താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്‌; പ്രായോഗിക പരിഹാരം കാണണം : മനുഷ്യാവകാശ കമ്മീഷൻ

ഗതാഗതക്കുരുക്ക്‌ തുടർക്കഥയാകുന്ന താമരശേരി ചുരത്തിൽ
പ്രായോഗിക പരിഹാരം കണ്ടേ തീരൂവെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കഴിഞ്ഞ ദിവസം ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായ സാഹചര്യത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. കമ്മീഷൻ ഈ വിഷയത്തിൽ കഴിഞ്ഞ ജനുവരിയിൽ ഇടപെട്ടിരുന്നു. അന്ന് ജില്ലാ കളക്ടർമാരും പൊലീസ് മേധാവികളും സമർപ്പിച്ച റിപ്പോർട്ടുകളിൻ മേൽ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നിർദേശിച്ചു.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വയനാട്, കോഴിക്കോട് ജില്ലാ കലക്ടർമാരും പൊലീസ് മേധാവികളും കൂടുതലായി എന്ത് നടപടി സ്വീകരിച്ചെന്ന് ഒരു മാസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദേശിച്ചു.

അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി സിദ്ദിഖ് നിവേദനം നല്‍കി. രാഹുൽ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുമ്പിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയെന്ന് എംഎല്‍എ പറഞ്ഞു. ഗതാഗത കുരുക്കിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്ന് MLA ടി സിദ്ദിഖ് കുറ്റപ്പെടുത്തി.
ജനപ്രതിനിധിയായ താൻ 14 തവണ ഗതാഗതക്കുരുക്കിൽപ്പെട്ടുവെന്നാണ് സിദ്ദിഖ് പറയുന്നത്. നിയമസഭക്കകത്തും പുറത്തും ശബ്ദിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉറക്കം നടിക്കുന്നു. താമരശ്ശേരി ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാക്കുരുക്കിന് ശാശ്വത പരിഹാരമായി നേരത്തെ ആലോചിച്ച പദ്ധതിയായ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസും പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡും യാഥാർത്ഥ്യമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group