കാന്‍സര്‍‌ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയ മരുന്നുമായി യു.എസ് ഗവേഷകര്‍

കാൻസര്‍‌ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന AOH1996 മരുന്ന് വികസിപ്പിച്ചെടുത്ത് യു.എസില്‍ നിന്നുള്ള ഗവേഷകര്‍. കാൻസര്‍ ചികിത്സയ്ക്കു പേരുകേട്ട കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് ഹോപ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

സിറ്റി ഓഫ് ഹോപ് ഹോസ്പിറ്റലില്‍ മരുന്നിന്റെ ആദ്യഘട്ടപരീക്ഷണം നടക്കുകയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സെല്‍ കെമിക്കല്‍ ബയോളജി എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2005-ല്‍ ന്യൂറോബ്ലാസ്റ്റോമ എന്ന കാൻസര്‍ ബാധിച്ച്‌ മരണമടഞ്ഞ അന്ന ഒലിവിയ ഹെയ്ലി എന്ന പെണ്‍കുട്ടിക്ക് ആദര സൂചകമായാണ് ഈ പേരുനല്‍കിയിരിക്കുന്നത്. കുട്ടികളെ ബാധിക്കുന്ന ന്യൂറോബ്ലാസ്റ്റോമ പിടിപെട്ടാണ് ഒൻപതുകാരിയായ അന്ന മരണപ്പെട്ടത്. ഇന്ത്യാനയില്‍ ജനിച്ച അന്നയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവളുടെ മരണവാര്‍ത്ത വന്നപ്പോള്‍ മുതല്‍ കരുതിയിരുന്നുവെന്നും അങ്ങനെയാണ് ഈ പേരുനല്‍കാൻ തീരുമാനിച്ചത് എന്നും ആശുപത്രിയിലെ മോളിക്യുലാര്‍ ഡയ്നോസ്റ്റിക്സ് & എക്സ്പെരിമെന്റല്‍ തെറാപ്യൂട്ടിക്സ് വിഭാഗം പ്രൊഫസറായ ലിൻഡാ മല്‍കാസ് പറഞ്ഞു.

അന്ന മരണപ്പെടുന്നതിന് മുൻപ് ലിൻഡ അവളുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അന്നയുടെ അവസാന നാളുകളില്‍ അവളുടെ അച്ഛനെ കണ്ടിരുന്നു. ന്യൂറോബ്ലാസ്റ്റോമ ബാധിച്ചവര്‍ക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അങ്ങനെയാണ് വികസിപ്പിച്ച മരുന്നിന്റെ പേര് അന്നയ്ക്ക് ആദരമായി നല്‍കാൻ തീരുമാനിച്ചത്-ലിൻഡാ പറഞ്ഞു.

രണ്ടു ദശാബ്ദക്കാലത്തെ ഗവേഷണത്തിനു ശേഷമാണ് AOH1996 വികസിപ്പിച്ചെടുത്തതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പി.സി.എൻ.എ. എന്ന പ്രോട്ടീനിനെ (Proliferating Cell Nuclear Antigen) കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തുക. ഇവയ്ക്ക് പരിവര്‍ത്തനം സംഭവിക്കുന്നതാണ് കാൻസര്‍ ട്യൂമറുകള്‍ക്ക് തഴച്ചുവളരാൻ സഹായിക്കുന്നത്. അതു തടയാനുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്തനങ്ങള്‍, പ്രോസ്റ്റേറ്റ്, മസ്തിഷ്കം, അണ്ഡാശയം, കഴുത്ത് തുടങ്ങിയ നിരവധിഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ പ്രസ്തുത മരുന്ന് സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group