സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീൻസ്, അമരപ്പയർ, കോളിഫ്ളവർ എന്നിവയ്ക്കെല്ലാം വില കൂടിത്തുടങ്ങി.
ഒരാഴ്ചകൊണ്ട് 10-50 രൂപയുടെ വർധനയാണ് പച്ചക്കറികളുടെ വിലയിലുണ്ടായത്.
കറികളില്‍ ഒഴിച്ചുകൂടാനാകാത്ത പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. പച്ചമുളക് നീളന് കിലോയ്ക്ക് 140-150 രൂപയാണ് എറണാകുളത്തെ വില. എന്നാല്‍, ചിലയിടങ്ങളില്‍ വില ഇതിലും കൂടുതലാണ്. ഉണ്ട മുളകിന് 145-155 രൂപ വരെ വിലയുണ്ട്. തക്കാളിക്ക് കിലോയ്ക്ക് 80-100 രൂപയായി. ഒരാഴ്ചകൊണ്ട് 40 രൂപയാണ് കൂടിയത്. ചില സൂപ്പർ/ഹൈപ്പർ മാർക്കറ്റുകളില്‍ വില ഇതിലും കൂടുതലാണ്. ഇഞ്ചി വില 200 രൂപയില്‍ തുടരുകയാണ്. ബീൻസിന് കിലോയ്ക്ക് 180 രൂപയിലാണ് വ്യാപാരം. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവയ്ക്ക് നേരിയ രീതിയില്‍ വില വർധന പ്രകടമാണ്.
പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികള്‍ എത്തുന്നത്. വേനല്‍ ശക്തമായത് കൃഷിനാശത്തിന് കാരണമായി. ഒപ്പം, മഴ നേരത്തേ എത്തിയതും ഉത്പാദനത്തെ ബാധിച്ചു.
വിപണിയില്‍ നിലവിലെ സ്ഥിതി തുടർന്നാല്‍ പച്ചക്കറി വിലയില്‍ വലിയ കുതിപ്പ് പ്രകടമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, കാരറ്റ്, വെണ്ടയ്ക്ക, ഏത്തയ്ക്ക തുടങ്ങിയവയ്ക്ക് നേരിയ വിലയിടിവ് പ്രകടമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group