മധ്യപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ നയങ്ങളിൽ ആശങ്ക : ഭോപ്പാൽ ആർച്ച് ബിഷപ്പ് ലിയോ കോർണലിയോ

Concerns over BJP government’s policies in Madhya Pradesh: Bhopal Archbishop Leo Cornelio

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ക്രിസ്ത്യൻ മിഷനറിമാർക്കെതിരായ നടപടികൾ മധ്യപ്രദേശിൽ ശക്തമാകുമെന്ന് ആശങ്ക ബലപ്പെടുന്നു. മധ്യപ്രദേശിലെ ആദിവാസി മേഖലകളായ ഉമാരിയ, ബദ്വാനി ജില്ലകളിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം ക്രിസ്ത്യൻ മിഷനറിമാർ ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ആരോപണമുന്നയിച്ചിരുന്നു. ‘ലവ് ജിഹാദ്’നെതിരെ വിവിധ നടപടികൾ സ്വീകരിച്ചു വരുന്ന സർക്കാർ ‘ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2020’ ഡിസംബർ 28-ന് ആരംഭിച്ച ത്രിദിന നിയമസഭാ സമ്മേളനത്തിലൂടെ പാസ്സാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ബിൽ പാസ്സാവുന്നതോടെ ക്രിസ്ത്യൻ മിഷനറിമാർക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

നിർബന്ധിത പരിവർത്തനം നടത്താൻ ആദിവാസി വിഭാഗത്തിന്റെ ദുർബല സാഹചര്യങ്ങളെ ക്രിസ്ത്യൻ മിഷനറിമാർ മുതലെടുക്കുകയാണെന്നും, തെറ്റായ പ്രചരണവും മധ്യപ്രദേശിന്റെ വിവിധ മേഖലകളിൽ ഉടലെടുക്കുന്നുണ്ട്. അവഗണിക്കപ്പെട്ട ആദിവാസികൾ അടങ്ങുന്ന നിർധനരും, നിരാലംബരുമായ സമൂഹത്തെ കൈപിടിച്ചുയർത്തുന്ന ക്രൈസ്തവ മിഷനറിമാരെ വ്യാജ ആരോപണങ്ങളിലൂട തടയാനാണ് സംസ്ഥാന നേതൃത്വo ലക്ഷ്യം വെയ്ക്കുന്നത്. ഭോപ്പാൽ മെത്രപ്പോലീത്താ ലിയോ കോർണലിയോ ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരണം അറിയിച്ചിരുന്നു. വിശ്വാസ പരിവർത്തനം മനുഷ്യന്റെയല്ല മറിച്ച് ദൈവത്തിന്റെ പ്രവർത്തിയാണെന്നും മെത്രാപ്പോലീത്ത ലിയോ പറഞ്ഞു.

ബി.ജെ.പി രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ചൗഹാന്റെ ആരോപണമെന്നും മത-വർഗ്ഗീയ വാദത്തെ ലോകം എന്നും അവഗണിച്ചിട്ടേയുള്ളൂ എന്നും മെത്രാപ്പോലീത്ത പറഞ്ഞു. സമൂഹത്തിൽ വിഭാഗീയത വളർത്തുന്ന നയങ്ങൾ സ്വീകരിക്കുന്നത് നിർത്തലാക്കണമെന്നും പറഞ്ഞ മെത്രോപ്പൊലീത്ത ക്രൈസ്തവരുടെ മേൽ നിരവധി വ്യാജ കേസുകൾ ചുമത്തപ്പെട്ടതും ചൂണ്ടിക്കാട്ടിയിരുന്നു. മധ്യപ്രദേശിൽ ക്രൈസ്തവർക്കെതിരായ നിയമനടപടികൾ തുടരുന്നത് ഇതാദ്യമായിട്ടല്ലെന്നും മുൻപും ഇത്തരം നടപടികൾ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ മുൻ മുഖ്യമന്ത്രി ഉമാ ഭാരതിയുടെ കീഴിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഓർമ്മപ്പെടുത്തി. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതസ്വാതന്ത്രം അനുവദിക്കപ്പെടുമ്പോളും ഒരു മതവിഭാഗം മാത്രമായി ഇത്തരം അവഗണനകളും ആരോപണങ്ങളും നേരിടുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group