കന്യാസ്ത്രീയെക്കൊണ്ട് മാപ്പുപറയിക്കാൻ നടന്നവരും മാപ്പ് കേൾക്കാൻ കാത്തിരുന്നവരും

കത്തോലിക്കാ സഭയ്‌ക്കെതിരെ വിവാദമുണ്ടാക്കാൻ തലപുകയ്ക്കുന്നവർക്കും അത് വിറ്റ് കാശാക്കി അരിവാങ്ങാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവർക്കും ക്രൈസ്തവ സന്യസ്തർ നല്ലൊരു ഇരയാണ്. ഒരു വിവാദത്തിനോ വൈറലാകാനുള്ള വർത്തയ്ക്കോ യാതൊരു സാധ്യതയുമില്ലെങ്കിലും ഒരു കന്യാസ്ത്രീയുടെ മുഖം ചേർത്തുവച്ചാൽ സാധ്യതകൾ താനെ തെളിഞ്ഞുവരും. കഴിഞ്ഞ രണ്ടുദിവസമായി മാനന്തവാടി ലിറ്റിൽഫ്ളവർ സ്‌കൂൾ പ്രധാനാധ്യാപികയായ സന്യാസിനിയെ എയറിൽ നിർത്താൻ പരമാവധി ശ്രമിച്ചവരാണ് കേരളത്തിലെ ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങളും. സിസ്റ്റർ പറഞ്ഞതും പറയാത്തതും ശത്രുതയോടെ പലരും പറഞ്ഞു പരത്തിയതുമായ പലതും ചേർത്തും, യഥാർത്ഥത്തിൽ പറഞ്ഞതും സംഭവിച്ചതും പലതും മറച്ചുവച്ചും പലരും തരംപോലെ വാർത്തകൾ സൃഷ്ടിച്ചു.

കർണ്ണാടകയിലെ ഹിജാബ് വിവാദത്തിന് അനുബന്ധമായി ശൂന്യതയിൽനിന്ന് ചിലർ സൃഷ്ടിച്ചെടുത്ത ഒരു വിവാദത്തിന് പിന്നാലെ, പട്ടികൾ എല്ലിൻകഷ്ണത്തിന് പിറകെ എന്നതുപോലെ പരക്കം പായുന്നത് കണ്ടപ്പോൾ വാസ്തവത്തിൽ സഹതാപമാണ് തോന്നിയത്. ഒരു സ്‌കൂളിന്റെ പ്രധാനാധ്യാപികയെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപിപ്പിച്ച്, നിയമവിരുദ്ധമായും, അധാർമ്മികമായും ഒളിക്യാമറ വച്ച് റെക്കോർഡ് ചെയ്ത ഒരു വീഡിയോ! അതേ വീഡിയോ തന്നെ പൂർണ്ണമായി ഒറ്റത്തവണ കണ്ടാൽ സംഭവങ്ങളെല്ലാം വ്യക്തം. ഒരു വിവാദം സൃഷ്ടിക്കാൻ പറ്റുന്നതെന്തെങ്കിലും ഉണ്ടാക്കിയെടുക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് ഈ നാടകത്തിന് പിന്നിൽ മുതിർന്ന മദ്രസ അധ്യാപകന് ഉണ്ടായിരുന്നത് എന്നതിൽ സംശയമില്ല. എന്നാൽ അതേ വിഷയം കത്തോലിക്കാ സന്യസ്തർക്കെതിരെയുള്ള ഒരായുധം കൂടിയാണെന്ന് കണ്ടപ്പോൾ പലർക്കും വല്ലാതെ ഇഷ്ടപ്പെട്ടു. ഒരു മൊബൈൽ മാത്രമുണ്ടെങ്കിൽ ആർക്കും മാധ്യമപ്രവർത്തകനാകാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടെന്നുവച്ച് കുറേപ്പേർ വളരെ മാന്യമായി ചെയ്യുന്ന ഒരു തൊഴിലിനെ വ്യഭിചരിച്ചു ജീവിക്കാമെന്ന് കരുതുന്നവരോട് പുച്ഛം മാത്രം. അഴുകിയതും ദുർഗന്ധം വമിക്കുന്നതും മാത്രം കണ്ടെത്തുന്ന, കഴുകനെപ്പോലെ അത്തരം ഓൺലൈൻ മാധ്യമങ്ങൾ മാത്രം പരതിനടക്കുന്നവരോടും അതേ വികാരം മാത്രം.

