‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്” സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടo : മാർ ജോർജ് ആലഞ്ചേരി

സി.റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ “ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്” എന്ന സിനിമ സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഒരു പോരാട്ടമാണെന്നും ക്രിസ്തുനാഥന്റെ ത്യാഗ സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഉപകരിക്കുമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ 30 വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രാർത്ഥനാനൃത്തത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ചലച്ചിത്രതാരം സിജോയ് വർഗീസ് സിനിമാ ആസ്വാദനം നടത്തി സംസാരിച്ചു. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ മികവുറ്റതും കലാമൂല്യവുമുള്ള സിനിമയാണ് The Face of the Faceless എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനോടകം മുപ്പതോളം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളഭാഷയിലും അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രം നവംബർ 17ന് തിയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് സെൻട്രൽ പിക്ചേഴ്സ് സംഘാടകർ അറിയിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി., സി. റാണി മരിയയുടെ കഥാപാത്രത്തെ അനശ്വരമാക്കിയ വിൻസി അലോഷ്യസ്, സംവിധായകൻ ഷെയ്‌സൺ പി. ഔസേപ്പ്, നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും എഡിറ്ററുമായ രഞ്ജൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group