ദില്ലിയിൽ ക്രൈസ്തവ ദേവാലം പൊളിച്ച സംഭവം മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം – കെ സി വൈ എം മാനന്തവാടി രൂപത

മാനന്തവാടി : ഭാരതത്തിൻറെ മതേതര മൂല്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് രാജ്യതലസ്ഥാനത്ത്, നാനൂറോളം ഇടവകാംഗങ്ങൾ ഉള്ള സീറോ മലബാർ സഭയുടെ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ ദേവാലയം അധികാരികളുടെ ഒത്താശയോടെ പൊളിച്ചു നീക്കിയ സംഭവത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ അടിയന്തിര സെക്രട്ടേറിയറ്റ് മീറ്റിംഗ് പ്രതിഷേധം രേഖപ്പെടുത്തി. ദേവാലയത്തിന് അകത്തുള്ള വിശുദ്ധ വസ്തുക്കൾ അടക്കം വാരി വലിച്ചെറിഞ്ഞുകൊണ്ട്, വലിയ അതിക്രമം അഴിച്ചുവിട്ട ഉദ്യോഗസ്ഥരും അവർക്ക് കൂട്ടുനിന്നവരും വിശ്വാസികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണെന്ന് രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യത്തിനുള്ള പൂർണമായ അവകാശം ഭരണഘടന നൽകുമ്പോഴും അത് ഉറപ്പു വരുത്തുവാൻ ബാധ്യതപ്പെട്ട ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരും തന്നെ ഈ അവകാശങ്ങളെ ഹനിക്കുന്നതിന് കൂട്ടുനിൽക്കുന്നത് തീർത്തും അപലപനീയമാണെന്ന് രൂപതാ സമിതി വിലയിരുത്തി. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി എല്ലാ വിശ്വാസികളും ഒന്നിച്ചുനിൽക്കണമെന്ന് രൂപതാ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ ആവശ്യപ്പെട്ടു. ലിറ്റിൽ ഫ്ലവർ ഇടവക കുടുംബത്തിൻ്റെ ദുഃഖത്തോടൊപ്പം പങ്കുചേരുകയും ഈ സംഭവത്തെ ശക്തമായ രീതിയിൽ അപലപിക്കുകയും,
പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നതായി കെ സി വൈ എം മാനന്തവാടി രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
രൂപത ഭാരവാഹികളായ ഗ്രാലിയ വെട്ടുക്കാട്ടിൽ, ജിയോ ജെയിംസ് മച്ചുകുഴിയിൽ, റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ജിജിന കറുത്തേടം, അഭിനന്ദ് കൊച്ചുമലയിൽ, സി. സാലി എന്നിവർ പ്രതിഷേധം അറിയിച്ച് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group