ചൈനീസ് സൈബര്‍ തട്ടിപ്പിനായി കേരളത്തില്‍ നിന്ന് സിംകാര്‍ഡുകള്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വിദേശത്തെ കോള്‍ സെന്‍റര്‍ ഉപയോഗിച്ച്‌ സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകള്‍ക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തില്‍ സജീവം.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോള്‍ സെൻററുകള്‍ വഴിയുള്ള തട്ടിപ്പ്. ഈ സംഘത്തെ കേന്ദ്രീകരിച്ച്‌ കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റില്‍ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്ബറില്‍ നിന്നും കോള്‍ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്.

സംസാരിക്കുന്നത് മലയാളിയായിരിക്കുമെങ്കിലും കോളിന്‍റെ ഉറവിടം ഇന്ത്യയില്‍ എവിടെനിന്നും ആയിരിക്കില്ല. കമ്ബോഡിയലും മ്യാൻമറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻററുകളില്‍ നിന്നാണ് ഈ കോളുകള്‍ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സിമ്മെത്തിക്കുന്ന സംഘവും കേരളത്തില്‍ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസികള്‍ നല്‍കിയ വിവരമനുസരിച്ച്‌ കേരള പൊലീസിന്‍റെ സൈബർ ഡിവിഷൻ പരിശോധന നടത്തുന്നതിനിടെയാണ് തൃശൂരില്‍ മൂന്നര ലക്ഷം ഓണ്‍ ലൈൻ വഴി തട്ടിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. മാള സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ പരാതിക്കാരനെ വിളിച്ച കോള്‍ പൊലിസ് പരിശോധിച്ചു.

കൊല്ലത്തുള്ള ഒരാളുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് കോളെത്തിയത്. പക്ഷെ അയാള്‍ക്ക് ഈ തട്ടിപ്പുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്വേഷണം ചെന്നെത്തിയത് സിം വില്‍പ്പന നടത്തുന്ന വർക്കല സ്വദേശി വിഷ്ണുവിലേക്ക്. തുടര്‍ന്ന് വിഷ്ണവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൈനീസ് തട്ടിപ്പു സംഘത്തൊടൊപ്പം ജോലി ചെയ്യുന്ന മുഫ്ളിക്കിനുവേണ്ടിയാണ് വ്യാജ വിലാസത്തില്‍ സിംമ്മുകളെടുത്ത നല്‍കുന്നതെന്ന് വിഷ്ണു മൊഴി നല്‍കി.

കേരളത്തിലെ പല ഭാഗങ്ങളിലായി 500 ലധികം സിമ്മുകള്‍ മഫ്ലിക്ക് ഇങ്ങനെ വാങ്ങിയിട്ടുണ്ട്. വിഷ്ണു കൈമാറുന്ന ഒടിപി നമ്ബറുപയോഗിച്ച്‌ വിദേശത്തിരിക്കുന്ന മുഫ്ലിക്ക് വാടാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് ഈ നമ്ബറുകള്‍ വഴി തട്ടിപ്പ് നടത്തുന്നത്.വിദേശത്തുനിന്നുമെത്തിയ മുഫ്ലിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഫ്ലിക്കില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കന്നത് വിദേശത്ത് പ്രവർത്തിക്കുന്ന ചൈനീസ് സംഘത്തെ കുറിച്ചുള്ള പ്രധാന വിവങ്ങളാണ്. കേസില്‍ വിഷ്ണുവും മുഫ്ലിക്കുമാണ് ഇതുവരെ പിടിയിലായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m