കത്തോലിക്കാ സഭ മുട്ടുമടക്കി, സന്യാസിനി മാപ്പു പറഞ്ഞു എന്നൊക്കെയാണ് പലരുടെയും വീഡിയോകളുടെയും വാർത്തകളുടെയും ടൈറ്റിൽ. ആ ടൈറ്റിൽ മാത്രം വായിച്ച് അതിരറ്റ് ആഹ്ലാദിക്കുന്ന കുറെ വിചിത്ര ജീവികളെയും സോഷ്യൽമീഡിയയിൽ കാണാം. പ്രിയപ്പെട്ടവരേ, ക്ഷമാപണം നടത്തി എന്നുള്ളതിന് കുറ്റമേറ്റ് പറഞ്ഞു മാപ്പ് ചോദിച്ചു എന്നുമാത്രമല്ല അർത്ഥം. തെറ്റുപറ്റി എന്നതിന് തന്റെ ഭാഗത്താണ് മുഴുവൻ തെറ്റുകളും എന്ന അർത്ഥവുമില്ല. ഒരുപക്ഷെ, അത്തരമൊരാൾ സംസാരിക്കാൻ വന്നപ്പോൾ മറച്ചുവെച്ച കാപട്യം തിരിച്ചറിയാതെ അയാളോട് സംസാരിക്കാൻ പോയതാകാം അവർ ചെയ്ത തെറ്റ്. സ്വന്തം മകളെപ്പോലെ കരുതുന്ന ഒരു പെൺകുട്ടിയുടെ പിതാവിനോടുള്ള വിശ്വാസം അതിരുകവിഞ്ഞതുമാകാം. തെറ്റുകൾ ഒരിക്കലും സ്വയം അംഗീകരിക്കാതെ പരസ്പരം ആരോപിക്കാൻ മത്സരിക്കുന്ന ഒരു വലിയ ലോകത്തിന് നടുവിലും, സ്വന്തം തെറ്റുകൾ, അതെത്ര ചെറുതായാലും തിരിച്ചറിയുകയും സമ്മതിക്കാൻ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ചെറുസമൂഹം കൂടിയാണ് സന്യസ്തർ.

മാപ്പ് പറയിക്കാൻ കഷ്ടപ്പെട്ടവർക്കും, പറയാത്ത മാപ്പ് പറഞ്ഞുകേട്ടവർക്കും ആഗ്രഹം ഒന്നുമാത്രമേയുള്ളൂ എന്നറിയാം, ആ വെളുത്ത വസ്ത്രത്തിൽ അൽപ്പം ചെളി പുരട്ടുക. ഇതിലും വലിയ കെണികൾ ഒരുക്കിയാലും അത് മാത്രം സംഭവിക്കില്ല എന്ന് ഉറപ്പിച്ചോളൂ. കാരണം, സന്യസ്തരുടെ ഉറപ്പും ആശ്രയവും എല്ലാ കെണികളെയും അതിജീവിച്ച ക്രിസ്തുവാണ്. ചതിക്കുഴികൾ ഒരുക്കി പലരും കാത്തിരിക്കുന്നുണ്ട് എന്ന് ഉറപ്പുണ്ടെങ്കിലും വേട്ടക്കാരന്റെ ഉള്ളിലിരിപ്പോടെ മുന്നിൽ വന്നു സംസാരിക്കുന്നവർ ഇനിയുമുണ്ടായാലും അവരുടെ മക്കളുടെയും ഭാവിയെക്കുറിച്ച് നീറുകയും, അവരെക്കുറിച്ച് കരുതലുള്ളവളാകുകയും ചെയ്യാൻ ഒരു സന്യസ്തക്ക് പറ്റും, അവൾക്കേ പറ്റൂ… ഇതിലും വലിയ കെണിയിൽ വീഴ്ത്താൻ ആരൊക്കെ ശ്രമിച്ചാലും ഇനിയും അത് തുടരുകയും ചെയ്യും. കാരണം നിരുപാധികം സ്നേഹം പകർന്നുനൽകാനും, കഴിയാവുന്നിടത്തോളംപേരെ കൈപിടിച്ചുനടത്താനുമാണ് അവൾ സന്യാസ വസ്ത്രം സ്വീകരിച്ചത്.

