ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17

യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും

ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന്‍ നമ്മോടിപ്രകാരം പറയും: “എന്‍റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്‍റെ പിതാവിലും, അവിടുത്തെ മഹിമയും ശക്തിയും പ്രചരിപ്പിക്കുന്നതിലും ആകുന്നു. “സ്നേഹശൂന്യനായ എന്‍റെ ആത്മാവേ! നീ ഇവ കേള്‍ക്കുന്നില്ലയോ? നിന്‍റെ ഭാഗ്യം ലോകനേട്ടങ്ങളിലും ശരീരേച്ഛയിലും സമര്‍പ്പിക്കുന്നുവെങ്കില്‍ അവയൊന്നും നിന്നെ ഭാഗ്യവാനാക്കുവാന്‍ മതിയാകയില്ല;

ബഹുമാനം, ഐശ്വര്യം മുതലായവയില്‍ നീ ശരണം വയ്ക്കുന്നുവെങ്കില്‍ അവ ശാശ്വതമായി നിലനില്‍ക്കുമെന്ന് നിനക്കു എന്തുറപ്പാണുള്ളത്‍? സുഖഭോഗാദികള്‍ സ്ഥിരമായിട്ടുള്ളതല്ല. സ്രഷ്ടവസ്തുക്കളില്‍ സൗഭാഗ്യം വച്ചിരുന്നാല്‍ അവ നിന്നെ വേര്‍പിരിഞ്ഞു പോകാന്‍ കേവലം ഒരു നിമിഷം മതി. ലോക മഹിമ നേടുന്നതിനായി വൃഥാ ചെലവഴിച്ചിരുന്ന സമയം ദൈവസ്തുതി പരത്തുവാനും ദൈവത്തെ സ്നേഹിപ്പാനും വ്യയം ചെയ്തിരുന്നുവെങ്കില്‍ ഭൗതിക സൗഭാഗ്യത്തിലും ബഹുമതിയിലും ഉയര്‍ത്തപ്പെട്ടവരെക്കാള്‍ നീ എത്രയോ ഭാഗ്യവാനാകുമായിരുന്നു!‍ യഥാര്‍ത്ഥത്തിലുള്ള ഭാഗ്യം ദൈവത്തിലും ദൈവത്തില്‍ നിന്നുമാണ് ലഭിക്കേണ്ടത്.

ദൈവമാണ് സാക്ഷാല്‍ സൗഭാഗ്യ കേന്ദ്രമെന്ന് മനസ്സിലാക്കിയ വി.ഫ്രാന്‍സീസ് അസ്സീസി “എന്‍റെ ദൈവം എനിക്ക് സമസ്തവും” എന്ന്‍ ഇടവിടാതെ നിലവിളിച്ചിരുന്നു. ഇപ്രകാരം തന്നെ വിശുദ്ധ ബര്‍ണ്ണാദ്, അല്‍ഫോന്‍സ് ലിഗോരി, ഫ്രാന്‍സീസ് സേവ്യര്‍, ഫ്രാന്‍സിസ് സാലെസ്, ലൂയിസ് എന്ന പുണ്യവാന്മാരും വിശുദ്ധ കത്രീനാ, ത്രേസ്യാ, ചെറുപുഷ്പം എന്നീ പുണ്യവതികളും അവരുടെ ഭാഗ്യവും സന്തോഷവും ദൈവത്തിലും മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെപ്രതി നിത്യബലിയായിത്തീര്‍ന്ന ദിവ്യകാരുണ്യനാഥന്‍റെ തിരുഹൃദയത്തിലുമാണ് ദര്‍ശിച്ചത്. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്നതിലും സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലുമായിരുന്നു ഇവരൊക്കെ സൗഭാഗ്യം ദര്‍ശിച്ചിരുന്നത്. നാം ദൈവത്തോട് എത്രമാത്രം സാമീപ്യ സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുന്നുവോ അത്രമാത്രം നാം സൗഭാഗ്യപൂര്‍ണ്ണരായിരിക്കും. ഈശോയില്‍ നിന്ന്‍ അകന്ന് ഓടുമ്പോള്‍ നാം ദുര്‍ബലരാവുകയാണ് ചെയ്യുന്നത്. ഭൗതിക വസ്തുക്കളിലുള്ള താല്‍പര്യവും സ്നേഹവും അകറ്റി നമുക്കു ദൈവത്തിലേക്ക് പിന്തിരിയാം.

ജപം

സ്വര്‍ഗ്ഗവാസികളുടെ സൗഭാഗ്യവും സന്തോഷവുമായിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! ഞാന്‍ ഇന്നുവരെയും യഥാര്‍ത്ഥ സൗഭാഗ്യം ഏതെന്നറിയാതെ ലൗകിക വസ്തുക്കളില്‍ എന്‍റെ സ്നേഹം അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. എന്നാലിപ്പോള്‍ എന്‍റെ ഭാഗ്യം എവിടെയാണെന്നറിയുന്നു. സകല ഭാഗ്യങ്ങളും അടങ്ങിയിരിക്കുന്ന ഭണ്ഡാരവും എന്‍റെ ബുദ്ധിയുടെ പ്രകാശവും ഹൃദയത്തിന്‍റെ സന്തോഷവുമായ മിശിഹായേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ആത്മശരീരശക്തികള്‍ ഒക്കെയോടുംകൂടി സ്നേഹിക്കുന്നു. വാത്സല്യനിധിയായ ഈശോയെ! അങ്ങുമാത്രം എന്‍റെ സമ്പത്തും സകല ഭാഗ്യവുമായിരിക്കുന്നു. എന്‍റെ ശിഷ്ടജീവിതം അങ്ങയെ സ്നേഹിപ്പാനും സേവിപ്പാനും അനുഗ്രഹം നല്കിയരുളണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m