സുക്രുത പരിമളച്ചെപ്പ്

“സുകൃതങ്ങളുടെ പരിമളച്ചെപ്പ് നമുക്ക് അടച്ചു സൂക്ഷിക്കാം; എല്ലാം ഈശോ മാത്രം അറിഞ്ഞാല്‍ മതി.” അല്‍ഫോന്‍സാ സൂക്തങ്ങള്‍.
സ്വയം പ്രഘോഷണത്തിന്‍റെ ഈ നാളുകളില്‍ അല്‍ഫോന്‍സാമ്മ ഒരത്ഭുതമാണ്. ചെയ്യുന്ന നന്മകളും പറയുന്ന വാക്കുകളും ലോകം മുഴുവന്‍ അറിയണമെന്നും അംഗീകരിക്കപ്പെടണമെന്നും വാശിപിടിക്കുന്നവരുടെ ഇടയില്‍ അല്‍ഫോന്‍സാമ്മ നമുക്ക് ഒരു വെല്ലുവിളിയാകുന്നു. സ്വയം പ്രശംസിക്കുവാനും നന്മപ്രവ്രുത്തികള്‍ ചെയ്യുന്നതിലുമധികം പ്രഘോഷിക്കുവാനും നിര്‍ബ്ബന്ധിതമാകുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. സഭക്കുള്ളിലും പലപ്പോഴും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ചിന്തിച്ചു നോക്കിയാല്‍ ശരിയുമാണ്. ഇത്രയധികം ജനസേവനം ചെയ്തിട്ടും ലോകോപകാരപ്രദമായ പ്രേഷിത ഇടപെടലുകള്‍ അനുസ്യൂതം തുടരുന്നുണ്ടയിരുന്നിട്ടും ആരും അവ അംഗീകരിക്കുന്നില്ലല്ലോ എന്ന ചിന്ത നമ്മെ പിടി കൂടുന്നു. അതേ സമയം തന്നെ അതിന്‍റെ ചെറിയ ഒരംശം പോലും ചെയ്യാത്തവര്‍ നിരന്തരം പ്രകീര്‍ത്തിക്കപെടുന്നു. അതിലെ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ എന്ന് നമ്മിലെ സാമൂഹിക മനസ്സ് പലപ്പോഴും ചിന്തിച്ചു പോകും. അപ്പോഴൊക്കെ നമുക്ക് ഓര്‍ക്കാന്‍ കഴിയട്ടെ, നിന്‍റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ എന്ന് സ്വജീവിതത്തിലൂടെ സാക്ഷ്യം നല്‍കിയവന്‍റെ പേരിലാണ് നാം ഇതെല്ലാം ചെയ്യുന്നത് എന്ന്. അല്‍ഫോന്‍സാമ്മ ചെയ്തത് അതാണ്. അവള്‍ ചെയ്ത സുക്രുതങ്ങളുടെ പരിമളച്ചെപ്പ് അവള്‍ അടച്ചു സൂക്ഷിച്ചു. അത് ഈശോയ്ക്ക് മാത്രം ഉള്ളതാണ്. അത് അന്ന് തുറന്നു വിട്ടിരുന്നുവെങ്കില്‍ ആ പരിമളം നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാകുമായിരുന്നു. അത് സംഭവിക്കാതെ ആ ചെപ്പ് എന്നും അടച്ചു തന്നെ സൂക്ഷിക്കുവാന്‍ ദൈവസ്നേഹത്തിന്‍റെ കരുത്ത് അവള്‍ക്ക് കൂട്ടുണ്ടായിരുന്നു. അത് എതിര്‍ പ്രലോഭനങ്ങളെ മറികടക്കുവാന്‍ അവളെ സഹായിച്ചു. അതുകൊണ്ട് ആ പരിമളം ഇന്ന് ലോകമെങ്ങും എത്തി നില്‍ക്കുന്നു.
നാം ചെയ്യുന്ന നന്മപ്രവ്രുത്തികള്‍ കണ്ട് മറ്റുള്ളവര്‍ ദൈവത്തെ സ്തുതിക്കാന്‍ ഇടയാകട്ടെ. ആ ദൈവസ്തുതികളാണ് നമുക്ക് ലഭിക്കുന്ന പ്രതിഫലം.
അഹങ്കാരം ആരാണ് ശരി എന്ന് ചിന്തിക്കുമ്പോള്‍ എളിമ എന്താണ് ശരി എന്നു ചിന്തിക്കുന്നു.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group