ഇനി, ആ വസ്ത്രത്തെക്കുറിച്ചോർത്ത് വിലപിക്കുന്നവരോടും അതിന്റെ മതാത്മകതയെക്കുറിച്ചോർത്ത് അസ്വസ്ഥതപ്പെടുന്നവരോടും. ഹിജാബ് മുതൽ നിഖാബ് വരെ ഇക്കൂട്ടർ ഘട്ടം ഘട്ടമായി അടിച്ചേൽപ്പിക്കുന്ന വിധത്തിലുള്ള പുതുമയല്ല ഈ ലോകത്തിൽ സന്യാസവസ്ത്രം. രാജ്യത്തിന്റെയോ സ്ഥാപനങ്ങളുടെയോ നിയമങ്ങളെ വെല്ലുവിളിക്കാനുള്ളതുമല്ല. അത് അവളുടെ സമർപ്പണത്തിന്റെയും പരിത്യാഗത്തിന്റെയും അടയാളവും സ്വന്തം ജീവിതത്തെ ഉപേക്ഷിച്ച് സഹജീവികൾക്കുവേണ്ടി ജീവിക്കാനുള്ള സന്നദ്ധതയുടെ പ്രകടനവുമാണ്. അത് നൂറ്റാണ്ടുകൾ പഴക്കമുള്ളതുമാണ്. എത്രമാത്രം തകർന്നതും തളർന്നതുമായ ജീവിതാവസ്ഥയിലൂടെ നിങ്ങൾ കടന്നുപോവുകയാണെങ്കിലും ഈ സന്യാസവസ്ത്രം ധരിച്ച ഒരാളുടെ പക്കൽ മടിക്കാതെ നിങ്ങൾക്ക് അഭയം തേടാം. അത്തരത്തിലുള്ള പതിനായിരങ്ങൾക്ക് ഈ നാട്ടിൽതന്നെ അഭയം നൽകുന്നവരുമാണ് സന്യസ്‌തർ. അതാണ് നിങ്ങളുടെ വസ്ത്രവും ഞങ്ങളുടെ വസ്ത്രവും തമ്മിലുള്ള വ്യത്യാസവും.

അതിനാൽ, കേവലം ചില ഗോഷ്ഠികൾ കാണിച്ച് ഭയപ്പെടുത്താനും തോൽപ്പിക്കാനും കഴിയുന്നവരാണെന്നോ, വിരട്ടി മുട്ടുകുത്തിക്കാൻ കഴിയുന്നവരാണെന്നോ ഞങ്ങളെന്ന ചിന്ത വേണ്ട. തുറന്ന മനസോടെ ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും, ക്ഷമ ചോദിക്കേണ്ടിടത്ത് ക്ഷമ ചോദിക്കാനുമുള്ള സന്നദ്ധതയെ ബലഹീനതയായി കാണരുതെന്നും അപേക്ഷിക്കുന്നു.

കടപ്പാട്:-വോയ്‌സ് ഓഫ് നൺസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group