ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് മാറ്റം വരില്ലെന്ന പ്രതീക്ഷയിൽ ഇറ്റാലിയൻ മെത്രാൻ സമിതി

The Italian Bishops’ Conference hopes that Christmas celebrations will not change.

റോം: കോറോണയുടെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നു സാഹചര്യത്തിലും ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് മാറ്റം വരില്ലെന്ന പ്രതീക്ഷയിൽ ഇറ്റാലിയൻ മെത്രാൻ സമിതി. ഇപ്പോൾ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് ക്രിസ്തുമസ്സ് ആഘോഷം, അവധിക്കാല തിരുക്കർമ്മങ്ങളുടെ സമയക്രമീകരണം മുതലായ വിഷയങ്ങളാണെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാരിയോ മെയിനി പറഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ (സി.ഇ.ഐ) പ്രസിഡന്റായ കർദ്ദിനാൾ ഗ്വാൽട്ടിയറോ ബസെട്ടി ആശുപത്രിയിലായ സാഹചര്യത്തിൽ സി.ഇ.ഐ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുന്നത് ബിഷപ്പ് മാരിയോ മെയിനിയാണ്. ഇറ്റലിയിലെ ചില ഭാഗങ്ങളിൽ കൊറോണ വ്യാപനം കുറഞ്ഞിട്ടുള്ളത് മെത്രാൻ സമിതിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ കുർബാനകളുടെ തത്സമയ സംപ്രേഷണം, സാമൂഹ്യ അകലം പാലിക്കൽ എന്നിങ്ങനെ ചില മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതും ക്രിസ്തുമസ് കാല തിരുകർമ്മങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്നതിന് പ്രതീക്ഷയാവുകയാണ്. സമീപകാലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങൾ നടത്താമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് മെയിനി ഓർമിപ്പിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പുതിയ കൊറോണ നിയന്ത്രണങ്ങൾ ഡിസംബർ 3 ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2020 ലെ ക്രിസ്തുമസ് വേറിട്ട അനുഭവമായിരിക്കുമെന്നും, കൊറോണയുടെ മൂന്നാം തരംഗം മുന്നിൽക്കണ്ട് ആഘോഷങ്ങൾ ത്യജിക്കേണ്ടത്
അത്യാവശ്യമാണെന്നും നവംബർ 26ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. അതേസമയം ക്രിസ്തുമസ് കുർബാനകൾ, റോമാ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ആശീർവാദം (ഉർബി എറ്റ് ഓർബി), പാപ്പയുടെ ഇതര ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ എന്നിവ സ്വകാര്യതയിൽ ആയിരിക്കുമെന്നും, അവയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും കഴിഞ്ഞ മാസം വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. പുതുവത്സര തിരുകർമ്മങ്ങളും ഇതേ മാനദണ്ഡത്തിലായിരിക്കും നടത്തപ്പെടുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group