വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജിലുമോള്‍ക്കും അംഗീകാരം

സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂര്‍ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ എറണാകുളം ജില്ലയിലെ ജിലുമോള്‍ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് കോഴിക്കോട് ജില്ലയിലെ വിജി പെണ്‍കൂട്ട്, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ അര്‍ഹരായി.

സ്ത്രീ ശാക്തീകരണ രംഗത്ത് 25 വര്‍ഷങ്ങളുടെ അധ്യായം എഴുതിച്ചേര്‍ത്ത് സാമ്ബത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാന്‍ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നല്‍കും.

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും ഇന്ന് വൈകുന്നേരം 3 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്‌ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഇതോടനുബന്ധിച്ച്‌ വിവിധങ്ങളായ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍, മത്സരങ്ങള്‍, മറ്റ് കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഇതോടൊപ്പം രാത്രി യാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.

സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടാന്‍ സ്ത്രീകള്‍ തന്നെ നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ ചരിത്രം ഓര്‍മ്മിക്കുന്നതിന്റെയും ലക്ഷ്യ പ്രാപ്തിയ്ക്കായി പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ലോകമെങ്ങും മാര്‍ച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിച്ചു വരുന്നത്. ‘Inspire Inclusion: Invest in Women: Accelerate Progress’ എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group