സത്യത്തിന്‍റെ ദു:ഖവെള്ളികള്‍…

സത്യത്തിന്‍റെ ദു:ഖവെള്ളികള്‍
മുമ്പില്‍ നില്‍ക്കുന്ന സത്യത്തിനു പുറംതിരിഞ്ഞ് നിന്ന് സത്യം അന്വേഷിച്ച പീലാത്തോസ് സത്യത്തെ ക്രൂശിക്കാന്‍ വിട്ടുകൊടുക്കുകയായിരുന്നു. സത്യം തന്നെയായവനെ സത്യാന്വേഷകന്‍റെ കപടദാര്‍ശനിക ഭാവത്തോടെ മരണത്തിനു വിധിക്കുകയായിരുന്നു പീലാത്തോസ്. തനിക്കു മുമ്പില്‍ നില്‍ക്കുന്നവന്‍ നീതിമാനെണെന്നറിഞ്ഞിട്ടും അയാള്‍ വഞ്ചനയുടെ ക്ഷാളനം നടത്തി. യൂദാസ് വഞ്ചനയിലൂടെ ഒറ്റുകൊടുത്തെങ്കില്‍ പീലാത്തോസ് നിസ്സംഗതയോടേ സത്യവഞ്ചന ചെയ്തു.പീലാത്തോസിന്‍റെ മുമ്പില്‍ കുറ്റവാളിയെ പോലെ നില്‍ക്കുന്ന ഈശോ തന്‍റെ അസ്തിത്വം വെളിവാക്കി. ‘സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ വന്നവന്‍ … സത്യം തന്നെയായവന്‍’. ദാര്‍ശനിക, ദൈവശാസ്ത്ര ചിന്തകള്‍ ഇഷ്ടപ്പെടാത്ത പീലാത്തോസ് വെറുതേ ചോദിക്കുന്നു … എന്താണ് സത്യം? എന്നിട്ടയാള്‍ പുറം തിരിഞ്ഞ് നടന്നു, ഉത്തരത്തിനു കാത്തുനില്‍ക്കാതെ ….വാസ്തവത്തില്‍ അയാള്‍ പുറം തിരിഞ്ഞത് സത്യത്തിനു നേരേ തന്നെയായിരുന്നു. തന്‍റെ മുമ്പില്‍ നില്‍ക്കുന്നവനാണ് സത്യം എന്നത് അയാള്‍ തിരിച്ചറിഞ്ഞില്ല. “സത്യത്തില്‍ നിന്നുള്ളവന്‍ എന്‍റെ സ്വരം കേള്‍ക്കുന്നു” എന്ന ഈശോയുടെ വചനങ്ങളിലേക്ക് സ്വന്തം മനസ്സിനെ തുറക്കാന്‍ അയാള്‍ തയ്യാറായില്ല. ഒരു പക്ഷെ, അപ്രകാരമൊരു തുറവി ഉണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അയാളെ അലട്ടിയിട്ടുണ്ടാകാം. സത്യനിഷേധം അയാളെ സത്യവധത്തിലേക്ക് നയിക്കുന്നു.
പീലാത്തോസിന്‍റെ ആ ചോദ്യം ഇന്നും ആവര്‍ത്തിക്കപ്പെടുന്നില്ലേ? എന്താണ് സത്യം? നമ്മളൊക്കെ പലപ്പോഴും ഈ ചോദ്യം വെറുതെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഉത്തരം കിട്ടണമെന്ന് ആഗ്രഹമില്ല ….. സത്യത്തെ അംഗീകരിക്കുവാനുള്ള വൈമനസ്യത്തില്‍ നിന്നുമുണ്ടാകുന്ന ചോദ്യം മാത്രമാണത്. സത്യത്തെ അംഗീകരിച്ച് സ്വന്തമാക്കിയാല്‍ പലതും കൈവിട്ടുപോകുമല്ലോ എന്നുള്ള ചിന്ത നമ്മെ അസ്വസ്ഥമാക്കുന്നു. സത്യം നിര്‍വചിക്കപ്പെടേണ്ടത് നമ്മുടെ വ്യക്തിപരമായ മാനദണ്ഡങ്ങളാലല്ല; അത് അതിന്‍റെ ഉറവിടമായവനു മാത്രമേ നിര്‍വചിക്കാനാവൂ. “നിങ്ങള്‍ സത്യം അറിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും”. ദൈവമക്കളുടെ സ്വാതത്ര്യത്തിലേക്ക് നമ്മെ നയിക്കാന്‍ സത്യമായവന്‍ സ്വയം മരണത്തിന് ഏല്‍പ്പിച്ചുകൊടുത്തു. അത് സത്യം പരാജയപ്പെടാന്‍ വേണ്ടിയല്ല, മറിച്ച് സത്യത്തെ മൂടിവെക്കാന്‍ ഒരു കല്ലറയ്ക്കും ആവില്ല എന്ന് വെളിപ്പെടുത്താനാണ്. എത്ര ദു:ഖവെള്ളികളിലൂടെ കടന്നുപോയാലും സത്യത്തിന്‍റെ ഉയിര്‍പ്പ് ഒത്തിരി അകലെയാകില്ല.
ദു:ഖവെള്ളിയുടെ മൂകതയില്‍ നമുക്ക് സത്യം കണ്ടെത്താം. വേദനയുടെ കുരിശിലാണു നാം പല്ലപ്പോഴും സത്യം തിരിച്ചറിയുന്നത്. ഒപ്പം നമ്മുടെ സത്യനിരാസം വഴി അപരന്നായി കുരിശുകള്‍ തീര്‍ത്തതും നമുക്ക് തിരിച്ചറിയാം. അങ്ങനെ ഈ ദു:ഖവെള്ളി നമുക്ക് തിരിച്ചറിവിന്‍റെ സമയമാകട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group