സ്വർഗാരോപണ തിരുനാൾ അഥവാ മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ.

ദൈവമാതാവിന്റെ സ്മരണയുമായി ബന്ധപ്പെട്ട് സഭ ആചരിക്കുന്ന മൂന്ന് തിരുനാളുകളിൽ സുപ്രധാനമാണ് മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ അഥവാ സ്വർഗാരോപണം.

അതുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്:

മാതാവിന്റെ മരണത്തിനുശേഷം ശ്ലീഹന്മാർ പല സ്ഥലങ്ങളിൽനിന്നും അമ്മയുടെ കബറടക്കത്തിന് സന്നിഹിതരായി. അമ്മയുടെ വിയോഗം മുമ്പേ അറിഞ്ഞ തോമ്മാശ്ലീഹാ ഭാരതത്തിൽനിന്ന് ജറുസലേമിലേക്ക് യാത്രയായായി. മൃതസംസ്‌കാരത്തിന് പത്രോസ് ശ്ലീഹായായിരുന്നു കാർമികൻ.

തോമ്മാശ്ലീഹാ എത്തുംമുമ്പേ സംസ്‌കാരം കഴിഞ്ഞിരുന്നു. പക്ഷേ, യാത്രാമധ്യേ മാതാവിന്റെ സ്വർഗാരോപണം തോമാശ്ലീഹ ദർശനത്തിൽ കാണുകയും അമ്മ തന്റെ അരകച്ച സ്വർഗാരോപണത്തിന്റെ അടയാളമായി തോമായ്ക്ക് നൽകുകയും ചെയ്തു. ജറുസലേമിലെത്തിയ തോമാ ശ്ലീഹാ മാതാവിന്റെ കബറിടം തുറക്കാൻ ആവശ്യപ്പെട്ടു. കബറിടം തുറന്ന ശ്ലീഹന്മാർ കണ്ടത് ഒഴിഞ്ഞ കല്ലറയാണ്.

ശ്ലീഹന്മാരുടെ ഇടയിൽ ദൈവമാതാവിനോടുള്ള ഭക്തി കൂടാൻ ഈ സ്വർഗാരോപണം കാരണമായി. കല്ലറയിൽ കിടന്നിരുന്ന കച്ച കർത്താവിന്റെ ഉയിർപ്പിന് തെളിവായെങ്കിൽ അമ്മയുടെ സ്വർഗാരോപണത്തിന് അരകച്ച തെളിവായി. സ്വർഗാരോപണത്തിനുശേഷം സൈത്ത് മലയിൽ കൂടിച്ചേർന്ന ശ്ലീഹന്മാർ അമ്മയുടെ ചരിത്രം എഴുതി സൂക്ഷിക്കാൻ യോഹന്നാൻ ശ്ലീഹായെ ചുമതലപ്പെടുത്തി.

അതുപോലെ, വർഷത്തിൽ മൂന്ന് പ്രാവശ്യം അമ്മയുടെ ഓർമ ആചരിക്കാനും അവർ തീരുമാനിച്ചു- കതിരുകളെപ്രതി ഇടവത്തിലും (ഈയോർ), വിത്തുകളെപ്രതി മകരത്തിലും (കാനൂൻ), മുന്തിരികളെപ്രതി ചിങ്ങത്തിലും (ഓബ്) ദൈവമാതാവിന്റെ പുകഴ്ച അനുസ്മരിക്കണം.

കാരണം, വിത്തുപോലെ അവിടുന്ന് മാതാവിൽ വചനമായി വിതക്കപ്പെട്ടു. നല്ലതുപോലെ ഉഴുതുമറിച്ച മറിയമാകുന്ന നിലത്തിൽ അവിടുന്ന് കതിരായി. ഗാഗുൽത്തായിൽ മറിയത്തിന്റെ മുമ്പാകെ ചക്കിൽ മുന്തിരിപോലെ അവിടുന്ന് അരക്കപ്പെട്ടു. പുതുവീഞ്ഞിന്റെ ലഹരി ഒഴിഞ്ഞവനെപോലെ മൂന്നാംനാൾ അവിടുന്ന് ഉയിർക്കപ്പെട്ടു.

ഈ മിശിഹാസംഭവങ്ങൾ ഓർത്തുകൊണ്ട് അവിടുത്തെ അമ്മയുടെ ഓർമകൾ കുറിച്ചെടുത്ത് എഴുതിയ പുസ്തകവുമായി യോഹന്നാൻ ശ്ലീഹാ എഫേസൂസിൽ ചെന്നപ്പോൾ പ്രകൃതി മഞ്ഞ് വർഷിച്ച് ഈ ഗ്രന്ഥത്തെ എതിരേറ്റെന്നും ഈ പാരമ്പര്യം പറയുന്നു. ഈ സംഭവം ഇന്നും അന്ത്യോക്യൻ സുറിയാനി പാരമ്പര്യപ്രകാരം മാതാവിന്റെ പൊതുവായ ഓർമദിനത്തിലെ സുവിശേഷവായനക്കുശേഷം ആലപിക്കാറുണ്ട്.

അമ്മയോടുള്ള മാർത്തോമ്മാ നസ്രാണികളുടെ ഭക്തി വളരെ പ്രസിദ്ധമാണല്ലോ. ആണ്ടുവട്ടത്തിൽ അമ്മയുടെ രണ്ട് തിരുനാളുകൾക്ക് മുമ്പായി നസ്രാണികൾ നോമ്പുനോറ്റ് പ്രാർത്ഥിച്ചിരുന്നു. അതിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന നോമ്പും തിരുനാളുമാണ് 15 നോമ്പും അതിന്റെ അവസാനമുള്ള കരേറ്റതിരുനാളും.

നസ്രാണികളുടെ പഴയ ദൈവാലയങ്ങളിൽ ഭൂരിഭാഗവും പ്രതിഷ്ഠിക്കപ്പെട്ടിരുന്നത് കരേറ്റ മാതാവിന്റെ നാമധേയത്തിലാണ്. പെറ്റമ്മയെക്കാളും ക്രിസ്ത്യാനി സ്‌നേഹിക്കുന്ന ദൈവമാതാവിന്റെ ഓർമ നസ്രാണികൾക്ക് എന്നും തേനിനെക്കാൾ പ്രിയങ്കരമാണ്.

മുന്തിരിപ്പഴങ്ങളുടെ വാഴ്‌വിനായി ദൈവമാതാവിന്റെ ഓർമയാചരിക്കുമ്പോൾ (അർമേനിയൻ സഭയിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളിൽ ഇന്നും മുന്തിരിക്കുലകൾ വാഴ്ത്താറുണ്ട്) സ്വർഗീയ മുന്തിരിക്കുലയായ നമ്മുടെ കർത്താവ് പിറന്ന അനുഗൃഹീത മുന്തിരിവള്ളിയും വയലുമായ അമ്മയെ നമുക്കോർക്കാം

കടപ്പാട് : ഫാ ജൂഡ്‌സൺ കൊച്ചുപറമ്പൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group