോട്ടുവയ്ക്കുന്ന ദൈവരാജ്യത്തിന്‍റെ പ്രത്യേകത.
രാമരാജ്യത്തിന്‍റെ നിയമസംഹിതകളോ ഇസ്ലാമിന്‍റെ മതരാഷ്ട്രവാദത്തിനായുള്ള ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളോ ഇല്ലാതെ സ്വച്ഛന്ദം മുന്നോട്ടുനീങ്ങുന്ന മനുഷ്യസമൂഹങ്ങളിലാണ് ക്രൈസ്തവസഭ പ്രത്യാശയര്‍പ്പിക്കുന്നത്. അതിനായി “ഓരോ വ്യക്തിയെയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുന്നതിനുള്ള” പരിശ്രമങ്ങളാണ് ക്രൈസ്തവ ദൈവരാജ്യം ലക്ഷ്യം വയ്ക്കുന്നത്….
കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group